ദ്രൗപതി മുർമു ഇന്ത്യയുടെ രാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തിട്ട് ഏതാനും ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളു. ഇതിനോടകം ട്വിറ്ററിൽ 50 ലധികം ഹാൻഡിലുകളാണ് ദ്രൗപതി മുർമുവിന്റെ പേരിലുള്ളത്. പലതും തങ്ങൾ ഔദ്യോഗിക അക്കൗണ്ടാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. മുർമുവിന്റേതെന്ന് അവകാശപ്പെടുന്ന ട്വിറ്റർ അക്കൗണ്ടുകൾ സംബന്ധിച്ച് 'ആൾട്ട് ന്യൂസ്' ആണ് വിവരങ്ങൾ പുറത്തുവിട്ടത്.
50,000 പേർ ഫോളോ ചെയ്യുന്ന ദ്രൗപതി മുർമു പി.ആർ എന്ന പേരിൽ 2022 ജൂണിൽ രൂപീകരിക്കപ്പെട്ട അക്കൗണ്ട് തങ്ങളാണ് ഔദ്യോഗിക പേജെന്ന് അവകാശപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യാന്തര മന്ത്രി അമിത് ഷാ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു എന്നിവരൊക്കെ ഈ അക്കൗണ്ടിൽ ആശംസ അറിയിച്ചിട്ടുണ്ട്. എന്നാൽ, ഈ അക്കൗണ്ടുവഴിയുള്ള പോസ്റ്റുകളിൽ നിരവധി അക്ഷര, വ്യാകരണ പിശകുകൾ കണ്ടെത്തിയതായി ആൾട്ട് ന്യൂസ് പറയുന്നു.
2013 ജനുവരിയിൽ നിലവിൽവന്ന മറ്റൊരു അക്കൗണ്ടിൽ 51,000 ഫോളോവേഴ്സ് ഉണ്ട്. ഇതിനുപിന്നിലും ആരെന്ന് വ്യക്തമല്ല. 2018 ഏപ്രിലിൽ രൂപം കൊണ്ട മറ്റൊരു അക്കൗണ്ടിനെ 33,000 പേരാണ് പിന്തുടരുന്നത്.
ഈ അക്കൗണ്ടുകളിൽ എല്ലാം രാഷ്ട്രപതിയുടെ പേര് തെറ്റിച്ച് കൊടുത്തിരിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇംഗ്ലീഷിൽ ഔദ്യോഗിക രേഖകളിലെല്ലാം droupadi murmu എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ, ഈ ട്വിറ്റർ അക്കൗണ്ടുകളിൽ ഒക്കെ draupadi എന്നാണുള്ളത്.
അതേസമയം, ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവെ രാഷ്ട്രപതിയുടെ പേഴ്സനൽ അസിസ്റ്റന്‍റ് സൂരജ് കുമാർ, ദ്രൗപതി മുർമുവിന് സ്വകാര്യ ട്വിറ്റർ അക്കൗണ്ടുകൾ ഒന്നും തന്നെയില്ല എന്ന് സ്ഥികരീകരിച്ചതായും ആൾട്ട് ന്യൂസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.