തിരുവനന്തപുരം: എതിർവാഹനത്തെ പരിഗണിക്കാതെ കണ്ണ് തുളച്ചുകയറും വിധം ബ്രൈറ്റ് ലൈറ്റിട്ട് പായുന്നവർക്ക് മോട്ടോർ വാഹനവകുപ്പിന്റെ മുന്നറിയിപ്പ്. രാത്രികാലങ്ങളിലുണ്ടാകുന്ന നല്ലൊരു ശതമാനം അപകടങ്ങൾക്കും ബ്രൈറ്റ് ലൈറ്റിന്റെ അനാവശ്യ ഉപയോഗം കാരണമാകുന്നുണ്ട്. രാത്രി സമയങ്ങളിൽ എതിരെ വരുന്ന വാഹനത്തിന്റെ അകലവും വേഗവും കൃത്യമായി കണക്കാക്കാൻ സാധിക്കില്ല. കാഴ്ച ക്രമീകരിക്കുന്നതിന് കണ്ണുകൾക്ക് അധികസമയം വേണ്ടി വരികയും ചെയ്യും. എതിർ വാഹനത്തിന്റെ ഹെഡ്ലൈറ്റ് ബ്രൈറ്റ് ആകുന്നതോടെ റോഡ് കാഴ്ച തടസ്സപ്പെടുന്ന സ്ഥിതിയാകും.
അത്യാവശ്യ സന്ദർഭങ്ങളിലൊഴികെ കഴിവതും ഡിം ലൈറ്റ് ഉപയോഗിച്ച് ഡ്രൈവ് ചെയ്യാൻ ശീലിക്കണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ നിർദേശം. കണ്ണഞ്ചിപ്പിക്കുന്ന അധിക ലൈറ്റുകൾ വാഹനത്തിൽ സ്ഥാപിക്കരുത്. വാഹനത്തിന്റെ ഡിം ലൈറ്റ് വെളിച്ചത്തിൽ എത്ര ദൂരം റോഡ് വ്യക്തമായി കാണാൻ കഴിയുമോ, ആ ദൂരത്തിനുള്ളിൽ നിർത്താൻ കഴിയുന്ന വേഗത്തിലേ വാഹനം ഓടിക്കാവൂ.
ചിലപ്പോൾ കടകളിലെയും മറ്റും ലൈറ്റുകൾ ആശയക്കുഴപ്പമുണ്ടാക്കാറുണ്ട്. മറ്റു ഡ്രൈവർമാർക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാൻ ഹെഡ് ലൈറ്റ് നേരത്തേ തന്നെ ഡിം ചെയ്യണമെന്നും മോട്ടോർ വാഹനവകുപ്പ് നിർദേശിക്കുന്നു. എതിരെ വരുന്ന വാഹനത്തിന്റെ ഹെഡ്ലൈറ്റിൽ അധികം നോക്കരുത്. തീവ്രപ്രകാശത്തെ നോക്കുന്നതോടെ കുറച്ചു സമയത്തേക്ക് ഡ്രൈവർ അന്ധനായതുപോലെയാകും.
80 കിലോമീറ്റർ വേഗത്തിലാണെങ്കിൽ ഈ സമയം കൊണ്ട് വാഹനം 45 മീറ്റർ മുന്നോട്ടുപോയിരിക്കും. ഇതും അപകടങ്ങൾക്കിടയാക്കും. വാഹനങ്ങളിലെ എല്ലാ ലൈറ്റുകളും വൃത്തിയായും പ്രവർത്തനക്ഷമമായും സൂക്ഷിക്കണം. വിവിധ വർണങ്ങളിലുള്ള ലൈറ്റുകൾ വാഹനങ്ങളിൽ സ്ഥാപിക്കുന്നത് അപകടകാരണമാകുമെന്നതിനാൽ ഇവ ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.