ന്യൂഡൽഹി: മുൻ ഉപപ്രധാനമന്ത്രിയും മുതിർന്ന ബി.ജെ.പി നേതാവുമായ എൽ.കെ. അദ്വാനിക്ക് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അദ്ദേഹത്തിെൻറ വസതിയിലെത്തി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരും അദ്വാനിയെ സന്ദർശിച്ചു. 1927 നവംബർ എട്ടിന് പാകിസ്താനിലെ കറാച്ചിയിലാണ് എൽ.കെ. അദ്വാനി ജനിച്ചത്.
'അദ്വാനിയുടെ വസതിയിലെത്തി ജന്മദിന ആശംസകൾ നേർന്നു. അദ്ദേഹത്തോടൊപ്പം സമയം ചെലവഴിക്കുന്നത് എപ്പോഴും ആഹ്ലാദം പകരുന്നതാണ്. എന്നെപ്പോലെയുള്ള കാര്യകർത്താക്കൾക്ക് അദ്വാനിയുടെ പിന്തുണയും മാർഗനിർദേശവും വിലമതിക്കാനാവാത്തതാണ്. രാഷ്ട്രനിർമാണത്തിൽ അദ്ദേഹം നൽകിയ സംഭാവനകൾ ഏറെ വലുതാണ്' -മോദി ട്വിറ്ററിൽ കുറിച്ചു. ഇരുവരും ചേർന്ന് കേക്ക് മുറിക്കുന്ന ചിത്രവും മോദി പങ്കുവെച്ചു.
അതേസമയം, പാർട്ടിയിലെ മുതിർന്ന നേതാക്കളായ എൽ.കെ. അദ്വാനി അടക്കമുള്ളവരെ ഒതുക്കിയവരാണ് നരേന്ദ്ര മോദിയും അമിത് ഷായും എന്ന ആരോപണം നിരവധി തവണ ഉയർന്നിട്ടുള്ളതാണ്. ബാബരി മസ്ജിദ് തകർക്കാൻ മുന്നിൽനിന്ന എൽ.കെ. അദ്വാനിയെ രാമക്ഷേത്ര ഭൂമി പൂജക്ക് ക്ഷണിക്കാത്തത് ഇതിൻെറ ഭാഗമായാണെന്ന് ആരോപണമുയർന്നിരുന്നു.
രണ്ട് വർഷം മുമ്പ് ത്രിപുരയിലെ പുതിയ സർക്കാറിെൻറ സത്യപ്രതിഞ്ജ ചടങ്ങിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വേദിയിലുണ്ടായിരുന്ന എൽ.കെ. അദ്വാനിയെ മനഃപൂർവം അവഗണിച്ചെന്ന ആക്ഷേപവും ഉയർന്നിരുന്നു. വേദിയിലേക്ക് കടന്നുവന്ന പ്രധാനമന്ത്രി എല്ലാവരെയും കൈകൂപ്പി അഭിവാദനം ചെയ്തെങ്കിലും അദ്വാനിയെ ഗൗനിച്ചില്ലെന്ന് മാത്രമല്ല അഭിവാദ്യം ചെയ്തതുമില്ല.
അതേസമയം അദ്വാനിയുടെ തൊട്ടപ്പുറത്തുനിന്ന ത്രിപുര മുൻ മുഖ്യമന്ത്രി മണിക് സർക്കാറിന് മോദി ഹസ്തദാനം നൽകുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു. ഇതിനെ വിമർശിച്ച് ബി.ജെ.പി അനുകൂലികളടക്കം രംഗത്തെത്തുകയും ചെയ്തു.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് നരേന്ദ്ര മോദിയെയും അമിത് ഷായെയും എൽ.കെ. അദ്വാനി വിമർശിച്ചതും ഏറെ ചർച്ചയായിരുന്നു. കൂടാതെ 2013ൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി തീരുമാനിച്ചതില്‍ പ്രതിഷേധിച്ച് അദ്ദേഹം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവെക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
ഒരുകാലത്ത് മോദിയെ അധികാര സ്ഥാനത്തുനിന്ന് പുറത്താക്കുന്നതിൽനിന്ന് രക്ഷിച്ചതും എൽ.കെ. അദ്വാനി തന്നെയായിരുന്നു. ഗോധ്ര കലാപത്തിനുശേഷം ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് മോദിയെ പുറത്താക്കാന്‍ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി തീരുമാനിച്ചെങ്കിലും എല്‍.കെ. അദ്വാനി ആ നീക്കം തടഞ്ഞെന്ന മുന്‍ ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ വെളിപ്പെടുത്തൽ ഏറെ ചര്‍ച്ചയായിരുന്നു. അധികാരത്തിൽനിന്ന് നീക്കുന്നതിനെതിരെ നിലപാടെടുത്ത എല്‍.കെ. അദ്വാനിയെ ഒതുക്കാൻ മോദി തന്നെ കരുക്കള്‍ നീക്കുന്ന കാഴ്ചയാണ് പിന്നീടുണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.