ലഖ്നോ: ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്വാദി പാർട്ടി സ്ഥാപകനും ദേശീയ രാഷ്ട്രീയത്തിലെ അതികായനുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസ്സായിരുന്നു. ഗുരുഗ്രാം മേദാന്ത ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ച രാവിലെയായിരുന്നു അന്ത്യം. ഉത്തർപ്രദേശിലെ ഇട്ടാവ ജില്ലയിലെ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ സയ്ഫയിൽ ചൊവ്വാഴ്ച ഉച്ചക്കുശേഷം മൂന്നിനാണ് സംസ്കാരം. ആദരസൂചകമായി ഉത്തർപ്രദേശ് സർക്കാർ മൂന്നു ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്ത്യൻ രാഷ്ട്രീയ ഗോദയിൽ ഗുസ്തിക്കാരന്റെ മെയ്വഴക്കമുള്ള നേതാവെന്ന നിലയിലും സോഷ്യലിസ്റ്റ് ധാരയുടെ കരുത്തനായ വക്താവ് എന്നനിലയിലും മുലായം ദേശീയശ്രദ്ധ പിടിച്ചുപറ്റി. മൂന്നുതവണ (1989-91, 1993-95, 2003-07) ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്നു. 1996ൽ ദേവഗൗഡയുടെയും തുടർന്ന് ഗുജ്റാളിന്റെയും സർക്കാറുകളിൽ കേന്ദ്ര പ്രതിരോധ മന്ത്രിയായി. നിലവിൽ മെയിൻപുരി മണ്ഡലത്തിൽനിന്നുള്ള എം.പിയാണ്.
സുഖാർ സിങ്ങിന്റെയും മൂർത്തിദേവിയുടെയും മകനായി 1939 നവംബർ 22നാണ് ജനനം. കർഷക കുടുംബത്തിൽ ജനിച്ച മുലായം മെയിൻപുരിയിലെ സ്കൂൾ പഠനകാലത്ത് തന്നെ ഗുസ്തിക്കാരൻ എന്ന നിലയിൽ പേരെടുത്തു. രാഷ്ട്രതന്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി. 15ാം വയസ്സിൽ തന്നെ രാഷ്ട്രീയത്തിൽ തൽപരനായ മുലായം കലാലയ പഠനകാലത്ത് രാം മനോഹർ ലോഹ്യയുടെ ആശയങ്ങളിൽ ആകൃഷ്ടനായാണ് സോഷ്യലിസ്റ്റ് ചിന്താധാരയുടെ ഭാഗമാകുന്നത്.
1967ൽ 28ാം വയസ്സിൽ സംയുക്ത സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർഥിയായി ജസ്വന്ത്നഗറിൽനിന്ന് ജയിച്ച് നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായി. അടിയന്തരാവസ്ഥക്കാലത്ത് 19 മാസം ജയിലിലായി. 1977ലെ തെരഞ്ഞെടുപ്പിൽ ജയിച്ച് ആദ്യ ജനത മന്ത്രിസഭയിൽ സഹകരണ മന്ത്രിയായി. ഏഴു തവണയാണ് അദ്ദേഹം ജസ്വന്ത്നഗറിനെ നിയമസഭയിൽ പ്രതിനിധാനം ചെയ്തത്. ലോക്ദളിലെ കരുത്തനായ നേതാവായി മാറിയ അദ്ദേഹം പിന്നീട് ആശയഭിന്നതകളെ തുടർന്ന് ലോക്ദൾ-ബിക്ക് രൂപംകൊടുത്തു. 1980ൽ ലോക്ദൾ-ബി അടക്കമുള്ള പാർട്ടികൾ ചേർന്ന് ജനതാദൾ രൂപമെടുത്തു. 1982-85, 1985-87 കാലയളവിൽ പ്രതിപക്ഷ നേതാവായി.
1989ൽ ആദ്യമായി യു.പി മുഖ്യമന്ത്രിയായത് ബി.ജെ.പിയുടെ പുറമെനിന്നുള്ള പിന്തുണയോടെയാണ്. ബാബരി മസ്ജിദ് വിഷയത്തിൽ സംഘ്പരിവാർ സംഘടനകൾക്കെതിരെ കർശന നിലപാട് സ്വീകരിച്ചതിനെ തുടർന്ന് ബി.ജെ.പി പിന്തുണ പിൻവലിച്ചെങ്കിലും കോൺഗ്രസ് പിന്തുണയോടെ 1991 വരെ മുഖ്യമന്ത്രി സ്ഥാനത്ത് തുടർന്നു. അതിനിടെ, വി.പി. സിങ്ങുമായി വഴിപിരിഞ്ഞ് ചന്ദ്രശേഖറിന്റെ സമാജ്വാദി ജനത പാർട്ടിയിലെത്തി.
1992 ൽ സമാജ്വാദി പാർട്ടി രൂപവത്കരിച്ചു. മായാവതിയുടെ ബി.എസ്.പിയുമായി സഖ്യം ചേർന്നാണ് 1993ൽ മുഖ്യമന്ത്രിയായത്. 1996ൽ ലോക്സഭാംഗമായതോടെ ദേശീയ രാഷ്ട്രീയത്തിൽ സജീവമായി. 1998 വരെ ഐക്യമുന്നണി സർക്കാറിൽ പ്രതിരോധ മന്ത്രിയായിരുന്നു. 1998ലും 1999ലും ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ബി.എസ്.പി-ബി.ജെ.പി സഖ്യസർക്കാർ വീണതോടെ 2003ൽ മുലായം സിങ് വീണ്ടും മുഖ്യമന്ത്രിയായി. 2007ൽ ബി.എസ്.പി തിരികെവന്നപ്പോൾ പ്രതിപക്ഷ നേതാവായിരുന്നു. 2009 മുതൽ ലോക്സഭാംഗമാണ്. 2012ൽ സമാജ്വാദി പാർട്ടി ശക്തമായി തിരിച്ചെത്തിയപ്പോൾ മകൻ അഖിലേഷ് യാദവിനെയാണ് അദ്ദേഹം മുഖ്യമന്ത്രിയാക്കിയത്. പരേതരായ മാലതി ദേവി, സാധന ഗുപ്ത എന്നിവരാണ് മുലായമിന്റെ ഭാര്യമാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.