മാസങ്ങൾ നീണ്ട പ്രതിഷേധം, ദിവസങ്ങൾ നീണ്ട വാദം; ഹിജാബിൽ സർക്കാർ വാദം ശരിവെച്ച് കോടതി

ബംഗളൂരു: രണ്ടര മാസത്തിലേറെ നീണ്ട പ്രതിഷേധങ്ങൾക്കും ദിവസങ്ങൾ നീണ്ട വാദപ്രതിവാദങ്ങൾക്കുമൊടുവിലാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്ര നിരോധനത്തിനേർപ്പെടുത്തിയ വിലക്ക് ശരിവെച്ച് കർണാടക ഹൈകോടതി വിശാല ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ദേശീയതലത്തിൽ തന്നെ കോളിളക്കം സൃഷ്ടിച്ച ശിരോവസ്ത്ര വിലക്ക് കർണാടകയിൽ വിദ്യാഭ്യാസ മേഖലയെ സംഘർഷഭരിതമാക്കിയിരുന്നു.

ഉഡുപ്പി പി.യു കോളജില്‍ ഹിജാബ് ധരിച്ചെത്തിയ ആറ് വിദ്യാർഥിനികളെ തടഞ്ഞതോടെയാണ് വിവാദങ്ങളുടെ തുടക്കം. കഴിഞ്ഞ ഡിസംബർ 27നായിരുന്നു ഇത്. ഹിജാബ് അഴിച്ചുമാറ്റി മാത്രമേ ക്ലാസിൽ കയറേണ്ടതുള്ളൂ എന്നായിരുന്നു സ്കൂൾ അധികൃതരുടെ വാദം. ഇതോടെ വിദ്യാർഥിനികൾ ക്ലാസ് ബഹിഷ്കരിച്ച് പ്രതിഷേധിച്ചു.




 

വിദ്യാർഥിനികൾക്ക് പിന്തുണയുമായി രക്ഷിതാക്കൾ ഉൾപ്പെടെ എത്തുകയും പ്രതിഷേധം ശക്തമാവുകയും ചെയ്തു. ഇതിന് പിന്നാലെ മറ്റ് പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിജാബ് വിലക്കാൻ ശ്രമമുണ്ടായി. ചിക്കമംഗ്ലൂരു സര്‍ക്കാര്‍ കോളേജില്‍ ഹിജാബ് ധരിച്ച് ക്ലാസില്‍ കയറാന്‍ ശ്രമിച്ചവരെ അധ്യാപകര്‍ തടഞ്ഞു. ചിലയിടങ്ങളിൽ കാവി ഷാള്‍ ധരിച്ച് ഒരു വിഭാഗം വിദ്യാർഥികള്‍ എത്തി. ഹിജാബ് അനുവദിച്ചാല്‍ കാവി ഷാളും അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.





കൂടുതൽ കോളജുകളിൽ വിവാദം പടരുകയും വിദ്യാർഥികൾ ചേരിതിരിഞ്ഞ് ഹിജാബിന് അനുകൂലമായും എതിർത്തും രംഗത്തിറങ്ങുകയും ചെയ്തതോടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സംഘർഷഭരിതമായി. ജയ് ശ്രീറാം വിളിച്ച് വിദ്യാർഥിനികളെ തടയുന്ന സംഭവവും അല്ലാഹു അക്ബർ വിളിച്ചുള്ള പ്രതിഷേധവുമുണ്ടായി.




 

പ്രതിഷേധത്തെ തുടർന്ന് വിഷയം പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ശിരോവസ്ത്രം അനുവദിക്കേണ്ടെന്നായിരുന്നു പ്രത്യേക സമിതി സര്‍ക്കാരിന് ശിപാര്‍ശ ചെയ്തത്. തുടർന്ന് ഉഡുപ്പി കോളജിലെ ആറ് വിദ്യാർഥിനികൾ ഹൈകോടതിയെ സമീപിക്കുകയായിരുന്നു.




 

ഇതിന് പിന്നാലെ ഫെബ്രുവരി അഞ്ചിന് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മതാചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ നിരോധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കുകയും ചെയ്തു.

ഫെബ്രുവരി ഒമ്പതിനാണ് ഭരണഘടനാ വിഷയങ്ങള്‍ കണക്കിലെടുത്ത് കേസ്‌ ഹൈകോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ വിശാല ബെഞ്ചിന് കൈമാറുന്നത്. 11 ദിവസമാണ് കേസിൽ വാദം നീണ്ടത്. ഫെബ്രുവരി 21ന് വാദം പൂർത്തിയാക്കി വിധിപറയാനായി മാറ്റി. കേസിൽ അന്തിമ വിധി വരുന്നതുവരെ മതപരമായ വസ്ത്രങ്ങൾക്ക് ക്ലാസിൽ വിലക്കേർപ്പെടുത്തികൊണ്ട് ഹൈകോടതി വിശാല ബെഞ്ച് ഇടക്കാല ഉത്തരവും ഇറക്കി. 

ഇസ്​ലാം മതവിശ്വാസ പ്രകാരം ഒഴിവാക്കാൻ കഴിയാത്ത ആചാരമാണ് ശിരോവസ്ത്രം ധരിക്കുകയെന്നതെന്നും അത് അവരുടെ മൗലികാവകാശമാണെന്നും ഇതിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ അധികാരമില്ലെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.




 

എന്നാൽ, ശിരോവസ്ത്രം ഇസ്​ലാമിൽ അനിവാര്യമായ ആചാരമല്ലെന്ന കർണാടക സർക്കാരിന്‍റെ പ്രധാന വാദം ശരിവെച്ചുകൊണ്ടാണ് ഹൈകോടതിയുടെ ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രത്തിന് വിലക്കേർപ്പെടുത്തിയുള്ള സർക്കാർ ഉത്തരവിനെ ഹൈകോടതി പിന്തുണച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ശിരോവസ്ത്രം പാടില്ലെന്നും ഹൈകോടതി ഉത്തരവിട്ടു. യൂനിഫോം നിർബന്ധമാക്കിയത് മൗലികാവകാശ ലംഘനമല്ല. സ്ത്രീകൾ ശിരോവസ്ത്രം ധരിക്കുന്നത് മതവിശ്വാസത്തിന്‍റെ ഭാഗമല്ലെന്നും അങ്ങനെയാണെന്ന് തെളിയിക്കുന്ന രേഖകൾ ഹരജിക്കാർക്ക് ഹാജരാക്കാനായില്ലെന്നും ശിരോവസ്ത്ര വിലക്ക് തുടരുന്നതിൽ ഭരണഘടനാ ലംഘനമില്ലെന്നും ഹൈകോടതി വ്യക്തമാക്കി ഹരജികൾ തള്ളുകയായിരുന്നു. 

Tags:    
News Summary - Months long protest, days long argument; Court upholds government stands on hijab

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.