ന്യൂഡൽഹി: തങ്ങളുടെ സംസ്കാരവും മതവിശ്വാസവും ധാർമിക മൂല്യവും മുറുകെപ്പിടിച്ച് പെൺകുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം നേടാൻ കൂടുതൽ പെൺപള്ളിക്കൂടങ്ങൾ സ്ഥാപിക്കാൻ രാജ്യത്തെ മുസ്ലിം വ്യവസായികളോടും വ്യാപാരികളോടും ആഹ്വാനം ചെയ്ത് അഖിലേന്ത്യാ മുസ്ലിം പേഴ്സനൽ ലോ ബോർഡ്. കർണാടകയിലെ ശിരോവസ്ത്ര വിലക്ക് ശരിവെച്ച ഹൈകോടതി വിധിക്കെതിരെ നിയമപോരാട്ടം തുടരാനും, വിധിയുടെ പശ്ചാത്തലത്തിൽ ചേർന്ന ബോർഡ് യോഗം തീരുമാനിച്ചു.
ശിരോവസ്ത്രം ഇസ്ലാമിക വിശ്വാസപ്രകാരം അനിവാര്യമായി കണക്കാക്കുന്നതിനാൽ, കർണാടകയിലെ സ്കൂളുകളിലെയും കോളജുകളിലെയും ആയിരക്കണക്കിന് മുസ്ലിം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് ശിരോവസ്ത്ര വിലക്ക് വൻ തിരിച്ചടിയായിരിക്കുകയാണെന്ന് ബോർഡ് വിലയിരുത്തി.
പെൺകുട്ടികൾക്ക് അവരുടെ വിശ്വാസം ബലികഴിക്കാതെ തന്നെ മികച്ച വിദ്യാഭ്യാസം നൽകാൻ രാജ്യമെങ്ങും മികച്ച വിദ്യാലയങ്ങൾ സ്ഥാപിക്കാൻ സമുദായത്തിലെ പണ്ഡിതരും സമുദായ നേതാക്കളും വ്യവസായികളും വ്യാപാരികളുമെല്ലാം മുന്നിട്ടിറങ്ങണം.
ഹൈകോടതി വിധിയിൽ ഒട്ടേറെ അപാകതകളുണ്ടെന്ന് ബോർഡ് ചൂണ്ടിക്കാട്ടി. വിധി വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ മറികടന്നുള്ളതാണ്. ഇസ്ലാമിൽ ഒഴിച്ചുകൂടാനാകാത്തതും അല്ലാത്തതും ഏതെന്നത് കോടതി തന്നെ സ്വയം തീരുമാനിച്ചിരിക്കുകയാണ്. ഒരു നിയമത്തെ അപഗ്രഥിക്കാനും നിർവചിക്കാനും ഏറ്റവും അനുയോജ്യരായവർ ആ നിയമത്തിലെ വിദഗ്ധരാണ്. ഹൈകോടതി വിധി നീതിക്കുവേണ്ടിയുള്ള അവസാന ആശ്രയമാണ് നീതിപീഠമെന്ന മുസ്ലിം സമൂഹത്തിന്റെ പ്രതീക്ഷയെ തളർത്തി. വിധിയിൽ കടുത്ത വിയോജിപ്പും അമർഷവും രേഖപ്പെടുത്തുകയാണ്.
വിശ്വാസം മുറുകെപ്പിടിക്കാൻ മുന്നിട്ടിറങ്ങിയ പെൺകുട്ടികളെ അഭിനന്ദിച്ച ബോർഡ്, പ്രതിഷേധങ്ങളിൽ ഒരിക്കലും നിയമം കൈയിലെടുക്കരുതെന്നും ആഹ്വാനം ചെയ്തു. ഓൺലൈനായി നടന്ന യോഗത്തിൽ ബോർഡ് സെക്രട്ടറി മൗലാന ഖാലിദ് സഫിയുല്ല റഹ്മാനി അധ്യക്ഷത വഹിച്ചു. യോഗത്തിൽ യൂസുഫ് മുച്ചാല, അഡ്വ. എം.ആർ. ശംശാദ്, അഡ്വ. താഹിർ ഹകീം, അഡ്വ. നിയാസ് അഹ്മദ് ഫാറൂഖി, മൗലാന മുഹമ്മദ് ഫസലുറഹീം മുജദ്ദിദി തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.