ലഖ്നോ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി 'പാർട്ടി വിടൽ' അരങ്ങുതകർക്കുന്ന ഉത്തർപ്രദേശിൽ സമാജ്‍വാദി പാർട്ടിക്ക് പരമോന്നത നേതാവിന്റെ വീട്ടിൽ നിന്നുതന്നെ വെല്ലുവിളിയുയരുന്നു. മുലായം സിങ് യാദവിന്റെ ഇളയ മരുമകൾ അപർണ യാദവ് സമാജ്‍വാദി പാർട്ടി വിട്ട് ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് സൂചന. ബുധനാഴ്ച ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നദ്ദയുടെയും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും സാന്നിധ്യത്തിൽ അപർണ യാദവ് ബി.ജെ.പിയിൽ ചേർന്നേക്കുമെന്നാണ് അറിയുന്നത്.
മുലായത്തിന്റെ ഇളയ മകൻ പ്രതീക് യാദവിന്റെ ഭാര്യയാണ് അപർണ. 2017ലെ നിയമസഭ തെരഞ്ഞെടുപ്പിൽ അപർണ ലഖ്നോ കണ്ടോന്റ്മെന്റ് മണ്ഡലത്തിൽ സമാജ്‍വാദി പാർട്ടി ടിക്കറ്റിൽ മത്സരിച്ച് തോറ്റിരുന്നു. ബി.ജെ.പിയുടെ റീത്ത ബഹുഗു ജോഷിയാണ് അപർണയെ പരാജയപ്പെടുത്തിയത്. എങ്കിലും കഴിഞ്ഞ കുറേ വർഷങ്ങളായി മണ്ഡലം കേന്ദ്രീകരിച്ച് വിവിധ പ്രവർത്തനങ്ങൾ നടത്തി വരികയാണ് അപർണ. സമാജ്‍വാദി പാർട്ടി ഇവിടെ നടത്തുന്ന പരിപാടികളിലെല്ലാം പ്രധാന മുഖമാണ് അപർണയുടേത്.
അപർണയെ ലഖ്നോ കണ്ടോന്റ്മെന്റ് മണ്ഡലത്തിൽ മത്സരിപ്പിക്കാനാണ് ബി.ജെ.പിയുടെ നീക്കമെന്നാണ് സൂചന. എന്നാൽ, ഈ സീറ്റിൽ തന്റെ മകനെ മത്സരിപ്പിക്കണമെന്നാവശ്യപ്പെട്ട് റീത്ത ബഹുഗു ജോഷി സജീവമായി രംഗത്തുണ്ട്. തന്റെ മകൻ 2009 മുതൽ പാർട്ടിക്കുവേണ്ടി സജീവമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് അവർ വാദിക്കുന്നത്.
ബി.ജെ.പിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ സജീവമായിരിക്കേ, അപർണ ചൊവ്വാഴ്ച വൈകീട്ട് ഡൽഹിക്ക് തിരിച്ചിട്ടുണ്ട്. യു.പി ബി.ജെ.പി ഉപാധ്യക്ഷൻ ദയാശങ്കർ സിങും അതേ വിമാനത്തിലുണ്ടായിരുന്നു. അപർണയെയും ബി.ജെ.പി നേതൃത്വത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണി ദയാശങ്കർ സിങ് ആണെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.