നവാബ് മാലിക്, സമീർ വാങ്കഡെ

'എന്‍റെ അമ്മ മുസ്​ലിമാണ്, അച്ഛൻ ഹിന്ദുവും'; നവാബ് മാലിക്കിന്‍റെ ആരോപണത്തിന് മറുപടിയുമായി സമീർ വാങ്കഡെ

മുംബൈ: തനിക്കെതിരെ മഹാരാഷ്ട്ര മന്ത്രിയും എൻ.സി.പി നേതാവുമായ നവാബ് മാലിക് ഉയർത്തിയ ആരോപണങ്ങൾക്ക് മറുപടിയുമായി ആര്യൻ ഖാന്‍റെ കേസ് അന്വേഷിക്കുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാങ്കഡെ. തന്നെ ചിലർ ലക്ഷ്യമിടുകയാണെന്നും അതിനായി മരിച്ചുപോയ അമ്മയുടെ പേരിൽ വരെ ആരോപണമുന്നയിക്കുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

സമീർ വാങ്കഡെ മുസ്​ലിമാണെന്നും ജോലിക്കായുള്ള പരീക്ഷയിൽ സംവരണം ലഭിക്കുന്നതിനായി അത് മറച്ചുവെച്ച് സർട്ടിഫിക്കറ്റ് തിരുത്തിയെന്നുമായിരുന്നു നവാബ് മാലിക്കിന്‍റെ ആരോപണം. ഇതുമായി ബന്ധപ്പെട്ടതെന്നവകാശപ്പെട്ട് രേഖകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. സമീർ ദാവൂദ് വാങ്കഡെ എന്നാണ് യഥാർഥ പേരെന്നും നവാബ് മാലിക് അവകാശപ്പെട്ടു.


ഇതിന് മറുപടിയായാണ് സമീർ വാങ്കഡെ പ്രസ്താവനയിറക്കിയത്. തന്‍റെ വ്യക്തിപരമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നത് അപകീർത്തികരവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ്. തന്നെയും കുടുംബത്തെയും പിതാവിനെയും മരിച്ചുപോയ മാതാവിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ്. മന്ത്രിയുടെ പ്രസ്താവന കുടുംബത്തെ മാനസികമായും വൈകാരികമായും സമ്മർദത്തിലാക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ പിതാവ് ധന്യദേവ് കച്റൂജി വാങ്കഡെ ഹിന്ദുവാണ്. എക്സൈസ് വകുപ്പിൽ നിന്ന് സീനിയർ ഓഫിസറായാണ് അദ്ദേഹം വിരമിച്ചത്. മാതാവ് സഹീദ മുസ്​ലിമാണ്. അവർ മരിച്ചുപോയി. വ്യത്യസ്ത മതവിഭാഗങ്ങളുള്ള ഒരു കുടുംബത്തിലാണ് ഞാൻ ഉൾപ്പെടുന്നത്. അതിൽ അഭിമാനമുണ്ട്. 2006ൽ ഡോ. ശബ്ന ഖുറേഷിയെ സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം വിവാഹം ചെയ്തു. 2016ൽ ഞങ്ങൾ നിയമപരമായി വിവാഹമോചനം നേടി. 2017ൽ ശിമാട്ടി ക്രാന്തി ദിനനാഥ് രെഡ്കരെ വിവാഹം ചെയ്തു -സമീർ വാങ്കഡെ പ്രസ്താവനയിൽ പറഞ്ഞു.

പട്ടികജാതി സംവരണത്തിൽ ജോലി കിട്ടാനായാണ് സമീർ വാങ്കഡെ തന്‍റെ മതം തിരുത്തിയതെന്നാണ് നവാബ് മാലിക് ആരോപിച്ചിരുന്നത്. വാങ്കഡെയുടെ ജനനസർട്ടിഫിക്കറ്റാണെന്ന പേരിലാണ് മാലിക് സർട്ടിഫിക്കറ്റ് ട്വീറ്റ് ചെയ്തത്. ഷബ്ന ഖുറേഷിയുമായുള്ള സമീർ വാങ്കഡെയുടെ നിക്കാഹിന്‍റെ ചിത്രങ്ങളും അദ്ദേഹം പുറത്തുവിട്ടിരുന്നു.

തനിക്ക് നേരെയുള്ള വ്യക്തിപരമായ ആക്രമണങ്ങളും അപകീർത്തിപ്പെടുത്തലുകളും ഏറെ വേദനിപ്പിക്കുന്നതായി സമീർ വാങ്കഡെ പറഞ്ഞു.

ആഡംബരക്കപ്പൽ ലഹരിക്കേസിൽ ഷാരൂഖ് ഖാന്‍റെ മകൻ ആര്യൻ ഖാനെ അറസ്റ്റ് ചെയ്തത് മുതൽ സമീർ വാങ്കഡെക്കെതിരെയും എൻ.സി.ബിക്കെതിരെയും ആരോപണവുമായി മന്ത്രി നവാബ് മാലിക് രംഗത്തുണ്ടായിരുന്നു. ബി.ജെ.പിയുടെ പാവയാണ് സമീർ വാങ്കഡെയെന്നും ആര്യൻ ഖാനെ കേസിൽ കുടുക്കുകയാണെന്നുമാണ് മാലിക് ആരോപിച്ചത്.

അതിനിടെ, ലഹരിപാർട്ടി കേസ് ഒതുക്കാൻ 25 കോടിയുടെ ഇടപാട് നടക്കുന്നുവെന്ന ആരോപണം കേസിലെ സാക്ഷി ഉയർത്തിയതിന് പിന്നാലെ സമീർ വാങ്കഡെക്കെതിരെ വിജിലൻസ് അന്വേഷണത്തിന് എൻ.സി.ബി ഉത്തരവിട്ടിരിക്കുക‍യാണ്. കോടികളുടെ ഇടപാടാണ് ലഹരികേസിന്‍റെ മറവിൽ നടക്കുന്നതെന്ന് കാട്ടിയാണ് കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ സത്യവാങ്മൂലം നൽകിയത്. കേസിലെ മറ്റൊരു സാക്ഷിയായ കെ.പി. ഗോസാവിയുടെ അംഗരക്ഷകനാണ് പ്രഭാകർ സെയിൽ. എൻ.സി.ബി സോണൽ ഡയറക്ടർ സമീർ വാങ്കഡെ ഉൾപ്പെടെയുള്ളവർ ചേർന്ന് ഷാരൂഖ് ഖാനിൽ നിന്ന് പണം തട്ടാനുള്ള ശ്രമമാണെന്നായിരുന്നു ഇയാളുടെ ആരോപണം. എന്നാൽ, സമീർ വാങ്കഡെ ഇക്കാര്യം നിഷേധിച്ചിരിക്കുകയാണ്. 

Tags:    
News Summary - My mother was Muslim: Sameer Wankhede hits back at Nawab Malik over tweets on his identity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.