ന്യൂഡൽഹി: സംഘ്പരിവാർ തകർത്ത ബാബരി മസ്ജിദ് ഭൂമി രാമേക്ഷത്ര നിർമാണത്തിന് വിട്ടുകൊടുത്തപ്പോൾ പകരം സുപ്രീംകോടതി നൽകിയ അഞ്ചേക്കർ ഭൂമിയിലെ പള്ളി അനുവദനീയമായിരിക്കില്ലെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. ആ പള്ളി മദീനയിലെ കപട വിശ്വാസികൾ നിർമിച്ച 'മസ്ജിദ് ദിറാർ' പോലെയാണെന്ന് ബോർഡ് വൃത്തങ്ങൾ വ്യക്തമാക്കി. ഭൂമി ഏറ്റെടുത്ത ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറിന് കീഴിലെ യു.പി സുന്നി സെൻട്രൽ വഖഫ് ബോർഡ് പള്ളിയടങ്ങുന്ന സ്ഥാപന സമുച്ചയത്തിെൻറ രൂപകൽപന പുറത്തുവിട്ടതിനെ തുടർന്നാണ് വ്യക്തിനിയമ ബോർഡിെൻറ പ്രതികരണം.
സർക്കാർ മേൽനോട്ടത്തിൽ വഖഫ് ബോർഡുണ്ടാക്കിയ ഇൻഡോ ഇസ്ലാമിക് കൾച്ചറൽ ഫൗണ്ടേഷൻ ട്രസ്റ്റ് ബാബരി മസ്ജിദിെൻറ ഒാർമകൾ അവശേഷിക്കാത്ത തരത്തിൽ താഴികക്കുടങ്ങളും മിനാരങ്ങളുമില്ലാത്ത പള്ളിയാണ് വിഭാവനം ചെയ്യുന്നത്. ധന്നിപൂർ എന്ന പേരിലായിരിക്കും പള്ളി അറിയപ്പെടുകയെന്നും വഖഫ് ബോർഡ് ചെയർമാൻ പറഞ്ഞു.
2000 പേർക്ക് നമസ്കരിക്കാവുന്ന ഇടത്തിനു പുറമെ മൾട്ടി സ്പെഷാലിറ്റി ആശുപത്രിയും കമ്യൂണിറ്റി അടുക്കളയുമുള്ള സമുച്ചയത്തിന് റിപ്പബ്ലിക് ദിനത്തിലാണ് തറക്കല്ലിടുക. ഇസ്ലാമിക നിയമ പ്രകാരവും ഇന്ത്യൻ ഭരണഘടന അനുസരിച്ചും സർക്കാർ നൽകിയ ഭൂമിയിൽ നിർമിക്കുന്ന പള്ളി നിയമവിരുദ്ധമാണെന്ന് വ്യക്തിനിയമ ബോർഡ് വ്യക്തമാക്കി. മസ്ജിദിെൻറ ഭൂമി കൈമാറുന്നതിന് വ്യക്തിനിയമ ബോർഡും ബാബരി മസ്ജിദ് കമ്മിറ്റിയും എതിരായിരുന്നുവെന്ന് ബോർഡ് അംഗവും അഭിഭാഷകനുമായ സഫരിയാബ് ജീലാനി പറഞ്ഞു. ഭൂമിതന്നെ നിയമവിരുദ്ധമാകുേമ്പാൾ അത്തരമൊരു ഭൂമിയിൽ ഉണ്ടാക്കിയ പള്ളിയും നിയമവിരുദ്ധമായിരിക്കും. കഴിഞ്ഞ മാർച്ചിൽ കാലാവധി കഴിഞ്ഞ യു.പി സുന്നി വഖഫ് ബോർഡിൽ ചെയർമാൻ സുഫർ ഫാറൂഖി അടക്കം നാല് അംഗങ്ങളാണ് അഞ്ചേക്കർ ഏറ്റെടുക്കാൻ സമ്മതിച്ചത്.
രണ്ട് അംഗങ്ങൾ എതിർത്തു. അവരെക്കൊണ്ട് ഭൂമി ഏറ്റെടുപ്പിക്കാനായി യോഗി സർക്കാർ രണ്ടുതവണയായി ആറുമാസം വീതം വഖഫ് ബോർഡിെൻറ കാലാവധി നീട്ടിനൽകുകയായിരുന്നു.
പള്ളിക്കു വേണ്ടി വഖഫ് ചെയ്ത ഭൂമി പിന്നീടൊരിക്കലും വിൽക്കാനോ മറ്റൊരു ഭൂമിക്ക് പകരമായി കൈമാറാനോ പാടില്ലെന്ന് വ്യക്തിനിയമ ബോർഡ് അംഗം ഡോ. സയ്യിദ് കാസിം റസൂൽ ഇല്യാസ് പറഞ്ഞു. സംഭാവന ചെയ്തവർക്ക് വഖഫ് ഭൂമി തിരിെച്ചടുക്കാൻ പോലുമാകില്ല. അതിനാൽ ഇസ്ലാമിക നിയമ പ്രകാരവും ഇന്ത്യൻ വഖഫ് നിയമ പ്രകാരവും ഇത് പള്ളിയല്ലെന്നും ഇല്യാസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.