ജൊഹാനസ്ബർഗ്: ബ്രിക്സ് ഉച്ചകോടിക്ക് ജൊഹാനസ്ബർഗിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡൻറ് ഷി ജിൻപിങ്ങും കൂടിക്കാഴ്ച നടത്തി. നിലവിൽ ഇരുരാജ്യങ്ങളും തമ്മിൽ ബന്ധത്തിലുണ്ടായ പുരോഗതി നിലനിർത്താൻ കൂടുതൽ ചർച്ചക്കായി ആഗസ്റ്റിൽ ചൈനീസ് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കാൻ ധാരണയായി.
മൂന്നുമാസത്തിനിടെ പ്രധാനമന്ത്രി മൂന്നാം തവണയാണ് ചൈനീസ് പ്രസിഡൻറിനെ കാണുന്നത്. ഇരു രാഷ്ട്രത്തലവന്മാരും ഇൗയിടെ കൂടിക്കാഴ്ച നടത്തിയത് ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്താനും സഹകരണത്തിന് പുതിയ അവസരങ്ങളൊരുക്കാനും സഹായിച്ചതായി മോദി, ഷി ജിൻപിങ്ങിനോട് പറഞ്ഞു. അതിർത്തിത്തർക്കം പരിഹരിക്കാൻ ഇൗ വർഷം നടക്കുന്ന പ്രത്യേക പ്രതിനിധിയോഗത്തിന് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡൊവലിനെ അയക്കാൻ തയാറാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.
ചൈനീസ് നഗരമായ വുഹാനിലെ കൂടിക്കാഴ്ചക്കുശേഷം ഉഭയകക്ഷിബന്ധം മെച്ചപ്പെടുത്താൻ ഇന്ത്യയുമായി സഹകരിച്ചിട്ടുണ്ടെന്ന് ഷി മോദിയോട് പറഞ്ഞു. അതിർത്തിയിൽ സമാധാനം നിലനിർത്താനും ആശയവിനിമയം മെച്ചപ്പെടുത്താനും സൈന്യത്തിന് നിർദേശം നൽകാൻ തയാറാണെന്ന് ഇരു രാഷ്ട്രത്തലവന്മാരും ആവർത്തിച്ചതായി വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെ പറഞ്ഞു.
പ്രധാനമന്ത്രി മോദി റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുടിനുമായും ദക്ഷിണാഫ്രിക്കൻ പ്രസിഡൻറ് സിറിൽ രാമഫോസയുമായും ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.