ഹൈദരാബാദ്: രാജ്യത്ത് വിദ്വേഷം അവസാനിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. മോദിയും ആർ.എസ്.എസും കടുത്ത ചിന്താഗതിക്കാരുമാണ് വിദ്വേഷം പടർത്തുന്നതെന്നും തെലങ്കാനയിലെ നാംപള്ളിയിൽ തെരഞ്ഞെടുപ്പ് റാലിയിൽ അദ്ദേഹം ആരോപിച്ചു.
മോദിക്കെതിരായ പോരാട്ടം തുടങ്ങിയപ്പോൾ തനിക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ 24 കേസുകൾ ചുമത്തി. ഇതോടെ കോടതിയിൽനിന്ന് നോട്ടീസുകൾ വരാൻ തുടങ്ങി. ആദ്യം അപകീർത്തി കേസിൽ രണ്ടു വർഷത്തെ ശിക്ഷ ലഭിച്ചു. ലോക്സഭാംഗത്വം റദ്ദാക്കി. സർക്കാർ അനുവദിച്ച വീട് ഒഴിയേണ്ടിവന്നു. എനിക്ക് വീട് വേണ്ട. ദരിദ്രരായ കോടിക്കണക്കിന് ഇന്ത്യക്കാരുടെ ഹൃദയമാണ് എന്റെ വീട്. ഇത് പ്രത്യയശാസ്ത്ര പോരാട്ടമാണ്. ഇതിൽ വിട്ടുവീഴ്ചയില്ല.
മോദിയെ പരാജയപ്പെടുത്താൻ ആദ്യം തെലങ്കാനയിൽ കെ. ചന്ദ്രശേഖർ റാവുവിനെ തോൽപിക്കണം. എ.ഐ.എം.ഐ.എം പ്രസിഡന്റ് അസദുദ്ദീൻ ഉവൈസിയെയും രാഹുൽ വിമർശിച്ചു. തന്റെ പിന്നാലെ ഇ.ഡിയും സി.ബി.ഐയുമുണ്ട്. എന്നാൽ, മോദിയെ സഹായിക്കുന്നതുകൊണ്ട് ഉവൈസിക്കെതിരെ ഒരു കേസുമില്ല. കോൺഗ്രസിനെ തകർക്കാനും ബി.ജെ.പിയെ സഹായിക്കാനുമാണ് എ.ഐ.എം.ഐ.എം എല്ലാ സംസ്ഥാനങ്ങളിലും സ്ഥാനാർഥികളെ നിർത്തുന്നതെന്നും രാഹുൽ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.