ഭോപ്പാൽ: ബി.ജെ.പി സർക്കാർ രാജ്യത്തെ നാല് കോടി പാവപ്പെട്ട ജനങ്ങൾക്ക് അടച്ചുറപ്പുള്ള വീടുണ്ടാക്കി നൽകിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം, തനിക്ക് സ്വന്തമായൊരു വീട് പോലും ഇല്ലെന്നും മോദി പറഞ്ഞു. മധ്യപ്രദേശിലെ സത്നയിൽ നിയമസഭ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മോദി.
നിങ്ങളുടെ ഓരോ വോട്ടും മധ്യപ്രദേശിൽ വീണ്ടും ബി.ജെ.പി സർക്കാറിനെ അധികാരത്തിലെത്തിക്കുന്നതിന് സഹായിക്കും. നിങ്ങളുടെ ഓരോ വോട്ടും ഡൽഹിയിലിരിക്കുന്ന മോദിക്ക് ശക്തിപകരും. നിങ്ങളുടെ ഓരോ വോട്ടും അഴിമതി നിറഞ്ഞ കോൺഗ്രസിനെ അധികാരത്തിന് നൂറ് മൈൽ അകലെ നിർത്തും. ഓരോ വോട്ടിനും മൂന്ന് മെച്ചമാണുള്ളത്. അതാണ് ത്രിശക്തി -മോദി പറഞ്ഞു.
കോൺഗ്രസിന്‍റെ കാലത്ത് അനധികൃതമായി സർക്കാറിന്‍റെ സഹായം വാങ്ങിയിരുന്ന 10 കോടി പേരെയാണ് തന്‍റെ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഗുണഭോക്തൃ പട്ടികയിൽ നിന്ന് പുറത്താക്കിയത്. 2.75 ലക്ഷം കോടി രൂപയാണ് സർക്കാർ ഇതുവഴി മിച്ചംവെച്ചത്. ഈ നീക്കം കോൺഗ്രസിനെ സാരമായി ബാധിച്ചതുകൊണ്ടാണ് അവർ എനിക്കെതിരെ ആരോപണങ്ങളുന്നയിക്കുന്നത്.
സമീപകാലത്ത് ഞാൻ എവിടെ പോയാലും ആളുകൾ ചോദിക്കുന്നത് അയോധ്യയിലെ രാമക്ഷേത്രത്തിന്‍റെ ഉദ്ഘാടനത്തെ കുറിച്ചാണ്. രാജ്യത്താകെ ആഹ്ലാദത്തിന്‍റെ അലയടിയാണ് കാണുന്നത് -മോദി പറഞ്ഞു.
നവംബർ 17നാണ് മധ്യപ്രദേശിൽ നിയമസഭ തെരഞ്ഞെടുപ്പ്. 230 സീറ്റുകളിൽ ജനവിധി തേടും. മറ്റ് നാല് സംസ്ഥാനങ്ങളോടൊപ്പം ഡിസംബർ മൂന്നിനാണ് മധ്യപ്രദേശിലെയും ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.