ന്യൂഡൽഹി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കർഷകർ വീണ്ടും ഡൽഹിയിലേക്ക്. 2000ത്തിലധികം ട്രാക്ടറുകളിൽ കാൽലക്ഷത്തോളം വരുന്ന കർഷകരാണ് നീണ്ട സമരത്തിന് തയാറെടുത്ത് ചൊവ്വാഴ്ച ഡൽഹിയിലേക്ക് വരുന്നത്. സംയുക്ത കിസാൻ മോർച്ച-നോൺ പൊളിറ്റിക്കൽ വിഭാഗത്തിന്റെയും കിസാൻ മസ്ദൂർ മോർച്ചയുടെയും നേതൃത്വത്തിൽ പ്രഖ്യാപിച്ച ‘ദില്ലി ചലോ’ മാർച്ചിനെ നേരിടാൻ ഡൽഹി, ഹരിയാന പൊലീസ് ശക്തമായ നടപടികൾ ആരംഭിച്ചു. അതേസമയം, സമരം അവസാനിപ്പിക്കാൻ രാത്രി വൈകിയും ചർച്ച തുടർന്നു.
സമരത്തിന് മൂന്നു മാസമായി തങ്ങൾ തയാറെടുക്കുകയാണെന്ന് കർഷക സംഘടന നേതാക്കൾ വ്യക്തമാക്കി. ഇതിന്റെ ഭാഗമായി 23 മഹാപഞ്ചായത്തുകൾ ചേർന്നു. കാമ്പയിനുകൾ സംഘടിപ്പിച്ചു. ആവശ്യങ്ങൾ നേടിയെടുക്കാൻ എല്ലാ തടസ്സങ്ങളും മറികടന്ന് ഡൽഹിയിലെത്തുമെന്നും അവർ പറയുന്നു. സമരത്തിൽ പങ്കെടുക്കാൻ കർണാടകയിൽനിന്ന് ട്രെയിനിൽ ഡൽഹിയിലേക്ക് പുറപ്പെട്ട 100 ഓളം വരുന്ന കർഷകസംഘത്തെ ഭോപാലിൽവെച്ച് മധ്യപ്രദേശ് പൊലീസ് തടഞ്ഞുവെച്ചു. സമരത്തിന് മുന്നോടിയായി ഫെബ്രുവരി 12 മുതൽ ഡൽഹിയിൽ ഒരു മാസത്തേക്ക് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ഡൽഹിയിലേക്ക് ട്രാക്ടറുകളുടെ പ്രവേശനം നിരോധിച്ചു. തോക്കുകൾ, സ്ഫോടക വസ്തുക്കൾ, ചുടുകട്ടകൾ, കല്ലുകൾ, പെട്രോൾ, സോഡാ കുപ്പി എന്നിവയും കൈയിൽ കരുതാൻ പാടില്ല. ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ തിക്രു, സിംഘു, ഗാസിപൂർ, ബദർപൂർ എന്നിവിടങ്ങളിൽ വൻ പൊലീസ് സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്. യാത്ര തടയാൻ ഡൽഹി അതിർത്തികളിൽ കോൺക്രീറ്റ് സ്ലാബും മുള്ളുവേലികളും പൊലീസ് സ്ഥാപിച്ചിരിക്കുകയാണ്.
ഹരിയാന സർക്കാർ സംസ്ഥാനത്തെ ഏഴു ജില്ലകളിലെ ഇന്റർനെറ്റ് നിരോധിച്ചിട്ടുണ്ട്. മെസേജുകള്‍ അയക്കുന്നതിനും നിയന്ത്രണമുണ്ട്. സംസ്ഥാനത്ത് ഇന്ധന വില്പനക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. കര്‍ഷകര്‍ക്ക് പരമാവധി 10 ലിറ്റര്‍ മാത്രം ഇന്ധനം വിറ്റാല്‍ മതിയെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
2020ലെ ഒരുവർഷം നീണ്ട ഡൽഹി വളയൽ കർഷകസമരം വിജയിച്ചതിന് പിന്നാലെ 500 ഓളം വരുന്ന കർഷക സംഘടനകളുടെ കൂട്ടായ്മയായ സംയുക്ത കിസാൻ മോർച്ചയിൽ അഭിപ്രായഭിന്നത രൂക്ഷമായിരുന്നു. ഇതിനെതുടർന്ന് സംയുക്ത കിസൻ മോർച്ചയിൽനിന്ന് പിരിഞ്ഞ സംഘടനകൾ ചേർന്നാണ് സംയുക്ത കിസാൻ മോർച്ച -നോൺ പൊളിറ്റിക്കൽ രൂപവത്കരിച്ചത്.
കർഷകരുടെ 10 ആവശ്യങ്ങൾ
1. ഡോ. സ്വാമിനാഥൻ റിപ്പോർട്ട് നിർദേശിക്കുംവിധം, എല്ലാ ഉൽപന്നങ്ങൾക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക.
2. കർഷകരുടെയും കർഷകത്തൊഴിലാളികളുടെയും മുഴുവൻ കടങ്ങളും എഴുതിത്തള്ളുക.
3. 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനരാവിഷ്കരിക്കുക; നഷ്ടപ്പെട്ട ഭൂമിക്ക് നിലവിലുള്ളതിന്റെ നാലിരട്ടി നഷ്ടപരിഹാരം ഉറപ്പാക്കുക.
4. ലഖിംപൂർ-ഖേരിയിലെ കർഷകർക്ക് നീതി ഉറപ്പാക്കുക; പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക.
5. സ്വതന്ത്ര വ്യാപാര കരാർ റദ്ദാക്കുക; ലോകാരോഗ്യ സംഘടനയിൽനിന്ന് പിൻവാങ്ങുക.
6. കർഷകർക്കും കർഷകത്തൊഴിലാളികൾക്കും പെൻഷൻ ഉറപ്പാക്കുക.
7. മുൻവർഷങ്ങളിലുണ്ടായ ഡൽഹി കർഷക സമരത്തിൽ ജീവൻ പൊലിഞ്ഞ കർഷകരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുക; കുടുംബത്തിലൊരാൾക്ക് ജോലി കൊടുക്കുക.
8. 2020ലെ വൈദ്യുതി ഭേദഗതി ബിൽ റദ്ദാക്കുക
9. തൊഴിലുറപ്പ് ദിനങ്ങൾ 200 ആക്കുക; മിനിമം കൂലി 700 ആക്കി ഉയർത്തുക.
10. വിത്തുകളുടെയും കീടനാശിനികളുടെയും വളങ്ങളുടെയും ഗുണനിലവാരം ഉറപ്പുവരുത്താൻ പ്രത്യേക സംവിധാനം ആവിഷ്കരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.