മുംബൈ സ്‌ഫോടനക്കേസ്: ഒളിവിൽപ്പോയ ഏഴ് പ്രതികൾ ഒടുവിൽ വിചാരണയിലേക്ക്

മുംബൈ: 1993-ലെ സ്‌ഫോടനക്കേസിൽ കഴിഞ്ഞ കുറെ വർഷങ്ങളായി ഒളിവിൽപ്പോയ ഏഴു പ്രതികളുടെ മൂന്നാം ഘട്ട വിചാരണ പ്രത്യേക ടാഡ കോടതിയിൽ ആരംഭിച്ചു. ഫാറൂഖ് തക്ല എന്ന ഫാറൂഖ് മൻസൂരി, അഹമ്മദ് ലംബു, മുനാഫ് ഹലാരി, അബൂബക്കർ, സൊഹൈബ് ഖുറേഷി, സയീദ് ഖുറേഷി, യൂസഫ് ബട്ക എന്നിവരാണ് വിചാരണ നേരിടുന്നത്.

സ്‌ഫോടനങ്ങൾ ആസൂത്രണം ചെയ്യാൻ ഇവർ ഗൂഢാലോചന നടത്തിയെന്നും അവിടെ ആയുധപരിശീലനം നടത്തിയെന്നും ആരോപണമുണ്ട്. പരിശീലനത്തിനായി പാകിസ്ഥാനിലേക്ക് അയക്കുന്നതിന് മുമ്പ് സ്‌ഫോടനത്തിന് റിക്രൂട്ട് ചെയ്യപ്പെട്ട സൈനികർക്ക് താമസത്തിനും ഗതാഗതത്തിനും മൻസൂരി സൗകര്യമൊരുക്കിയെന്നാണ് ആരോപണം. ലംബു, ബക്കർ, ഖുറേഷി, ബട്ക എന്നിവർ ബോംബ് നിർമാണ പരിശീലനത്തിൽ പങ്കെടുക്കുകയും ഹലാരിയാണ് സ്‌ഫോടനത്തിന് ഉപയോഗിച്ച സ്‌കൂട്ടർ വാങ്ങിയതെന്നും കോടതി വ്യക്തമാക്കി.

ടാഡ, ഇന്ത്യൻ ശിക്ഷാ നിയമം, ആയുധ നിയമം, സ്ഫോടകവസ്തു നിയമം, പൊതുമുതൽ നശിപ്പിക്കൽ തടയൽ എന്നിവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 1993ലെ മുംബൈ സ്‌ഫോടന പരമ്പരയിൽ 257 പേർ കൊല്ലപ്പെടുകയും 1400 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

2007ൽ അവസാനിച്ച വിചാരണയുടെ ആദ്യഘട്ടത്തിൽ 100 ​​പേരെയാണ് കുറ്റക്കാരായി കോടതി വിധിച്ചത്. അതിൽ യാക്കൂബ് മേമൻ ഉൾപ്പെടെ 12 പേർക്ക് വധശിക്ഷ വിധിച്ചിരുന്നു. ഏഴ് പ്രതികൾക്കെതിരായ കേസിൽ 39 പേരെ കൂടി വിസ്തരിക്കാൻ സാധ്യതയുണ്ട്. 11 പ്രതികളുടെ വധശിക്ഷയാണ് സുപ്രീംകോടതി ഇളവ് ചെയ്തത്. വിചാരണയുടെ രണ്ടാം ഘട്ടത്തിൽ ഏഴ് പ്രതികൾ വിചാരണ നേരിടുകയും ഒരാളെ കോടതി വെറുതെ വിടുകയും ചെയ്തിരുന്നു.

Tags:    
News Summary - Mumbai blast case: Seven absconding accused finally to go to trial

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.