ദുരന്തവും ആഘോഷം; മോദിയെ സ്വീകരിക്കാൻ മോർബി ആശുപത്രി മോടി പിടിപ്പിച്ചതിൽ വിമർശനവുമായി കോൺഗ്രസും എ.എ.പിയും

ഗാന്ധിനഗർ: പാലം തകർന്ന് 135പേർ മരിച്ച മോർബിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദർശനം നടത്തുന്നതിന് മുന്നോടിയായി സിവിൽ ആശുപത്രി മോടിപ്പിടിപ്പിച്ച് അധികൃതർ. ദുരന്തത്തിൽ പരിക്കേറ്റവരെ മോർബിയിലെ സിവിൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ളവരെ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സന്ദർശിക്കുമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് അധികൃതർ ആശുപത്രിയിൽ അറ്റകുറ്റപ്പണി നടത്തിയത്.

ആശുപത്രി മോടിപിടിപ്പിക്കുന്നതിന്‍റെ ദൃശ്യങ്ങൾ കോൺഗ്രസും ആം ആദ്മി പാർട്ടിയും ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. ദുരന്തത്തിന്‍റെ ആഘോഷം എന്നാണ് ഫോട്ടോ പങ്കുവെച്ചുകൊണ്ട് കോൺഗ്രസ് ട്വീറ്റ് ചെയ്തത്. 'അവർക്ക് ലജ്ജയില്ല! ഒരുപാട് ആളുകൾ മരിച്ചു എന്നാൽ അവർ ആഘോഷത്തിനായി തയാറെടുക്കുകയാണ്.'-കോൺഗ്രസിന്‍റെ ട്വീറ്റിൽ പറയുന്നു. പ്രധാനമന്ത്രിക്ക് നല്ല ചിത്രങ്ങൾ ലഭിക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ആശുപത്രിയിൽ നടത്തുന്നുണ്ടെന്നും കോൺഗ്രസ് പരിഹസിച്ചു.

ആശുപത്രിയുടെ ഭിത്തികൾ പെ‍യിന്‍റടിക്കുന്ന വിഡിയോ എ.എ.പിയും പങ്കുവെച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഫോട്ടോഷൂട്ടിനിടെ കെട്ടിടത്തിന്റെ മോശം അവസ്ഥ പുറത്തുവരാതിരിക്കാൻ ഒറ്റരാത്രികൊണ്ട് ആശുപത്രി പെയിന്റ് ചെയ്യുന്നു എന്നായിരുന്നു എ.എ.പിയുടെ ട്വീറ്റ്.

ഞാ‍യറാഴ്ച വൈകീട്ട് 6.42ഓടെയാണ് ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്നത്. അപകടത്തിൽ 135ഓളം ആളുകൾ മരിച്ചു. നിരവധിപേർക്ക് പരിക്കേറ്റു. ബ്രിട്ടീഷ് കാലത്തെ തൂക്കു പാലം അറ്റകുറ്റപ്പണിക്ക് വേണ്ടി ഏഴ് മാസമായി അടച്ചിട്ടിരിക്കുകയായിരുന്നു. അതിനുശേഷം ഒക്ടോബർ 26നാണ് പാലം തുറന്നുകൊടുത്തത്.

Tags:    
News Summary - Morbi hospital painted ahead of PM Modi visit, Congress says ‘event of tragedy’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.