മുംബൈ: ഡൽഹി നിർഭയക്കു സമാനം മുംബൈയിൽ ദലിത് യുവതിയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ. അപൂർവങ്ങളിൽ അപൂർവമെന്നു വിശേഷിപ്പിച്ചാണ് പ്രത്യേക അതിവേഗ കോടതി ജഡ്ജി എച്ച്.സി. ഷിണ്ഡെ വ്യാഴാഴ്ച പ്രതി മോഹൻ ചൗഹാന് (44) വധശിക്ഷ വിധിച്ചത്. തിങ്കളാഴ്ച പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്ക് സ്ത്രീത്വത്തോട് ഒട്ടും ബഹുമാനമില്ലെന്നും അതിക്രൂര പീഡനം മുംബൈ നഗരത്തിലെ സ്ത്രീകളിൽ സുരക്ഷാഭയമുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷൻ വധശിക്ഷ ആവശ്യപ്പെട്ടത്.
മുമ്പ് കേസുകളില്ലെന്നും പ്രതിക്ക് ഭാര്യയുണ്ട് എന്നുമുള്ള പ്രതിഭാഗത്തിന്റെ വാദങ്ങൾ കോടതി തള്ളി. ഇന്ത്യൻ ശിക്ഷ നിയമത്തിനുപുറമെ എസ്.സി.എസ്.ടി അതിക്രമ വിരുദ്ധ നിയമങ്ങളും പൊലീസ് ചുമത്തിയിരുന്നു. കഴിഞ്ഞ സെപ്റ്റംബർ ഒമ്പതിന് രാത്രിയാണ് നഗരത്തെ നടുക്കിയ സംഭവം. പ്രതിയും ഇരയും തമ്മിൽ പരിചയമുള്ളവരായിരുന്നു. ലൈംഗികവേഴ്ച നിഷേധിച്ചതോടെ 32 കാരിയെ നിർത്തിയിട്ട ടെംമ്പോ വാനിലിട്ട് ബലാത്സംഗം ചെയ്യുകയും സ്വകാര്യ ഭാഗത്ത് ഇരുമ്പു ദണ്ഡ് പ്രയോഗിക്കുകയും ചെയ്തുവെന്നാണ് കേസ്.
ഇരുമ്പുദണ്ഡ് പ്രയോഗമാണ് മരണകാരണമെന്ന വാദം കോടതി അംഗീകരിച്ചു. പീഡനത്തിന് ഇരയായ സ്ത്രീയെ കണ്ട വഴിപോക്കൻ പൊലീസിനെ അറിയിക്കുകയായിരുന്നു. ചികിത്സക്കിടെയാണ് യുവതി മരിച്ചത്. സി.സി.ടി.വിയുടെ സഹായത്തോടെയാണ് ചൗഹാനെ പിടികൂടിയത്. 18 ദിവസത്തിനകം പൊലീസ് കേസിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. തുടർന്ന് മഹാരാഷ്ട്ര സർക്കാർ അതിവേഗ വിചാരണക്ക് നിർദേശം നൽകുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.