ഗുവാഹത്തി: 1,900 പന്നികള്‍ അജ്ഞാത വൈറസ് ബാധിച്ച് ചത്തതിനെ തുടർന്ന് അസം സര്‍ക്കാര്‍ പന്നി വിൽപ്പന നിരോധിച്ചു . സംസ്ഥാനത്തെ ആറ് ജില്ലകളിലായാണ് പന്നികൾ ചത്തൊടുങ്ങിയത്. അജ്ഞാത വൈറസ് പടരുന്നത് പരിശോധിക്കാൻ ജില്ലകളെ ഹോ ട്ട്സാപോട്ടുകളായി പ്രഖ്യാപിച്ചിരിക്കുകയാണ്. ധേമാജി, ദിബ്രുഗഢ്, ലാഖിംപുർ, ശിവസാഗർ, ജോർഹത് എന്നീ ജില്ലകളിലാണ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട് അസം കൃഷി മന്ത്രി അതുൽ ബോറ പറയുന്നത് ഇങ്ങനെ -“ പന്നികൾ കൂട്ടമായി ചത്തൊടുങ്ങിയ റിപ്പോർട്ടുകൾ ലഭിച്ചതോടെ ഓരോ ജില്ലകളിലേക്കും ഡോക്ടർമാരുടെ ടീമുകളെ അയച്ചിരുന്നു. ചത്ത പന്നികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഭോപ്പാലിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസ് ലാബിലേക്ക് അയച്ചു. റിപ്പോർട്ടിനായി കാത്തിരിക്കുകയാണ്. നിലവിൽപന്നിയിറച്ചി വാങ്ങുന്നതും വിൽക്കുന്നതും സംസ്ഥാന സർക്കാർ നിരോധിച്ചിരിക്കുകയാണ്. വൈറസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ട ഇടങ്ങളെല്ലാം നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണ്.
അറവുശാലകൾ അടച്ചുപൂട്ടി. പന്നി ഫാമുകളുമായി സമ്പർക്കം പുലർത്തുന്ന ആളുകളെ നിരീക്ഷിക്കുകയാണെന്നും മന്ത്രി പറഞ്ഞു. അസമിൽ പന്നിപ്പനി സീസണാണ്, മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ് നൽകിയിട്ടുണ്ട്. രോഗം പടരാതിരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസം മുഖ്യമന്ത്രി സർബാനന്ദ സൊനൊവാൽ സംഭവവുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തി നടപടികൾ സ്വീകരിക്കാൻ നിർദേശിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.