ന്യൂഡൽഹി: അക്രമം രൂക്ഷമായ മണിപ്പൂരിലെ ജനങ്ങളുടെ വേദനയോട് മോദി സർക്കാരിന് നിസംഗ മനോഭാവമാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. പ്രതിപക്ഷ സഖ്യമായ ഇൻഡ്യയുടെ എം.പിമാർ സംസ്ഥാനത്ത് നടത്തിയ സന്ദർശനത്തിൽ ജനങ്ങളിൽ നിന്നും വേദനനിറഞ്ഞ കഥകളാണ് അറിഞ്ഞതെന്നും മെയ്തെയ് - കുക്കി വിഭാഗങ്ങൾ തമ്മിലുള്ള ചേരിതിരവ് ഗൗരവമുള്ള വിഷയമാണെന്നും ഖാർഗെ കൂട്ടിച്ചേർത്തു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.
"മണിപ്പൂരിൽ കലാപം രൂക്ഷമായപ്പോഴും മോദി സർക്കാരിന് നിസംഗമനോഭാവമാണ്. വേദനിപ്പിക്കുന്ന കഥകളാണ് 'ഇൻഡ്യ' എം.പിമാർ മണിപ്പൂർ സന്ദർശനത്തിനിടെ ജനങ്ങളിൽ നിന്നും അറിഞ്ഞത്.
-സംസ്ഥാനത്ത് ദുരിതാശ്വാസ കാമ്പുകളിൽ കഴിയുന്ന നിരപരാധികളായ പതിനായിരത്തോളം കുട്ടികൾ ഉൾപ്പെടെ 50,000പേർക്ക് കൃത്യമായി മരുന്നോ ഭക്ഷണോ ലഭിക്കുന്നില്ല.
-കുട്ടികൾക്ക് സ്കൂളിൽ പോകാൻ സാധിക്കുന്നില്ല. കർഷകർ കൃഷി നിർത്തിയതോടെ സംസ്ഥാനത്തെ സാമ്പത്തികപ്രവർത്തനങ്ങൾ സ്തംഭിച്ചു. സാമ്പത്തിക പ്രതിസന്ധികൾ കൊണ്ട് ജനം വലയുകയാണ്.
സമുദായങ്ങൾ തമ്മിലുള്ള ചേരിതിരിവ് ഗൗരവമുള്ള വിഷയമാണ്. തെരഞ്ഞെടുപ്പ് റാലികളിലും, സ്വന്തം പി.ആർ വർക്കുകളിലും, ട്രെയിൻ ഉദ്ഘാടനങ്ങളിലും, ബി.ജെ.പി മീറ്റിങ്ങുകളിലും പങ്കെടുക്കുന്നതൊഴിച്ചാൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മണിപ്പൂരിലെ ജനങ്ങളുടെ പ്രയാസങ്ങൾ അഭിസംബോധന ചെയ്യാനോ അവരുടെ പ്രയാസങ്ങൾക്ക് പരിഹാരം കാണാനോ സമയമില്ല. പാർലമെന്‍റിൽ സമഗ്രമായ ഒരു പ്രസ്താവനയിറക്കാൻ പോലും തയ്യാറാകാത്തതിൽ നിന്നും മണിപ്പൂർ വിഷയത്തെ സമീപിക്കുന്നതിൽ മോദി സർക്കാരിനുള്ള വ്യക്തതയില്ലായ്മയും താത്പര്യക്കുറവുമാണ് ഇത് പ്രകടമാക്കുന്നത്" ഖാർഗെ കുറിച്ചു.
കഴിഞ്ഞ ദിവസമായിരുന്നു വിശാല പ്രതിപക്ഷ സഖ്യമായ 'ഇൻഡ്യ'യുടെ 21 എം.പിമാർ മണിപ്പൂർ സന്ദർശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.