ന്യൂഡൽഹി: റഫാൽ കരാർ ഉറപ്പിച്ചതിനു തൊട്ടുപിന്നാലെ അനിൽ അംബാനിയുടെ കമ്പനിക്ക് ഫ്രഞ്ച് സർക്കാർ കോടികളുടെ നികുതിയിളവ് നൽകിയെന്ന വെളിപ്പെടുത്തൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വീണ്ടുമൊരിക്കൽക്കൂടി പ്രശ്നക്കുരുക്കിലാക്കി. അംബാനിക്ക് 30,000 കോടി രൂപയുടെ ഇടപാട് വഴിവിട്ട് നേടിക്കൊടുത്തുവെന്ന് ചൂണ്ടിക്കാട്ടി ‘ചൗക്കീദാർ ചോർ ഹെ’ വിളി ഉയർത്തുന്ന കോൺഗ്രസിനും മറ്റു പ്രതിപക്ഷ പാർട്ടികൾക്കും തെരഞ്ഞെടുപ്പു നേരത്ത് മറ്റൊരു ആയുധമായി മാറുകയാണ് പുതിയ വെളിപ്പെടുത്തൽ.
റഫാൽ ഇടപാട് പരിശോധിച്ച സുപ്രീംകോടതിയിൽനിന്ന് ക്ലീൻ ചിറ്റ് കിട്ടിയെന്ന അവകാശവാദമാണ് മോദിസർക്കാർ ഇതുവരെ നടത്തിക്കൊണ്ടിരുന്നത്. എന്നാൽ, പ്രതിരോധ മന്ത്രാലയത്തിൽനിന്ന് ചോർന്ന രേഖകൾ റഫാൽ കേസിെൻറ പുനഃപരിേശാധന വേളയിൽ പരിഗണിക്കാനുള്ള സുപ്രീംകോടതി തീരുമാനം തിരിച്ചടിയായി മാറിയതിനു പിന്നാലെയാണ് പുതിയ വെളിപ്പെടുത്തൽ.
വർഷങ്ങളായി നികുതി കുടിശ്ശികയിൽ ഒരു ഇളവും നൽകാതിരുന്ന ഫ്രഞ്ച് സർക്കാർ റഫാൽ കരാറിന് തൊട്ടുപിന്നാലെ 1120 കോടി രൂപ വേണ്ടെന്നുവെച്ചത് സ്വാഭാവിക നടപടി മാത്രമാണെന്ന് പറഞ്ഞു ഫലിപ്പിക്കാൻ പ്രതിരോധ മന്ത്രാലയവും റിലയൻസും കളത്തിലിറങ്ങി. എന്നാൽ, സാഹചര്യ തെളിവുകൾ ഇൗ വിശദീകരണങ്ങൾക്ക് എതിരാണ്. ഇത്രയും ഭീമമായ ഇളവ് പൊടുന്നനെ ഉന്നതതല ഇടപെടലില്ലാതെ ലഭിക്കില്ല.
അനിൽ അംബാനിയുടെ ഇടനിലക്കാരനായാണ് മോദി റഫാൽ ഇടപാടിൽ ഉടനീളം പ്രവർത്തിച്ചതെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തി. ഫ്രാൻസിൽ എത്ര കമ്പനികൾക്ക് അംബാനിക്ക് കിട്ടിയ രീതിയിൽ നികുതിയിളവ് കിട്ടിയിട്ടുണ്ടെന്ന് പാർട്ടി വക്താവ് രൺദീപ് സിങ് സുർജേവാല ചോദിച്ചു. വിമാനം വാങ്ങാൻ തീരുമാനിച്ചതിെൻറ പ്രത്യുപകാരം കൂടിയാണ് നികുതിയിളവ്. 2015 മാർച്ച് 23ന് അനിൽ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരെ കണ്ടിരുന്നുവെന്നും സുർജേവാല കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.