ബംഗളൂരു: കർണാടകയിലെ ധാർവാഡ് ജില്ലയിൽ ക്ഷേത്ര പരിസരത്ത് വ്യാപാരം നടത്തിയിരുന്ന മുസ്ലിംകളുടെ ഉന്തുവണ്ടികളും കടകളും ഹിന്ദുത്വ പ്രവർത്തകർ തകർത്തു. നഗ്ഗികേരി ഹനുമാൻ ക്ഷേത്രത്തിനു മുന്നിൽ തണ്ണി മത്തൻ ഉൾപ്പെടെ വിൽപന നടത്തിയിരുന്ന മുസ്ലിം വ്യാപാരികളുടെ ഉന്തുവണ്ടികളാണ് ശ്രീ രാമ സേന പ്രവർത്തകർ തകർത്തത്. കൂടാതെ, സ്റ്റാളിൽ വിൽപനക്കു വെച്ചിരുന്ന സാധനങ്ങളെല്ലാം റോഡിൽ വലിച്ചെറിഞ്ഞു.
ഇതിനു സമീപത്തിരുന്ന് വിലപിക്കുന്ന വ്യാപാരിയുടെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളെ ബഹിഷ്കരിക്കണമെന്ന സംഘപരിവാർ സംഘടനകളുടെ ആഹ്വാനത്തിനു പിന്നാലെയാണ് ആക്രമം. ക്ഷേത്ര പരിസരത്തെ മുസ്ലിം വ്യാപാരികളെ ഒഴിപ്പിക്കണെന്ന് ആവശ്യപ്പെട്ട് 15 ദിവസം മുമ്പ് ശ്രീ രാമ സേന പ്രവർത്തകർ ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്ക് അന്ത്യശാസനം നൽകിയിരുന്നു.
ഭാരവാഹികൾ അതിനു തയാറാകാതെ വന്നതോടെയാണ് ശനിയാഴ്ച വൈകീട്ട് ഏതാനും പ്രവർത്തകർ സ്ഥലത്തെത്തി മുസ്ലിം വ്യാപാരികളുടെ സ്റ്റാളുകളും ഉന്തുവണ്ടികളും തകർക്കുകയും വിൽപനക്കുവെച്ചിരുന്ന സാധനങ്ങൾ റോഡിലെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തത്. കഴിഞ്ഞ 15 വർഷമായി ഇവിടെ വ്യാപാരം ചെയ്യുന്നുണ്ടെന്നും ആരും ഒഴിഞ്ഞുപോകാൻ ഇതുവരെ പറഞ്ഞിട്ടില്ലെന്നും നബിസാബ് എന്ന വ്യാപാരി പറഞ്ഞു.
ക്ഷേത്ര പരിസരത്തെ ഭൂരിഭാഗം വ്യാപാരികളും ഹിന്ദുക്കളാണെന്നും നിർധന കുടുംബങ്ങൾക്കാണ് കച്ചവടത്തിന് അനുമതി നൽകിയിരുന്നതെന്നും കമ്മിറ്റി ഭാരവാഹികൾ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.