മുംബൈ: ചരിത്രപുരുഷന്മാരെയും സംസ്ഥാനത്തെയും അപമാനിച്ച ഗവർണർ ഭഗത് സിങ് കോശിയാരിയെ തിരിച്ചുവിളിക്കാൻ ആവശ്യപ്പെട്ട് മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡി (എം.വി.എ) അടക്കം പ്രതിപക്ഷ പാർട്ടികളുടെ കൂറ്റൻ റാലി. മറാത്ത ചക്രവർത്തി ശിവാജി, സാമൂഹിക പരിഷ്കർത്താക്കളായ മഹാത്മ ഫുലെ, സാവിത്രി ഫുലെ അടക്കമുള്ളവരെ കുറിച്ചുള്ള വിവാദ പ്രസ്താവനകൾ, അതിർത്തിതർക്കത്തിനിടെ മഹാരാഷ്ട്ര ഗ്രാമങ്ങളിൽ കർണാടക അവകാശമുന്നയിച്ചിട്ടും ഏക്നാഥ് ഷിൻഡെ-ബി.ജെ.പി സർക്കാറിന്റെ മൗനം എന്നിവക്കെതിരെയാണ് 'ഹല്ല ബോൽ' എന്ന് പേരിട്ട റാലി.
ബൈക്കുളയിൽനിന്ന് ഛത്രപതി ശിവാജി മഹാരാജ് ടെർമിനൽസ് വരെ നീണ്ട കാൽനടജാഥയിൽ മുൻ മുഖ്യമന്ത്രിയും ശിവസേന ഔദ്യോഗികപക്ഷ നേതാവുമായ ഉദ്ധവ് താക്കറെ, ഭാര്യ രശ്മി താക്കറെ, മകനും മുൻ മന്ത്രിയുമായ ആദിത്യ താക്കറെ, സഞ്ജയ് റാവുത്ത്, പ്രതിപക്ഷ നേതാവ് എൻ.സി.പിയിലെ അജിത് പവാർ, എം.പി സുപ്രിയ സുലെ, കോൺഗ്രസ് നേതാക്കളായ പൃഥ്വിരാജ് ചവാൻ, നാന പടോലെ, സമാജ്വാദി പാർട്ടി എം.എൽ.എ അബു ആസ്മി തുടങ്ങിയവർ പങ്കെടുത്തു. എൻ.സി.പി അധ്യക്ഷനും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ സംസാരിച്ചു.
മഹാരാഷ്ട്രക്ക് അഭിമാനവും പ്രശസ്തിയും കൊണ്ടുവന്നവരാണ് മുമ്പുണ്ടായിരുന്ന ഗവർണർമാരെന്നും ആദ്യമായാണ് അപമാനം കൊണ്ടുവരുന്ന ഗവർണർ പദവിയിൽ എത്തുന്നതെന്നും പവാർ പറഞ്ഞു. മഹാരാഷ്ട്രയെ അപമാനിക്കുന്നവരെ മുട്ടിലിരുത്തുമെന്നും തങ്ങളാണ് ബാൽ താക്കറെയുടെ യഥാർഥ ശിവസേനയെന്നും ഉദ്ധവ് പറഞ്ഞു.
അതേസമയം, ശിവസേന നേതാക്കൾക്ക് എതിരെ 'മാഫീ മാങ്കോ ആന്ദോളനു'മായി ബി.ജെ.പിയും രംഗത്തുവന്നു. ഹിന്ദു ദൈവങ്ങളെ അപമാനിച്ച സുഷമ അന്താരെ, അംബേദ്കറെ അപമാനിച്ച സഞ്ജയ് റാവുത്ത് എന്നിവർ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടാണ് ബി.ജെ.പിയുടെ പ്രതിഷേധം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.