ന്യൂഡൽഹി: വംശീയകലാപം രൂക്ഷമായ മണിപ്പൂരിലേക്ക് കേന്ദ്ര സർക്കാർ 20 കമ്പനി അധിക സായുധസേനയെക്കൂടി അയച്ചു. 2000 സൈനികരാണ് അധികമായി അയച്ച കേന്ദ്ര സായുധസേനയിൽ (സി.എ.പി.എഫ്) ഉള്ളത്. അതിനിടെ, അവശ്യവസ്തുക്കളുമായി പുറപ്പെട്ട രണ്ട് ട്രക്കുകൾക്ക് ബുധനാഴ്ച രാവിലെ അജ്ഞാതരായ അക്രമികൾ തീവെച്ചു.
അധിക കേന്ദ്രസേനയെ ഉടൻതന്നെ വിന്യസിക്കാൻ ചൊവ്വാഴ്ച രാത്രിയാണ് ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. 20 കമ്പനിയിൽ 15 എണ്ണം സി.ആർ.പി.എഫിൽനിന്നും അഞ്ചെണ്ണം അതിർത്തി രക്ഷാസേനയിൽനിന്നുമാണ്. സംസ്ഥാനത്ത് നേരത്തേ വിന്യസിച്ചിട്ടുള്ള 198 കമ്പനി സായുധസേനക്ക് പുറമെയാണ് ഇത്. നവംബർ 30 വരെ സേന മണിപ്പൂരിൽ തുടരും.
മണിപ്പൂരിലെ നോനെ, തമെങ്ലോങ് ജില്ലകളിലേക്ക് അരി, സവാള, ഉരുളക്കിഴങ്ങ് തുടങ്ങിയ അവശ്യവസ്തുക്കളുമായി പുറപ്പെട്ട എട്ട് ട്രക്കുകൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇതിൽ ആറെണ്ണത്തിന് അക്രമികളിൽനിന്ന് രക്ഷപ്പെടാൻ കഴിഞ്ഞു. സംഭവത്തെ റോങ്മേ നാഗ സമുദായം അപലപിച്ചു. കുക്കികളാണ് ആക്രമണത്തിന് പിന്നിലെന്ന് അവർ ആരോപിച്ചു. ഇരു ജില്ലകളിലും കുക്കികളെ ബഹിഷ്കരിക്കാനും ആഹ്വാനം ചെയ്തു.
അതിനിടെ, ജിരിബാമിലെ അഭയാർഥി ക്യാമ്പിൽനിന്ന് കാണാതായ മൂന്ന് മെയ്തി വനിതകളെയും മൂന്ന് കുട്ടികളെയും മോചിപ്പിക്കുന്നതിന് ശ്രമം നടത്തിവരികയാണെന്ന് സർക്കാർ അറിയിച്ചു.
കാണാതായ രണ്ട് പുരുഷന്മാരുടെ മൃതദേഹം ചൊവ്വാഴ്ച കണ്ടെത്തിയിരുന്നു. ആറുപേരെ തട്ടിക്കൊണ്ടുപോയതിൽ പ്രതിഷേധിച്ച് ഇഫാൽ താഴ്വരയിൽ 13 മെയ്തി സംഘടനകൾ ആഹ്വാനം ചെയ്ത് ബന്ദ് ജനജീവിതത്തെ ബാധിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറിന് ആരംഭിച്ച ബന്ദിനെത്തുടർന്ന് ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, തൗബാൽ, കാക്ചിങ്, ബിഷ്ണുപൂർ ജില്ലകളിൽ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. വാഹനങ്ങളും നിരത്തിലിറങ്ങിയില്ല.
തിങ്കളാഴ്ച സി.ആർ.പി.എഫുമായുള്ള ഏറ്റുമുട്ടലിൽ 10 കുക്കികൾ കൊല്ലപ്പെട്ടിരുന്നു. ആയുധങ്ങളുമായെത്തിയ കുക്കികൾ പൊലീസ് സ്റ്റേഷനും സി.ആർ.പി.എഫ് ക്യാമ്പും ആക്രമിച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായത്. നിരവധി ആയുധങ്ങളും കൊല്ലപ്പെട്ടവരിൽനിന്ന് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.