ബെംഗളൂരു: ഒരു ഹൈന്ദവ സഹോദരന്‍റെ ചിതാഭസ്മം കാവേരി നദിയിൽ നിമജ്ജനം ചെയ്യാനായി പോകുന്ന വേളയിൽ സാദ് ഖയ്യൂമും രാഹുൽ ജോർജിനും നല്ല ഭയമുണ്ടായിരുന്നു. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് വീക്ഷിച്ച ശേഷമായിരുന്നു നദിക്കരയിലൂടെ അവർ സഞ്ചരിച്ചത്. ഏപ്രിൽ 30നാണ് ബംഗളൂരുവിൽ കോവിഡ് ബാധിച്ച് മരിച്ച 60കാരനായ ഹൈന്ദവ വിശ്വാസിയുടെ അന്ത്യകർമങ്ങൾ മുസ്ലിമായ ഖയൂമും ക്രിസ്ത്യാനിയായ രാഹുലും നിർവഹിച്ചത്.
തങ്ങളുടെ മതത്തിൽ പെട്ടവരുടെ ശവസംസ്കാരവും മറ്റും അന്യമതസ്ഥർ ചെയ്യരുതെന്ന നിലപാട് സ്വീകരിക്കുന്ന ഭാരതീയ ജനതാ പാർട്ടി ഭരിക്കുന്ന സംസ്ഥാനമായ കർണാടകയിലാണ് സംഭവമെന്നതാണ് ഇരുവരെയും ഭയപ്പെടുത്തിയത്.
'അന്ത്യകർമ ജിഹാദ് എന്ന് അവർ വിളിക്കുമെങ്കിലും ഇത് ഞങ്ങൾക്ക് ചെയ്യണമായിരുന്നു' -31കാരനായ ഖയ്യൂം 'ദ ക്വിന്‍റി'നോട് പറഞ്ഞു. മരിച്ചയാളുടെ മകനും മകളും കോവിഡ് ബാധിച്ച് ആശുപത്രിയിലായതിനാലാണ് ഹൈന്ദവാചാരപ്രകാരം ചിതാഭസ്മം ഒഴുക്കേണ്ട ചുമതല ഖയൂമിന്‍റെയും രാഹുലിന്‍റെയും പക്കൽ വന്നുചേർന്നത്.
അടുത്ത കാലത്തായി കർണാടകയിൽ വർഗീയവാദം അതിരൂക്ഷമായതാണ് ഉരുവരെയും ഭയപ്പെടുത്തിയത്. മുസ്ലിംകൾക്കെതിരായ വിദ്വേഷ കുറ്റകൃത്യങ്ങൾ, ലവ് ജിഹാദ് ആേരാപണങ്ങൾ, ഗോസംരക്ഷണ നിയമം തുടങ്ങി നിരവധി കാര്യങ്ങൾ സംസ്ഥാനത്ത് കത്തിനിൽക്കുന്നതിനാൽ ഒരാളുടെ അന്ത്യകർമം അന്യമതസ്ഥർ ചെയ്യുന്നതും വിവാദമാകുമെന്ന് അവർ ഭയന്നു.
മരണ വിവരമറിഞ്ഞ രാഹുൽ ഒരു ഹൈന്ദവ സുഹൃത്തിനെയാണ് ആദ്യം വിളിച്ചത്. 'ഞാൻ എന്തെങ്കിലും തെറ്റ് ചെയ്ത് സമുദായത്തിന്‍റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ഭയപ്പെട്ടു. അപകടം പിടിച്ച സമയമായതിനാൽ കൂടുതൽ ശ്രദ്ധാലുവായിരിക്കാൻ ആഗ്രഹിച്ചു' -രാഹുൽ പറഞ്ഞു.
മാതാവിന് സുഖമില്ല, ചെറിയ കുട്ടി ഉണ്ട് എന്നീ കാരണങ്ങളാൽ രാഹുൽ വിളിച്ച സുഹൃത്ത് വരാൻ തയാറായില്ല. ദിവസത്തെ ബാക്കി സമയം സ്നാനസമയത്ത് ഉരുവിടേണ്ട അഭിഷേക മന്ത്രം പഠിക്കാൻ ഇരുവരും വിനിയോഗിച്ചു.
'ഞങ്ങൾ ശ്രീരംഗപട്ടണത്തേക്ക് പുറപ്പെട്ടു. മന്ത്രം ഉരുവിട്ടു. ഞാൻ ഒരു മുസ്ലിം ആണെങ്കിലും ആ സമയത്ത് എനിക്ക് ആത്മീയമായ സംഘർഷങ്ങൾ അനുഭവപ്പെട്ടില്ല. കാരണം ഇത് ചെയ്യാൻ മറ്റാരുമില്ലാത്തതിനാലാണ് ഞാൻ ഇത് ചെയ്യുന്നതെന്ന് എനിക്കറിയാം' -ഖയൂം പറഞ്ഞു. സമൂഹത്തെ ആവശ്യത്തിൽ സഹായിക്കലാണ് തന്‍റെ മതം പഠിപ്പിക്കുന്നതെന്ന ഉത്തമ ബോധ്യം രാഹുലിനുമുണ്ടായിരുന്നു.
'നിങ്ങൾ ആരാണ്? നിങ്ങൾ അവിടെ എന്താണ് ചെയ്യുന്നത്? എന്തുകൊണ്ടാണ് ഞങ്ങൾ ഇത് ചെയ്യുന്നത്? . ഇത്തരത്തിൽ ചോദ്യങ്ങൾ വരാം. സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ഞങ്ങൾ ചെയ്യുന്ന കാര്യങ്ങളിൽ ആളുകൾ തെറ്റ് കണ്ടെത്തണമെന്ന് ആഗ്രഹിച്ചില്ല' - കർമം ചെയ്യാൻ ഒറ്റപ്പെട്ട സ്ഥലം തെരഞ്ഞെടുത്തത് എന്തിനാണെന്ന് രാഹുൽ വിശദീകരിച്ചു.
കോവിഡ് ചട്ടങ്ങൾ കാരണം കുടുംബാംഗങ്ങൾക്ക് കോവിഡ് ബാധിച്ച് മരിച്ചവരുടെ അന്ത്യ കർമങ്ങൾ ചെയ്യാൻ സാധിക്കാത്തതിനാൽ രാഹുലിനെയും ഖയൂമിനെയും പോലുള്ള വളണ്ടിയർമാരാണ് അവ നിറവേറ്റുന്നത്.
'പിതാവ് ജീവിതകാലത്ത് നിരവധിയാളുകളെ സഹായിച്ച വ്യക്തിയാണെന്ന് ഞങ്ങൾ സംസ്‌കരിച്ച ആളുടെ മകൻ എന്നോട് പറഞ്ഞു. വ്യക്തിബന്ധമില്ലാത്ത ഒരു കൂട്ടം മനുഷ്യസ്‌നേഹികൾ അദ്ദേഹത്തിന്‍റെ ശവസംസ്കാരത്തിനായി ഒത്തുചേരണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു' -രാഹുൽ പറഞ്ഞു.
കുടുംബത്തിന്‍റെ സുരക്ഷയെ കരുതി ശവസംസ്കാരങ്ങൾക്കായി പുറത്തുപോകുന്ന രാഹുൽ മൂന്ന് ദിവസം നിരീക്ഷണത്തിൽ കഴിയാറുണ്ട്. ഖയൂം രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചയാളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.