ബംഗളൂരു: ആളും ആരവവും ഒഴിഞ്ഞുനിന്നെങ്കിലും കോവിഡ് കാലത്തെ അതിജീവനത്തിെൻറ സന്ദേശവുമായി സംസ്ഥാനത്തിെൻറ മഹോത്സവമായ നാദഹബ്ബയെന്ന മൈസൂരു ദസറക്ക് പ്രൗഢഗംഭീര തുടക്കം. ചാമുണ്ഡികുന്നിൽ നടന്ന ലളിതസുന്ദരമായ ചടങ്ങിൽ ശനിയാഴ്ച രാവിലെ 7.45നും 8.15നും ഇടയിൽ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് കാർഡിയോവാസ്കുലർ സയൻസ് ഡയറക്ടർ ഡോ.സി.എൻ. മഞ്ജുനാഥ് ചാമുണ്ഡേശ്വരി ദേവിക്കു മുന്നിൽ ആഘോഷങ്ങൾക്ക് തിരിതെളിച്ചു.
മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ, മൈസൂരു ജില്ല ചുമതലയുള്ള മന്ത്രി എസ്.ടി. സോമശേഖർ, കൃഷിമന്ത്രി ബി.സി. പാട്ടീൽ, മൈസൂരു-കുടക് എം.പി പ്രതാപ് സിംഹ, എം.എൽ.എമാരായ ജി.ടി. ദേവഗൗഡ, എസ്. രാമദാസ്, എം.എൽ.സി എച്ച്. വിശ്വനാഥ്, മൈസൂരു ഡെപ്യുട്ടി കമീഷണർ രോഹിണി സിന്ധൂരി തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന ഉദ്ഘാടന ചടങ്ങിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി രാപ്പകൽ വ്യത്യാസമില്ലാതെ പോരാട്ടം നടത്തുന്ന വിവിധ വിഭാഗങ്ങളിലെ ആറുപേരെ ആദരിച്ചു.
കോവിഡ് പോരാളികൾക്കുള്ള ആദരമായിട്ടാണ് ഉദ്ഘാടനത്തിന് മഞ്ജുനാഥിനെ ക്ഷണിച്ചത്. ജോക്കി ക്വാട്ടേഴ്സ് പി.എച്ച്.സി കോവിഡ് പരിേശാധന കേന്ദ്രത്തിലെ ഡോ.ടി. നവീൻ, മൈസൂരു സിറ്റി കോർപറേഷനിലെ പൗരകർമിക മരഗമ്മ, അനാഥ മൃതദേഹങ്ങൾ സംസ്കരിക്കുന്ന അയ്യൂബ് അഹമ്മദ്, മൈസൂരു ജില്ല കോവിഡ് ആശുപത്രിയിലെ നഴ്സ് പി.എം. രുക്മിണി, ആശ വർക്കർ നൂർജഹാൻ, പൊലീസ് കോൺസ്റ്റബിൾ പി. കുമാർ എന്നിവർ ആദരിക്കപ്പെട്ടു. കോവിഡ് പോരാളികൾ, കൊട്ടാര പ്രതിനിധികൾ, ക്ഷണിക്കപ്പെട്ട അതിഥികൾ എന്നിവർ ഉൾപ്പെടെ 200 പേർക്ക് മാത്രമായിരുന്നു ഉദ്ഘാടന ചടങ്ങിൽ പ്രവേശനം.
മൈസൂരുവിൽ കോവിഡ് വ്യാപനം തുടരുന്നതിനാൽ കർശനമായ നിയന്ത്രണങ്ങളോടെയാണ് ദസറ ആഘോഷം നടക്കുന്നത്. കൊട്ടാരത്തിൽ വരുംദിവസങ്ങളിൽ നടക്കുന്ന സ്വകാര്യ ദർബാർ ചടങ്ങ് ഉൾപ്പെടെ ലളിതമായാണ് നടക്കുക. മൈസൂരു കൊട്ടാരത്തില വേദിയിൽ മാത്രമായിരിക്കും കലാപരിപാടിയുണ്ടാകുക.
പരിപാടിയുടെ തൽസമയ സംപ്രേഷണം ഉണ്ടാകും. ശനിയാഴ്ച മുതൽ നവംബർ ഒന്നുവരെ രാത്രി ഏഴു മുതൽ ഒമ്പതുവരെ മൈസൂരു കൊട്ടാരത്തിലെ ദീപങ്ങൾ പൂർണമായും തെളിക്കും. ദസറ ആഘോഷം നടക്കുന്ന 10 ദിവസവും മൈസൂരു നഗരം ദീപങ്ങളാൽ അലങ്കരിക്കും.
വിജയദശമി ദിവസം കൊട്ടാരത്തിൽനിന്ന് ബന്നിമണ്ഡപ് മൈതാനത്തേക്കുള്ള ജംബോ സവാരി ഇക്കുറി മൈസൂരു കൊട്ടാരവളപ്പിൽ മാത്രമായി നടത്തും. കർണാടകയുടെ സംസ്ഥാന ഉത്സവമാണ് നാദഹബ്ബ എന്നപേരിൽ അറിയപ്പെടുന്ന മൈസൂരു ദസറ. ഒക്ടോബർ 26ന് വിജയദശമി ദിനത്തിൽ ചാമുണ്ഡേശ്വരി ദേവിയുടെ സുവർണ വിഗ്രഹം വഹിച്ചുള്ള ജംബോ സവാരിയോടെ ദസറ മഹോത്സവത്തിന് സമാപനമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.