ബംഗളൂരു: കർണാടകയിൽ സഖ്യ സർക്കാറിന് വീണ്ടും തിരിച്ചടിയേകി നിലപാട് മാറ്റി വിമത എം.എൽ.എ എം.ടി.ബി. നാഗരാജ്. രാജി പിൻ വലിച്ച് കോൺഗ്രസിനൊപ്പം നിൽക്കുമെന്നായിരുന്നു നാഗരാജ് ശനിയാഴ്ച രാത്രി പറഞ്ഞിരുന്നത്. എന്നാൽ, ഞായറാഴ്ച രാവിലെ ഈ നിലപാട് മാറ്റിയ നാഗരാജ് മുംബൈക്ക് പറന്നു.
താൻ കോൺഗ്രസിനൊപ്പം നിലയുറപ്പിക്കുമെന്നായിരുന്നു നാഗരാജ് ശനി യാഴ്ച വാർത്തസമ്മേളനത്തിൽ പറഞ്ഞത്. സിദ്ധരാമയ്യ, മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി, ഡി.കെ. ശിവകുമാർ എന്നിവരുമായ ി ചർച്ച നടത്തിയാണ് നാഗരാജ് തീരുമാനം പ്രഖ്യാപിച്ചത്. വിശ്വാസവോട്ട് തേടാനൊരുങ്ങുന്ന സഖ്യസർക്കാറിന് ഇത് ഏറെ ആശ്വാസം നൽകിയിരുന്നു.
എന്നാൽ, ബി.ജെ.പി നേതൃത്വം ഞായറാഴ്ച രാവിലെ മുതൽ എം.ടി.ബി. നാഗരാജിനെ ബന്ധപ്പെട്ടിരുന്നു. തുടർന്നാണ് അദ്ദേഹം നിലപാടിൽ മലക്കംമറിഞ്ഞത്. ബി.ജെ.പി അധ്യക്ഷൻ യെദിയൂരപ്പയുടെ പേഴ്സനൽ സെക്രട്ടറിക്കൊപ്പമാണ് നാഗരാജ് മുംബൈയിലേക്ക് പോകാൻ വിമാനത്താവളത്തിലെത്തിയത്. മുംബൈയിലെ ഹോട്ടലിൽ കഴിയുന്ന മറ്റ് വിമത എം.എൽ.എമാർക്കൊപ്പം ചേരുമെന്നാണ് കരുതുന്നത്.
കോൺഗ്രസിന്‍റെ അനുനയ നീക്കത്തോട് സഹകരിച്ച മറ്റൊരു വിമത എം.എൽ.എയായ ഡോ. സുധാകറും മുംബൈയിലേക്ക് പോകുമെന്ന് അഭ്യൂഹമുണ്ട്. വിശ്വാസവോട്ടിന് മുമ്പായി പരമാവധി എം.എൽ.എമാരെ ഒപ്പം നിർത്താൻ തീവ്ര ശ്രമം നടത്തുന്ന കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാറിന് കനത്ത തിരിച്ചടിയായിരിക്കുകയാണ് എം.എൽ.എമാരുടെ പുതിയ നീക്കം.
നേരത്തെ, രാജി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശനിയാഴ്ച അഞ്ച് വിമത എം.എൽ.മാർ കൂടി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. ഇത് വിമതരുടെ തിരിച്ചുപോക്ക് തടയാനുള്ള ബി.ജെ.പിയുടെ മറുനീക്കമായാണ് കരുതുന്നത്.
കോൺഗ്രസും ജെ.ഡി.എസും എം.എൽ.എമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷ നേതാവ് ബി.എസ്. യെദിയൂരപ്പ തിങ്കളാഴ്ച സഭയിൽ വിശ്വാസ വോെട്ടടുപ്പിന് തയാറാണെന്ന് അറിയിച്ചു. ഭരണപക്ഷവും പ്രതിപക്ഷവും വിശ്വാസവോട്ടിന് സന്നദ്ധത പ്രകടിപ്പിച്ചതോടെ ഇനി സ്പീക്കറാണ് തീയതി നിശ്ചയിക്കേണ്ടത്.
സ്പീക്കറടക്കം 101 അംഗങ്ങളിലേക്ക് ചുരുങ്ങിയ സർക്കാറിന് ഏഴ് അംഗങ്ങളുടെകൂടി പിന്തുണ ഉറപ്പിച്ചാലേ വിശ്വാസവോെട്ടടുപ്പിൽ ജയിക്കാനാവൂ. സ്വതന്ത്രെൻറയും കെ.പി.ജെ.പി അംഗത്തിെൻറയും അടക്കം ബി.ജെ.പിക്ക് 107 പേരുടെ പിന്തുണയാണുള്ളത്.
ബി.ജെ.പിയുടെയും കോൺഗ്രസിെൻറയും ജെ.ഡി.എസിെൻറയും എം.എൽ.എമാർ ബംഗളൂരുവിലെ വിവിധ റിസോർട്ടുകളിലും 10 വിമത എം.എൽ.എമാർ മുംബൈയിലെ ഹോട്ടലിലും കഴിയുകയാണ്. മുംബൈയിൽ കഴിയുന്ന വിമത എം.എൽ.എമാർ ശനിയാഴ്ച ചാർട്ടർ ചെയ്ത വിമാനത്തിൽ ഷിർദി സായി ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.