ആഗ്ര: ഉത്തർപ്രദേശിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് ഓക്സിജൻ സിലിണ്ടർ എടുത്തുകൊണ്ടുപോകരുതെന്ന് പൊലീസിനോട് കരഞ്ഞ് അപേക്ഷിക്കുന്ന ദാരുണ ദൃശ്യങ്ങൾ പുറത്ത്. രാജ്യത്ത് ഓക്സിജൻ ദൗർലഭ്യത്തെ തുടർന്ന് ആയിരങ്ങൾ മരിച്ചുവീഴുന്നതിനിടെയാണ് സംഭവം.
'എന്‍റെ അമ്മ മരിച്ചുപോകും. ഒാക്സിജൻ സിലിണ്ടർ എടുത്തുകൊണ്ടുപോകരുതേ. ഞാൻ നിങ്ങളോട് അഭ്യർഥിക്കുകയാണ്' -പൊലീസിനോട് രോഗിയുടെ ബന്ധു കരഞ്ഞ് അഭ്യർഥിക്കുന്നത് വിഡിയോയിൽ കാണാം.
ആഗ്രയിലെ സ്വകാര്യ ആശുപത്രിക്ക് പുറത്താണ് സംഭവം. ഇയാൾ യാചിക്കുന്നതോടെ പൊലീസ് വഴിമാറി പോകുന്നതും രണ്ടുപേർ ഓക്സിജൻ സിലിണ്ടറുമായി പോകുന്നതും വിഡിയോയിലുണ്ട്.
കരയുന്ന വ്യക്തിയുടെ മാതാവ് ആശുപത്രിയിൽ കോവിഡ് ബാധിച്ച് അത്യാസന്ന നിലയിൽ ചികിത്സയിലാണ്. അവർക്ക് ആവശ്യമായി വരുന്ന ഓക്സിജനാണെന്ന് കൊണ്ടുപോകുന്നതെന്ന് വിഡിയോയിൽ പറയുന്നത് കേൾക്കാം.
'ഞാൻ എവിടെനിന്ന് ഇനി സിലിണ്ടർ സംഘടിപ്പിക്കും. എന്‍റെ അമ്മയെ തിരികെ കൊണ്ടുവരാമെന്ന് ഉറപ്പുനൽകിയാണ് വീട്ടിൽനിന്ന് ഇവിടെ എത്തിയത്' -രോഗിയുടെ മകൻ പറയുന്നതും വിഡിയോയിലുണ്ട്. ഇതൊന്നും ശ്രദ്ധിക്കാതെ നിൽക്കുന്ന പൊലീസുകാരെയും കാണാം.
എന്നാൽ, ആശുപത്രിയിൽനിന്ന് പൊലീസ് ഓക്സിജൻ സിലിണ്ടറുകൾ എടുത്തുകൊണ്ടുപോയെന്ന ആരോപണം ആഗ്ര പൊലീസ് നിഷേധിച്ചു. രണ്ടു ദിവസം മുമ്പ് ആഗ്രയിലെ ആശുപത്രിയിൽ ഓക്സിജൻ ക്ഷാമമുണ്ടായിരുന്നു. അപ്പോൾ സ്വകാര്യ വ്യക്തികൾ കൈമാറിയ സിലിണ്ടറുകളാണ് എടുത്തുകൊണ്ടുപോയത്. സിലിണ്ടറുകൾ കാലിയായിരുന്നു. അത്യാസന്ന നിലയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്ക് സിലിണ്ടർ എത്തിച്ചുനൽകാൻ പൊലീസിനോട് അഭ്യർഥിക്കുന്നതാണ് വിഡിയോയിലുള്ളതെന്നും പൊലീസ് അറിയിച്ചു. ഇത്തരം വിഡിയോകൾ പ്രചരിപ്പിച്ച് ആളുകൾ തെറ്റിദ്ധാരണ പരത്തുകയാണെന്നും പൊലീസ് പറയുന്നു.
ഉത്തർപ്രദേശിൽ ഓക്സിജൻ ക്ഷാമത്തെ തുടർന്ന് നിരവധിപേർക്ക് ജീവൻ നഷ്ടമായിരുന്നു. എന്നാൽ സംസ്ഥാനത്ത് ഓക്സിജൻ ക്ഷാമമില്ലെന്നായിരുന്നു യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.