അറസ്റ്റിലായ ദർശൻ അന്വേഷണ സംഘത്തോടൊപ്പം

കൊലക്കേസ്; നടൻ ദർശനെയും പവിത്ര ഗൗഡയെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു

ബംഗളൂരു: ആരാധകനായ യുവാവിനെ കൊലപ്പെടുത്തിയ കേസിൽ കന്നഡ നടൻ ദർശൻ തൂഗുദീപ, നടി പവി​ത്ര ഗൗഡ, മറ്റു നാലു പ്രതികളെയും സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ദർശനെയും പവിത്രയെയും കൂടാതെ കൊലപാതകത്തിൽ നേരിട്ട് പങ്കാളികളായ നിഖിൽ, വിനയ്, കാർത്തിക്, രാഘവേന്ദ്ര എന്നിവരെയാണ് ബംഗളൂരു പട്ടണഗരെയിലെ ക്രൈം സീനിൽ തെളിവെടുപ്പിനെത്തിച്ചത്.

കൊല്ലപ്പെട്ട രേണുക സ്വാമി

ഈ നാൽവർ സംഘമാണ് മൃതദേഹം കാമാക്ഷിപാളയ സുമനഹള്ളിയിലെ കനാലിൽ ഉപേക്ഷിച്ചത്. കേസിൽ മുഖ്യ പ്രതിയാണ് പവിത്ര ഗൗഡ. ഒരു സ്ത്രീയടക്കം നാലുപേർകൂടി പിടിയിലാവാനുണ്ട്. ഒളിവിലുള്ള ഇവർക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് പറഞ്ഞു. ചിത്രദുർഗ ലക്ഷ്മി വെങ്കടേശ്വര ലേഔട്ട് സ്വദേശിയും മെഡിക്കൽഷോപ് ജീവനക്കാരനുമായ രേണുക സ്വാമിയുടെ (33) കൊലപാതകവുമായി ബന്ധപ്പെട്ട് 13 പ്രതികളാണ് കേസിൽ അറസ്റ്റിലായത്. ദർശന്റെ കടുത്ത ആരാധകനാണ് കൊല്ലപ്പെട്ട രേണുക സ്വാമിയെന്നാണ് വിവരം. ദർശന്റെ സുഹൃത്താണ് പവിത്ര ഗൗഡ. ദർശൻ 10 വർഷമായി തന്റെ പങ്കാളിയാണെന്ന് കഴിഞ്ഞ ജനുവരിയിൽ പവി​ത്ര ഗൗഡ വെളിപ്പെടുത്തിയിരുന്നു.

ദർശന്റെയും ഭാര്യ വിജയലക്ഷ്മിയും ജീവിതത്തിൽ വിള്ളലുണ്ടാക്കാൻ ശ്രമിക്കുകയാണെന്നാരോപിച്ച് പവിത്രയുടെ സമൂഹ മാധ്യമ അക്കൗണ്ടിൽ രേണുകസ്വാമി സന്ദേശം അയച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കമന്റിൽ അസഭ്യ പരാമർശങ്ങളും ഇയാൾ നടത്തി. ഇതോടെ രേണുക സ്വാമിയെ ശിക്ഷിക്കണമെന്ന് ദർശനോട് പവിത്രഗൗഡ ആവശ്യപ്പെട്ടു. ചി​ത്രദുർഗയിലെ ദർശൻ ഫാൻ ക്ലബ് കൺവീനർ രാഘവേന്ദ്ര എന്ന രഘുവുമായി ദർശൻ ബന്ധപ്പെട്ടു. ഇയാൾ രേണുക സ്വാമിയെ കുറിച്ച് എല്ലാ വിവരവും ശേഖരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടിൽനിന്ന് ഭർത്താവിനെ രാഘവേന്ദ്ര കൂട്ടിക്കൊണ്ടുപോയതായാണ് രേണുക സ്വാമിയുടെ ഭാര്യ സഹാന പൊലീസിൽ നൽകിയ മൊഴി. തട്ടിക്കൊണ്ടുപോയ രേണുക സ്വാമിയെ കാമാക്ഷിപാളയ പട്ടണഗരെയിലെ കാർ ഷെഡിലെത്തിച്ച് ദർശൻ ബെൽറ്റ് ഉപയോഗിച്ച് മർദിച്ചു. ബോധരഹിതനായപ്പോൾ വടികൊണ്ട് അടിച്ചു.

സമീപത്തെ ചുമരിലേക്ക് തൂക്കിയെറിഞ്ഞു. ഇത് ഗുരുതര പരിക്കിനിടയാക്കി. ശരീരത്തിൽ പല ഭാഗത്തെയും അസ്ഥികൾ ഒടിഞ്ഞ നിലയിലായിരുന്നു മൃതദേഹം. പിന്നീട് സുമനഹള്ളിയിലെ അഴുക്കുചാലിൽകൊണ്ടു തള്ളിയതായി പൊലീസ് പറയുന്നു. കനാലിൽ ഒരു മൃതദേഹം തെരുവുനായ്ക്കൾ കടിച്ചുവലിക്കുന്നത് കണ്ട ഫുഡ് ഡെലിവറി ബോയിയാണ് വിവരം പൊലീസിൽ അറിയിച്ചത്.

പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ രണ്ടുപ്രതികൾ കാമാക്ഷിപാളയ പൊലീസ് സ്റ്റേഷനിലെത്തി കൊലപാതക കുറ്റം ഏറ്റുപറഞ്ഞു. സാമ്പത്തിക തർക്കത്തെ തുടർന്ന് തങ്ങളാണ് കൊലപ്പെടുത്തിയതെന്നായിരുന്നു ഇരുവരുടെയും വാദം. എന്നാൽ, അന്വേഷണം പുരോഗതിയിലായതോടെ കേസിൽ നടീനടന്മാരായ പവി​​ത്ര ഗൗഡയുടെയും ദർശന്റെയും പങ്ക് വെളിപ്പെട്ടു. തുടർന്നാണ് ചൊവ്വാഴ്ച ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികൾ ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കഴിയുകയാണ്. 

Tags:    
News Summary - murder case; Actor Darshan and Pavitra Gowda were brought to the spot and took evidence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.