പിടിയിലായ ഗീത പട്ടേൽ

പുരുഷന്മാർക്ക് ആലിംഗനം നൽകി കവർച്ച നടത്തുന്ന സ്ത്രീ പൊലീസ് പിടിയിൽ

മുംബൈ: വയോധികരായ പുരുഷൻമാർക്ക് ആലിംഗനം നൽകി സ്വർണാഭരണങ്ങളും മൊബൈൽ ഫോണും ഉൾപ്പെടെ മോഷ്ടിക്കുന്ന സ്ത്രീ പിടിയിൽ. ഗീത പട്ടേലിനെയാണ് മുംബൈ മലാഡ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി വയോധികരെ കൊള്ളയടിക്കാൻ ഇവർ മുമ്പും സമാനരീതി ഉപയോഗിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

72 വയസുള്ള മലാഡ് സ്വദേശിയിൽ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന സ്വർണ മാല കവർന്ന കേസിലാണ് ഇപ്പോൾ ഇവരുടെ അറസ്റ്റ്. ഷോപ്പിങിന് ശേഷം വയോധികൻ ഓട്ടോയിൽ വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം. ഓട്ടോ കൈകാണിച്ച് നിർത്തിയ ഗീത ഇയാളോട് ലിഫ്റ്റ് ചോദിച്ചു. തുടർന്ന് കയറാനുള്ള സമ്മതവും നൽകി. ഒരു കെട്ടിടത്തിന് മുന്നിൽ ഓട്ടോ നിർത്താൻ ആവശ്യപ്പെട്ട യുവതി നന്ദി സൂചകമായി വയോധികനെ ആലിംഗനം ചെയ്തു. ഇതിനിടെയാണ് കഴുത്തിലുണ്ടായിരുന്ന സ്വർണമാല കവർന്നത്.

വീട്ടിൽ എത്തിയപ്പോഴാണ് ഇയാൾ മോഷണവിവരം അറിഞ്ഞത്. തുടർന്ന്, മലാഡ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. സീനിയർ ഇൻസ്പെക്ടർ രവി അധാനെയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം നടത്തിയ അന്വേഷണത്തിൽ മീരാ ഭയന്ദറിൽ നിന്നാണ് ഗീതയെ പിടികൂടിയത്. ചാർകോപ്പ്, മലാഡ്, ബോറിവ്‌ലി, മീരാ റോഡ് തുടങ്ങിയ സ്ഥലങ്ങളിൽ സമാനമായ കുറ്റകൃത്യങ്ങൾ ചെയ്തിരുന്ന സ്ഥിരം കുറ്റവാളിയാണ് ഗീതയെന്ന് അന്വേഷണത്തിൽ തെളിഞ്ഞു. കോടതിയിൽ ഹാജരാക്കിയ ഇവരെ പിന്നീട് പൊലീസ് കസ്റ്റഡിയിൽ വിട്ടു.

ഒറ്റക്ക് നടക്കുന്നവരേയും ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നവരേയുമാണ് ഇവർ പൊതുവെ ലക്ഷ്യമിടാറ്. കണ്ടുമുട്ടുന്ന പുരുഷന്മാരുമായി സൗഹൃദം സ്ഥാപിച്ച് അവരെ വശീകരിക്കലാണ് പിന്നീട്. അവസരം കിട്ടുമ്പോൾ ആലിംഗനം ചെയ്ത് മോഷണം നടത്തും. ഓട്ടോയിൽ ലിഫ്റ്റ് ചോദിച്ച് കയറുകയും ലക്ഷ്യസ്ഥാനത്ത് ഇറങ്ങുമ്പോൾ നന്ദി പറഞ്ഞ് ആലിംഗനം ചെയ്യുകയാണ് പതിവ് രീതി. ഫോണുകൾ, സ്വർണാഭരണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളാണ് മോഷ്ടിക്കാറ്.

Tags:    
News Summary - Mumbai: Woman who hugged elderly to steal valuables arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.