പാട്യാല: ജൂൺ ഒന്നിന് വോട്ടെടുപ്പ് നടക്കുന്ന പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുമ്പോൾ കടുത്ത നിലപാടുമായി കർഷക സംഘടനകൾ. പഞ്ചാബിലെ കർഷക പ്രക്ഷോഭത്തിന്റെ ചൂടറിഞ്ഞ എൻ.ഡി.എ സ്ഥാനാർഥികൾക്കുപിന്നാലെ, മോദിയെയും പ്രചാരണത്തിന് അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രക്ഷോഭകർ. ‘ഫെബ്രുവരിയിൽ സമര കാലത്ത് അവർ ഞങ്ങളെ ഡൽഹിയിലേക്ക് കടക്കാൻ സമ്മതിച്ചില്ല. മോദിയുമായി കൂടിക്കാഴ്ചക്കും അവർ അനുവാദം നൽകിയില്ല. അതിനാൽ, ഞങ്ങളെല്ലാവരും നാളെ പാട്യാലയിലേക്ക് മാർച്ച് ചെയ്യുകയാണ്. അവർക്ക് അവരുടെ ചെയ്തികളാണ് ജനാധിപത്യമെങ്കിൽ ഞങ്ങൾക്ക് ഞങ്ങളുടെ നിലപാടുകളാണ് ജനാധിപത്യം ’’- കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി ചെയർമാൻ സ്വരൺ സിങ് പാന്തർ മാധ്യമങ്ങളോട് പറഞ്ഞു. മോദിക്കെതിരെ കരിങ്കൊടി കാണിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വ്യാഴാഴ്ച പാട്യാലയിൽ ബി.ജെ.പി സ്ഥാനാർഥി പ്രണീത് കൗറിന്റെ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ആദ്യം പങ്കെടുക്കുക. റാലി നടക്കുന്ന പോളോ ഗ്രൗണ്ടിലേക്ക് തങ്ങളും മാർച്ച് ചെയ്യുമെന്ന് സംയുക്ത കിസാൻ മോർച്ച (നോൺ പൊളിറ്റിക്കൽ) നേതാക്കൾ വ്യക്തമാക്കി. മൈതാനത്ത് തങ്ങൾക്കും സ്ഥലം അനുവദിക്കണമെന്ന് അധികാരികളോട് അവർ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, മൈതാനത്തിൽനിന്ന് അര കിലോമീറ്റർ മാറി മറ്റൊരിടത്ത് പ്രതിഷേധക്കാർക്ക് സ്ഥലം അനുവദിച്ചിട്ടുണ്ട്. അതുമതിയാകില്ലെന്ന നിലപാടിലാണ് കർഷകർ. ശാംഭു അതിർത്തിയിൽ കർഷക പ്രക്ഷോഭം നൂറുദിവസം പിന്നിടുന്ന ദിവസം കൂടിയാണ് വ്യാഴാഴ്ച. മോദിക്കെതിരായ പ്രക്ഷോഭത്തിൽ പങ്കുചേരുമെന്ന് സംയുക്ത കിസാൻ മോർച്ചയും യുനൈറ്റഡ് കിസാൻ മോർച്ചയും വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാനപ്പെട്ട മൂന്ന് കർഷക സംഘടനകളും മോദിക്കെതിരെ രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ചതോടെ, വൻ പ്രതിഷേധത്തിന് വ്യാഴാഴ്ച പാട്യാല സാക്ഷ്യം വഹിച്ചേക്കും.
കർഷക പ്രക്ഷോഭത്തിന്റെ അനുരണനങ്ങൾ പഞ്ചാബിലും ഹരിയാനയിലും ബി.ജെ.പിക്ക് വലിയ ക്ഷീണം ചെയ്തിട്ടുണ്ട്. പഞ്ചാബിലെ കർഷക ഗ്രാമങ്ങളിൽ പലയിടത്തും ബി.ജെ.പി സ്ഥാനാർഥികൾക്ക് പ്രവേശനം പോലും നിഷേധിക്കപ്പെട്ട സാഹചര്യമുണ്ടായി. ഇതിനിടയിലാണ് ഈ സ്ഥാനാർഥികൾക്ക് വോട്ടഭ്യർഥിച്ച് മോദി വരുന്നത്. പാട്യാലയിലെ പരിപാടിക്കുശേഷം മോദി നാളെ ഗുർദാസ് പൂരിലും ജലന്ധറിലും പ്രചാരണ റാലികളിൽ പങ്കെടുക്കുന്നുണ്ട്. അവിടെയും പ്രതിഷേധത്തിന് സാധ്യതയുണ്ട്.
അതിനിടെ, കർഷക നേതാക്കൾ സംയമനം പാലിക്കണമെന്ന് പഞ്ചാബ് ബി.ജെ.പി ഘടകം ആവശ്യപ്പെട്ടു. സമരക്കാരുമായി ചർച്ചയാകാമെന്നും അവർ ഉറപ്പുനൽകി. സമരത്തിന്റെ പശ്ചാത്തലത്തിൽ മോദിയുടെ സുരക്ഷ വർധിപ്പിച്ചു. പ്രധാനമന്ത്രിയുടെ ഓഫിസിലെ സുരക്ഷാ ഉദ്യോഗസ്ഥർ ബുധനാഴ്ച പാട്യാലയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.