ഭോപ്പാൽ: മധ്യപ്രദേശിലെ സാഗർ പട്ടണത്തിലെ ജനങ്ങൾ കഴിഞ്ഞ ദിവസം സാക്ഷിയായത് ഒരു അപൂർവ ഘോഷയാത്രക്കും ബാന്‍റുമേളത്തിനുമാണ്. പത്താംക്ളാസിൽ തോറ്റ തന്‍റെ മകനുവേണ്ടിയായിരുന്നു പിതാവ് ഇതെല്ലാം ഒരുക്കിയത്. അസാധാരണമായ ആഘോഷം കണ്ട് മൂക്കത്ത് വിരൽവച്ച നാട്ടുകാർക്ക് മധുരം നൽകിക്കൊണ്ട് ആ പിതാവ് പ്രഖ്യാപിച്ചു. "എന്‍റെ മകന്‍റെ ജീവിതത്തിലെ അവസാനത്തെ പരീക്ഷയൊന്നുമല്ല ഇത്. ഈ പരീക്ഷയിൽ തോറ്റുപോയതുകൊണ്ട് ജീവിതം നഷ്ടപ്പെട്ടു എന്ന തോന്നൽ അവനുണ്ടാകാതിരിക്കാൻ വേണ്ടിയാണ് ഞങ്ങൾ ഇതെല്ലാം ചെയ്തത്."
പത്താംക്ളാസിൽ നാല് വിഷയങ്ങളിലാണ് മകൻ തോറ്റത്. റിസൽറ്റ് വന്നതിനുശേഷം പിതാവ് സുഹൃത്തുക്കളേയും ബന്ധുക്കളേയും ഫോണിൽ വിളിക്കുന്നതുകണ്ട് മകൻ അന്തിച്ചു നിന്നു. പിന്നീടായിരുന്നു മധുരവിതരണവും ബാന്‍റുമേളത്തോടൊപ്പമുള്ള ഘോഷയാത്രയും. ഇതിൽ കൗതുകം കണ്ടെത്തിയ പ്രദേശത്തെ ജനങ്ങളും പിന്നീട് ആഘോഷത്തിൽ പങ്കുചേർന്നു.
കൂടുതൽ പഠിക്കാൻ തനിക്ക് താൽപര്യമില്ലെന്നും പിതാവിന്‍റെ ട്രാൻസ്പോർട്ട് ബിസിനസിൽ പങ്കാളിയാകാനാണ് ഉദ്ദേശിക്കുന്നതെന്നും വിദ്യാർഥി പറഞ്ഞു. തിങ്കളാഴ്ച പത്താംക്ളാസ് ഫലം വന്നതിനുശേഷം മധ്യപ്രദേശിലൊട്ടാകെ 11 കുട്ടികളാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇതിൽ 6 പേർ മരിച്ചു. പത്താംക്ളാസിൽ 34 ശതമാനവും പ്ളസ് ടുവിൽ 32 ശതമാനവും കുട്ടികളാണ് ഇത്തവണ പരാജയപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.