ആധാർ പൗരത്വ രേഖയല്ലെന്ന് കോടതി; യുവതിക്ക് തടവ് ശിക്ഷ

മുംബൈ: ആധാർ കാർഡ്, പാൻ കാർഡ് എന്നിവ പൗരത്വ രേഖയല്ലെന്ന് മുംബൈ കോടതി. മുംബൈയിൽ അനധികൃതമായി താമസിക്കുകയായിരുന്നെന്ന് ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത യുവതി ഹാജരാക്കിയ പൗരത്വ രേഖകൾ തള്ളിയാണ് കോടതിയുടെ നടപടി. ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചതിനും താമസിച്ചതിനും ഇവർക്ക് ഒരു വർഷത്തേക്ക് കോടതി തടവ് ശിക്ഷ വിധിക്കുകയും ചെയ്തു.

മുംബൈ ദഹിസാറിൽ താമസിക്കുന്ന തസ്ലീമ റൊബീയുൽ (35) എന്ന യുവതിയാണ് ഇന്ത്യൻ പാസ്പോർട്ട് നിയമപ്രകാരം കുറ്റക്കാരിയാണെന്ന് കണ്ടത്തിയത്. പാൻ കാർഡ്, ആധാർ കാർഡ് എന്നിവ പൗരത്വത്തിന് തെളിവല്ല. വസ്തു വിൽപന ഇടപാടുകളും പൗരത്വത്തിന് ആധാരമല്ല. സാധാരണനിലക്ക് ജനന തീയതി, ജനിച്ച സ്ഥലം, മാതാപിതാക്കൾ, മാതാപിതാക്കളുടെ ജന്മസ്ഥലം എന്നിവയാണ് പൗരത്വത്തിന് അടിസ്ഥാനം. ചില ഘട്ടങ്ങളിൽ മുത്തച്ഛൻെറയും മുത്തശ്ശിയുടെയും ജനന സ്ഥലവും അടിസ്ഥാനമാക്കി പൗരത്വം തീരുമാനിക്കേണ്ടി വരുമെന്നും കോടതി ചൂണ്ടിക്കാട്ടി. പൗരത്വം തെളിയിക്കേണ്ടത് പരാതിക്കാരിയുടെ ഉത്തരവാദിത്തമാണെന്നും സർക്കാറിനല്ലെന്നും കോടതി വ്യക്തമാക്കി. താൻ പശ്ചിമ ബംഗാൾ സ്വദേ‍ശിയാണെന്നും മുംബൈയിൽ 15 വർഷമായി താമസിക്കുന്നു എന്നുമുള്ള റൊബീയുലിൻെറ വാദങ്ങൾ പര്യാപ്തമായ രേഖകൾ ഇല്ലാത്തതിനാൽ കോടതി തള്ളി.

സ്ത്രീയെന്ന പരിഗണന വെച്ച് ശിക്ഷ ഇളവ് ചെയ്യണമെന്ന റൊബീയുലിൻെറ അപേക്ഷയും കോടതി തള്ളി. ഇത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും രാജ്യസുരക്ഷക്ക് എതിരാണെന്നും കോടതി അഭിപ്രായപ്പെട്ടു. ശിക്ഷ പൂർത്തിയാക്കിയ ശേഷം റൊബീയുലിനെ ബംഗ്ലാദേശിലേക്ക് നാട് കടത്താനുള്ള നടപടികൾ ആരംഭിക്കാനും കോടതി പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടു. 16 പേർക്കൊപ്പം 2009ലാണ് റൊബീയുലിനെ റാവൽപാഡ ചേരിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ബാക്കിയുള്ളവർ കോടതി നടപടികൾക്കിടെ ഒളിവിൽ പോയിരുന്നു.


Tags:    
News Summary - Mumbai Court says Aadhaar not citizenship proof convicts Bangladeshi woman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.