'2014 മുതൽ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തി, 2024ൽ തോൽക്കുമെന്നായപ്പോൾ അത് മൂർധന്യത്തിലെത്തി'; പ്രബിർ പുരകയസ്തയുടെ അറസ്റ്റിൽ ജയറാം രമേശ്

ന്യൂഡൽഹി: മോദി സർക്കാർ അധികാരത്തിലെത്തിയ 2014 മുതൽ രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറിയും മുതിർന്ന നേതാവുമായ ജയറാം രമേശ്. 2024ൽ തോൽവി നേരിടേണ്ടിവരും എന്ന് വന്നതോടെ ഈ അടിയന്തരാവസ്ഥ അതിന്‍റെ മൂർധന്യത്തിലെത്തിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ ദിവസം മാധ്യമസ്ഥാപനമായ ന്യൂസ് ക്ലിക്കിന്‍റെ എഡിറ്റർ ഇൻ ചീഫ് പ്രബിർ പുരകയസ്തയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തെ രൂക്ഷമായി വിമർശിച്ച് ജയറാം രമേശ് രംഗത്തെത്തിയത്. എക്സിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

"1975-77 കാലഘട്ടത്തിൽ പ്രിൻസ്റ്റണിലെ പ്രമുഖ ചരിത്രകാരനായ ഗ്യാൻ പ്രകാശ് എമർജൻസി ക്രോണിക്കിൾസ് എന്ന പേരിൽ ആഴത്തിൽ ഗവേഷണം നടത്തിയ ഒരു വിവരണം എഴുതിയിട്ടുണ്ട്. അത്തരത്തിലുള്ള ചെറുത്തുനിൽപ്പിന്റെ നായകനെന്ന നിലയിൽ ഡോ. പ്രകാശ് വളരെ വിശദമായി വിവരിക്കുന്നത് പിന്നീട് ഊർജനയത്തിൽ വിദഗ്ധനായിത്തീർന്ന പ്രബീർ പുരകയസ്തയെയാണ്. 2014 മുതൽ അപ്രഖ്യാപിത അടിയന്തരാവസ്ഥ രാജ്യത്ത് ഏർപ്പെടുത്തിയ, 2024ലെ തെരഞ്ഞെടുപ്പിൽ തോൽവി ഭയന്ന് കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കുന്ന മോദി ഭരണകൂടം ഇന്ന് അതേ പുരകയസ്തയേയും മറ്റ് ഏതാനും ചിലരെയും അറസ്റ്റ് ചെയ്തിരിക്കുന്നു" അദ്ദേഹം കുറിച്ചു.

ചൊവ്വാഴ്ചയായിരുന്നു ന്യൂസ് ക്ലിക്ക് ഓഫീസുകളിൽ ഡൽഹി പൊലീസ് റെയ്ഡ് നടത്തിയത്. ചൈന അനുകൂല പ്രചാരണത്തിനായി പണം കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്നാണ് സ്ഥാപനത്തിനെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തിരിക്കുന്നത്. റെയ്ഡിന് പിന്നാലെ എഡിറ്റർ ഇൻ ചീഫ് പുരകയസ്തയെയും എച്ച്.ആർ അമിത് ചക്രവർത്തിയേയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

പൊലീസ് റെയ്ഡിനെതിരെ വലിയ വിമർശനങ്ങളും ഉയർന്നിരുന്നു. മാധ്യമപ്രവർത്തകരുടെ വീടുകളും മാധ്യമസ്ഥാപനവും റെയ്ഡ് ചെയ്യുന്നത് മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മാധ്യമങ്ങളെ അടിച്ചമർത്താൻ കരിനിയമങ്ങൾ ഉപയോഗിക്കുന്നതിന് പകരം ശരിയായ നിയമവഴിയിലൂടെ മുന്നോട്ടുപോകണമെന്ന് എഡിറ്റേഴ്സ് ഗിൽഡ് കേന്ദ്രത്തോട് പറഞ്ഞു.

Tags:    
News Summary - Modi regime imposed an undeclared emergency since 2014; situations getting worse says Jairam Ramesh

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.