ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ ധനസഹായം അനുവദിക്കുന്നതിലെ കാലതാമസത്തിന് കാരണം കേരള സർക്കാറാണെന്ന വിശദീകരണവുമായി കേന്ദ്രം. വയനാടിന് സഹായം ആവശ്യപ്പെട്ടുള്ള വിശദ റിപ്പോര്‍ട്ട് നവംബര്‍ 13നാണ് കേരളം കൈമാറിയതെന്ന് വയനാട് എം.പി പ്രിയങ്ക ഗാന്ധിക്ക് നല്കിയ മറുപടിയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വെളിപ്പെടുത്തി.
സംസ്ഥാനം സമര്‍പ്പിച്ച റിപ്പോർട്ട് കേന്ദ്ര സംഘം പരിശോധിച്ചുവരുകയാണ്. വയനാടിന് സഹായം അഭ്യർഥിച്ച് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ കേരള എം.പിമാർ കഴിഞ്ഞദിവസം അമിത് ഷായെ കണ്ട് നിവേദനം നൽകിയിരുന്നു. അതിനുള്ള മറുപടിയിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്.
സംഭവം നടന്ന് മൂന്നര മാസം കഴിഞ്ഞിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഉറപ്പുകൾ പാലിക്കുന്നതിൽ സംസ്ഥാന സർക്കാർ കാലതാമസം വരുത്തി. പുനരധിവാസ, പുനർനിർമാണ പ്രവർത്തനങ്ങൾക്ക് 2219.033 കോടി രൂപയുടെ എസ്റ്റിമേറ്റ് സഹിതം കേരളം അടുത്തിടെയാണ് റിപ്പോർട്ട് നൽകിയത്. അതു പരിശോധിച്ച് വരുകയാണ്.
കേന്ദ്ര വിഹിതത്തിന്റെ ഒന്നും രണ്ടും ഗഡുക്കളായ 145.6 കോടി രൂപ വീതം ജൂലൈ 31, ആഗസ്റ്റ് ഒന്ന് തിയതികളിൽ നൽകി. കൂടാതെ, ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സംസ്ഥാനത്തിന്റെ അക്കൗണ്ടിൽ 789.99 കോടി രൂപയുണ്ടെന്ന് അമിത് ഷാ നൽകിയ മറുപടിയിൽ വിശദീകരിച്ചു.
ന്യൂഡൽഹി: ദുരന്തങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രിയങ്ക ഗാന്ധി എക്സിൽ കുറിച്ചു. വയനാട് ദുരന്തത്തിൽ അമിത് ഷാ നൽകിയ മറുപടി പങ്കുവെച്ചാണ് നിലപാട് വ്യക്തമാക്കിയത്. ഇരകളെ പിന്തുണക്കാനുള്ള ശ്രമങ്ങളിൽ മാനവികതക്കും അനുകമ്പക്കും മുൻഗണന നൽകണം.
വയനാട്ടിലെ ജനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാറുകളെ പ്രതീക്ഷയോടെയാണ് നോക്കുന്നത്. അവർക്ക് ഒഴികഴിവുകളല്ല ആവശ്യം. അവരുടെ ജീവിതം അന്തസ്സോടെ പുനർനിർമിക്കാൻ അടിയന്തര സഹായം വേണം. കേന്ദ്രവും സംസ്ഥാനവും മുന്നിട്ടിറങ്ങി ഉത്തരവാദിത്തം നിറവേറ്റണം -പ്രിയങ്ക വ്യക്തമാക്കി.
തൃശൂർ: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പുനരധിവാസത്തിന് സഹായധനം തരാത്ത കേന്ദ്രം അതിന് പുതിയ കാരണങ്ങൾ പറയുകയാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. കേരളം നവംബർ 13നാണ് മെമ്മോറാണ്ടം നൽകിയതെന്ന കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ആരോപണം തെറ്റാണ്.
കേന്ദ്രം നിർദേശിച്ചപ്രകാരം 1201 കോടി രൂപയുടെ നഷ്ടം പ്രതിപാദിക്കുന്ന മെമ്മോറാണ്ടം ആഗസ്റ്റ് 17ന് സമർപ്പിച്ചു. അതിന്റെ അക്നോളജ്മെന്റ് കേരളത്തിന്റെ പക്കലുണ്ട്.
ആദ്യം കൊടുത്ത നിവേദനത്തിൽ പറഞ്ഞ മൂന്ന് കാര്യങ്ങളിൽ ഒന്നുപോലും നടപ്പാക്കിയില്ല. ആ മെമ്മോറാണ്ടം ഒരു ഡെമി ഒഫിഷ്യൽ ലെറ്ററാക്കി കാണിച്ച് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ വീണ്ടും കണ്ടു. ഇങ്ങനെ നാല് മെമ്മോറാണ്ടങ്ങൾ കേന്ദ്രത്തിന്റെ കൈയിലുണ്ടെന്നും മന്ത്രി രാജൻ തൃശൂരിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.