ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഷഹീൻ ബാഗിൽ പ്രതിഷേധസമരം നടത്തുന്നവരുമായി കേന്ദ്രസർക്കാർ ചർച്ചക്ക് തയാറാണെന്ന് നിയമ-പാർലമെൻററികാര്യമന്ത്രി രവിശങ്കർ പ്രസാദ്. മോദി സർക്കാർ ഷഹീൻബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ തയാറാണെന്നും പൗരത്വ ഭേദഗതി നിയമത്തിൽ അവർക്കുള്ള സംശയങ്ങൾ ദൂരീകരിക്കുമെന്നും രവിശങ്കർ പ്രസാദ് ട്വിറ്ററിലൂടെ അറിയിച്ചു.
എന്നാൽ ചർച്ച പ്രത്യേക ഘടനക്കുള്ളിൽ നിന്ന് മാത്രമേ നടക്കൂയെന്നും മന്ത്രി വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമം, എൻ.പി.ആർ, എൻ.ആർ.സി എന്നിവക്കെതിരായ ഷഹീൻ ബാഗിലെ പ്രതിഷേധം 45 ദിവസം പിന്നിട്ടു. സ്ത്രീകളുടെ നേതൃത്വത്തിൽ ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന സമരം ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ നിർണയാകമാകുമെന്ന അവസ്ഥയിലാണ് പ്രതികരിക്കാൻ കേന്ദ്രമന്ത്രി തയാറായിരിക്കുന്നത്.
"സർക്കാർ ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി സംസാരിക്കാൻ തയാറാണ്. എന്നാൽ അത് ഘടനാപരമായ രൂപത്തിൽ ആയിരിക്കണം. അങ്ങനെയെങ്കിൽ നരേന്ദ്രമോദി സർക്കാർ അവരുമായി ആശയവിനിമയം നടത്തുകയും സി.എ.എക്കെതിരായുള്ള അവരുടെ സംശയങ്ങൾ ദൂരീകരിക്കുകയും ചെയ്യും’’- രവിശങ്കർ പ്രസാദ് വ്യക്തമാക്കി. ഇന്ന് രാവിലെയാണ് നിയമമന്ത്രി ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നാൽ ഇതുവരെ ഷഹീൻബാഗ് പ്രതിഷേധക്കാൻ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.