മുംബൈ: മഹാനഗരത്തിൽ കോവിഡ് താണ്ഡവമാടുേമ്പാൾ ഹൃദയം കവരുകയാണ് ഒരു അമ്മയും മകനും. മഹാമാരിക്കാലത്ത് വിശക്കുന്നവന് തങ്ങളുടെ റസ്റ്ററന്‍റ് അടുക്കള വഴി ഭക്ഷണം നൽകുകയാണ് ഇരുവരും. ഹീന മാണ്ഡവ്യയും മകൻ ഹർഷ്നെയും മുംബൈക്കാർക്ക് ഇപ്പോൾ സുപരിചിതം.
കോവിഡ് ആദ്യ വ്യാപനത്തിൽ പ്രഖ്യാപിച്ച ലോക്ഡൗണിലാണ് ഇരുവരും തങ്ങളുടെ കൊച്ചു അടുക്കള വിശക്കുന്നവർക്കായി തുറന്നത്. രണ്ടാം വ്യാപനത്തിലും തുടർന്നു. സുമനസ്കരായ വോളണ്ടിയർമാരെയും ഒപ്പംകൂട്ടി. അമ്മയും മകനും വോളണ്ടിയർമാരും ചേർന്ന് പണം സമാഹരിച്ചാണ് ഭക്ഷണത്തിനുള്ള തുക കണ്ടെത്തുന്നത്.
പ്രതിദിനം 100 മുതൽ 150 പേർക്ക് ഇവർ വയറും മനസും നിറച്ച് ഭക്ഷണം നൽകും. ലോക്ഡൗൺ കാലത്ത് 22,000 ഊണും 55,000 റൊട്ടിയും 6000 വീട്ടിലുണ്ടായ മധുരപലഹാരങ്ങളും വിതരണം ചെയ്യാൻ കഴിഞ്ഞതായി ഹർഷ് പ്രമുഖ സാമൂഹിക മാധ്യമ പേജായ ഹ്യൂമൻസ് ഓഫ് ബോംബെയോട് പറഞ്ഞു.
2020ലെ ആദ്യ ലോക്ഡൗണിൽ ഒരു ഉപഭോക്താവ് ഇവരുടെ റസ്റ്ററന്‍റുമായി ബന്ധപ്പെടുകയും 100 പേർക്ക് ഭക്ഷണം തയാറാക്കാമോ എന്ന് ആവശ്യപ്പെടുകയുമായിരുന്നു. 'ആദ്യം തങ്ങളുടെ സുരക്ഷയെ ആലോചിച്ച് ആശങ്കയുണ്ടായിരുന്നു. പക്ഷേ പിന്നീട് ഞങ്ങൾ ചിന്തിച്ചു, മറ്റുള്ളവരെ സഹായിക്കണം' - ഹർഷ് പറഞ്ഞു.
ലോകമെമ്പാടുമുള്ള ജനങ്ങൾ നൽകിയ സംഭാവനകൾ ഉപയോഗിച്ചാണ് ദിവസവും എല്ലാവർക്കും ഭക്ഷണം നൽകാൻ സാധിക്കുന്നതെന്നും ഹർഷ് കൂട്ടിച്ചേർത്തു.
ലോക്ഡൗണിന്‍റെ സമയങ്ങളിൽ ഞങ്ങൾ ഭക്ഷണ വിതരണത്തിൽനിന്ന് പണം സമ്പാദിച്ചിട്ടില്ല. രണ്ടാം തരംഗം പിടിച്ചുലച്ചപ്പോൾ ഞങ്ങൾ വീണ്ടും ഭക്ഷണവിതരണത്തിനായി സംഭാവനകൾ ക്ഷണിച്ചു. രണ്ടു ദിവസത്തിനുള്ളിൽ 1.5ലക്ഷം സംഭാവനയായി ലഭിച്ചുവെന്നും അവർ പറഞ്ഞു.
അഞ്ചാംവയസിൽ പിതാവിനെ നഷ്ടമായതാണ് ഹർഷിന്. തുടർന്ന് ഹീന വീട്ടിൽ ഭക്ഷണം പാചകം ചെയ്ത് ടിഫിൻ സർവിസ് ആരംഭിക്കുകയായിരുന്നു. ആവശ്യക്കാർക്ക് വീടുകളിൽ ഭക്ഷണം എത്തിച്ചുനൽകും. 'ടിഫിൻ സർവിസിന്‍റെ ആദ്യ ഓർഡർ തൊട്ടടുത്ത വീട്ടിലെ ആന്‍റിയുടേതായിരുന്നു. 35രൂപ ലഭിച്ചു. അതായിരുന്നു അമ്മയുടെ ആദ്യ വരുമാനം' -ഹർഷ് പറഞ്ഞു.
മെച്ചപ്പെട്ട വിദ്യാഭ്യാസം മകന് നൽകാനായി ഒരു അന്താരാഷ്ട്ര സ്കൂളിൽ മകനെ പഠിപ്പിക്കണമെന്നായിരുന്നു ഹീനയുടെ ആഗ്രഹം. എന്നാൽ സാമ്പത്തികം അവിടെ വില്ലനായി. ഹീനയുടെ ബുദ്ധിമുട്ടുകളെക്കുറിച്ച് അറിഞ്ഞ സ്കൂൾ ഡയറക്ടർ ഹർഷയുടെ സ്കൂൾ ഫീസ് ഒഴിവാക്കുകയായിരുന്നു.
കുറച്ചുവർഷങ്ങൾക്ക് ശേഷം, ഹീനയെ ഒരു അപരിചിതൻ ഒരു കടമുറി വാടകക്ക് എടുക്കാനും ഒരു സാമൂഹിക അടുക്കള നിർമിക്കാനും പണം നൽകി സഹായിച്ചു. ഇതോടെ 2003ൽ 'ഹർഷ് താലി ആൻഡ് പറാത്താസ്' പ്രവർത്തനം ആരംഭിച്ചു. പഠനം പൂർത്തിയാക്കിയ ഹർഷ് അമ്മയെ ബിസിനസിൽ സഹായിക്കാൻ ഇറങ്ങുകയായിരുന്നു. തുടർന്ന് അതിലൂടെ ലഭിച്ച വരുമാനത്തിലൂടെ ബിസിനസ് തുടങ്ങാൻ സഹായിച്ചയാൾക്കും സ്കൂൾ ഡയറക്ടർക്കും പണം തിരിച്ചുനൽകാൻ ചെന്നു. എന്നാൽ ഇരുവരും പണം വാങ്ങാൻ തയാറായില്ല, ആ പണം ഉപയോഗിച്ചാണ് മഹാമാരിക്കാലത്ത് ഇരുവരും പാവങ്ങൾക്ക് സൗജന്യ ഭക്ഷണം നൽകാൻ ആരംഭിച്ചതെന്നും ഹർഷ് പറയുന്നു.
അപരിചതർക്കായി സമയവും പണവും ചിലവാക്കുന്നതിനെ പലരും വിമർശിച്ചിരുന്നു. എന്നാൽ അപരിചിതർ ഇല്ലായിരുന്നുവെങ്കിൽ തങ്ങൾക്ക് മറ്റുള്ളവരെ സഹായിക്കാൻ കഴിയുമായിരുന്നില്ലെന്ന് ഹർഷ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.