ന്യൂഡൽഹി: സുരക്ഷാ വീഴ്ചയിൽ പ്രതിഷേധിച്ചതിന് സസ്‌പെൻഡ് ചെയ്തവരുടെ പട്ടികയിൽ സഭയിലില്ലാത്ത എം.പിയും. സേലം മണ്ഡലത്തെ പ്രതിനിധാനംചെയ്യുന്ന ഡി.എം.കെ എം.പി എസ്.ആർ. പാർഥിപൻ ഇന്നലെ സഭയിൽ ഉണ്ടായിരുന്നില്ല. പക്ഷേ സസ്പെൻഷൻ പട്ടികയിൽ പാർഥിപന്റെ പേരുണ്ടായിരുന്നു.
അബദ്ധം മനസ്സിലാക്കിയതോടെ പേര് ഒഴിവാക്കി. അംഗത്തെ തിരിച്ചറിയുന്നതിൽ ഉദ്യോഗസ്ഥർക്ക് പിഴവ് സംഭവിച്ചതിനാലാണ് പാർഥിപന്റെ പേര് പട്ടികയിൽ ഉൾപ്പെട്ടതെന്ന് പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. സ്പീക്കറെ ഇക്കാര്യം അറിയിച്ചപ്പോൾ അദ്ദേഹം നിർദേശം അംഗീകരിക്കുകയും പേര് ഒഴിവാക്കുകയുമായിരുന്നുവെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ എം.പിമാരുടെ സസ്പെൻഷൻ പട്ടികയിൽ തന്റെ പേര് ഉൾപ്പെട്ടത് തമാശയായാണ് കാണുന്നതെന്ന് പാർഥിപൻ പറഞ്ഞു. സുഖമില്ലാതിരുന്നതിനാൽ താൻ അവിടെ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതിനിടെ, എം.പിമാരുടെ സസ്‌പെൻഷൻ ജനാധിപത്യവിരുദ്ധവും പാർലമെന്ററി ജനാധിപത്യത്തിന്റെ ആത്മാവിനെ തകർക്കുന്നതുമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം.കെ. സ്റ്റാലിൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ‘ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാറിന്റെ അസഹിഷ്ണുതാ മനോഭാവം അപലപനീയമാണ്. എം.പിമാരുടെ അഭിപ്രായസ്വാതന്ത്ര്യം തകർക്കുന്നതാണോ, നമ്മുടെ പാർലമെന്റിലെ പുതിയ പെരുമാറ്റച്ചട്ടം? 15 എം.പിമാരുടെയും സസ്‌പെൻഷൻ ഉടൻ പിൻവലിക്കണം. പാർലമെന്റ് ചർച്ചക്കുള്ള വേദിയാകണം, പ്രതിപക്ഷത്തെ നിശ്ശബ്ദമാക്കാനുള്ളതല്ല’ -സ്റ്റാലിൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.