ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ ഗോദാവരി ജില്ലയിൽ അജ്ഞാത രോഗം സ്ഥിരീകരിച്ചു. പുല്ല, കോമിരെപള്ളി ഗ്രാമങ്ങളിലാണ് രോഗം റിപ്പോർട്ട് ചെയ്തത്.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് നിരവധി പേരെ എലുരു സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപസ്മാരം, ഛർദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങൾ. കോമിരെപ്പള്ളി ഗ്രാമത്തിലെ 22ഓളം പേരെ രോഗലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരും ആദ്യം കുഴഞ്ഞുവീഴുകയായിരുന്നു. പിന്നീട് വായിൽനിന്ന് നുരയും വന്നതായാണ് വിവരം.
ഒരാഴ്ചമുമ്പ് പുല്ല ഗ്രാമത്തിലെ 29 പേരെ സമാനലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇവർ എല്ലാവരും രോഗമുക്തി നേടിയിരുന്നു. രണ്ടു ദിവസമായി പുതിയ കേസുകളൊന്നും റിപ്പോർട്ട് െചയ്തിരുന്നില്ല. കഴിഞ്ഞ ഡിസംബറിൽ എലുരുവിൽ നിരവധി പേർക്ക് അജ്ഞാത രോഗം സ്ഥിരീകരിച്ചിരുന്നു.
അതേസമയം ജനങ്ങളോട് പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി സംഭവം നിരീക്ഷിക്കുന്നതിനായി വിദഗ്ധ സംഘത്തെ എലുരുവിലേക്ക് അയച്ചു. ചീഫ് സെക്രട്ടറി ആദിത്യദാസ്, മെഡിക്കൽ -ഹെൽത്ത് പ്രിൻസിപ്പൽ സെക്രട്ടറി അനിൽ കുമാർ സിങ്കാൾ, മെഡിക്കൽ -ഹെൽത്ത് കമീഷനർ കതംനേനി ഭാസ്കർ തുടങ്ങിയവർ എലുരുവിലെ ആശുപത്രിയിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.