നിരന്തര പ്രചാരണത്തിലൂടെ മുസ്ലിംകളെ ഭയപ്പെടുത്തി തങ്ങൾക്കൊപ്പം നിർത്തുകയല്ലാതെ കോൺഗ്രസ് അവർക്ക് മതിയായ രാഷ്ട്രീയ പ്രാതിനിധ്യം നൽകുന്നില്ലെന്ന് ബി.ജെ.പി കുറ്റപ്പെടുത്തുന്ന കൗതുകകരമായ കാഴ്ച ഭോപാലിൽ കാണാം. ഒരിക്കലും മുൻനിര നേതാക്കളാകാൻ അനുവദിക്കാതെ മുസ്ലിംകളെ കോൺഗ്രസ് രാഷ്ട്രീയമായി ചൂഷണം ചെയ്യുകയാണെന്നും ഠാകുർമാർക്കും ബ്രാഹ്മണർക്കുമാണ് കോൺഗ്രസ് നേതൃനിരയിൽ ആധിപത്യമെന്നും കുറ്റപ്പെടുത്തുന്നത് മധ്യപ്രദേശ് ബി.ജെ.പി വക്താവ് ഹിതേശ് ബാജ്പേയി ആണ്.
മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ 400 മുസ്ലിംകൾ ബി.ജെ.പി ടിക്കറ്റിൽ കൗൺസിലർമാരായി മൽസരിച്ചുവെന്നും അവരിൽ 100 പേർ കൗൺസിലർമാരായി തെരഞ്ഞെടുക്കപ്പെട്ടുവെന്നും ഹിതേശ് ബാജ്പേയി പറഞ്ഞു.
മുസ്ലിം ബസ്തികളിൽ തങ്ങൾ നിർത്തിയ മുസ്ലിം സ്ഥാനാർഥികളിൽ പലരും കോൺഗ്രസ് നിർത്തിയ ഹിന്ദു സ്ഥാനാർഥികളെ പരാജയപ്പെടുത്തിയാണ് കൗൺസിലർമാരായത്. പ്രീണനമില്ലാതെ എങ്ങനെ ന്യൂനപക്ഷത്തെ സന്തോഷിപ്പിക്കാമെന്ന് കോൺഗ്രസിന് കാണിച്ചുകൊടുക്കുകയാണ് തങ്ങളെന്നാണ് ബി.ജെ.പി വക്താവ് പറയുന്നത്.
എന്നാൽ, മുസ്ലിംകൾക്ക് പ്രാതിനിധ്യം നൽകണമെന്ന് ശരിക്കും ആഗ്രഹിക്കുന്നുണ്ടെങ്കിൽ നിയമസഭയിലേക്ക് എത്ര മുസ്ലിംകൾക്ക് ബി.ജെ.പി ടിക്കറ്റ് നൽകിയെന്ന് ഭോപാൽ സെൻട്രലിൽനിന്ന് ഇക്കുറിയും കോൺഗ്രസ് സ്ഥാനാർഥിയായി മത്സരിക്കുന്ന ആരിഫ് മസൂദ് തിരിച്ചു ചോദിച്ചു.
ഭോപാലിൽ ഈ തരത്തിൽ മുസ്ലിം വോട്ടുകൾ തങ്ങളിലേക്കാകർഷിക്കാൻ ബി.ജെ.പിക്കായിട്ടുണ്ടെന്ന് ആരിഫ് മസൂദ് അംഗീകരിക്കുന്നു. മുസ്ലിംകൾ എണ്ണത്തിൽ കൂടുതലുള്ള പ്രദേശങ്ങളിലാണ് ബി.ജെ.പി അവർക്ക് കൗൺസിലർ ടിക്കറ്റ് നൽകിയത്. മുസ്ലിം ഭൂരിപക്ഷ പ്രദേശമാണെന്ന് നോക്കാതെ കോൺഗ്രസ് അവിടെ ഹിന്ദു സ്ഥാനാർഥികളെ നിർത്തിയപ്പോൾ അതിന്റെ ഫലം ബി.ജെ.പിക്ക് കിട്ടി.
മധ്യപ്രദേശ് നിയമസഭയിൽ നിലവിലുള്ള രണ്ട് മുസ്ലിം എം.എൽ.എമാരിൽ ഒരാളാണ് ആരിഫ് മസൂദ്. രണ്ടാമത്തെ എം.എൽ.എ ആരിഫ് അഖീലും കോൺഗ്രസ് ടിക്കറ്റിൽ ഭോപാലിൽനിന്ന് നിയമസഭയിലെത്തിയതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.