കടപ്പാട്​: holidify

മൈസൂരു ദസറ: ആനകൾക്കും കോവിഡ് പരിശോധന

ബംഗളൂരു: മൈസൂരു ദസറ ആഘോഷ ചടങ്ങുകളിൽ പങ്കെടുക്കുന്ന ആനകൾക്ക് ആവശ്യമെങ്കിൽ കോവിഡ് പരിശോധന നടത്തുമെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

കോവിഡ്​ പശ്ചാത്തലത്തിൽ ഇത്തവണ മൈസൂരു ദസറ ആഘോഷം ലളിതമായി നടത്താൻ തീരുമാനിച്ചെങ്കിലും കൊട്ടാര പരിസരത്ത് അഞ്ചു ആനകളെ പങ്കെടുപ്പിച്ച് പ്രധാന ചടങ്ങായ ജംബോ സവാരി നടത്തുന്നുണ്ട്.

ഈ സാഹചര്യത്തിലാണ് ദസറയിൽ പങ്കെടുക്കുന്ന ആനകൾക്ക് ആവശ്യമെങ്കിൽ കോവിഡ് പരിശോധന നടത്താൻ മൈസൂരു വനം വകുപ്പ് ഡിവിഷൻ അധികൃതർ തീരുമാനിച്ചത്.

ന്യൂയോർക്കിൽ കടുവയിൽ നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവായിരുന്നു. അതിനാൽ തന്നെ ആവശ്യമെങ്കിൽ മാത്രം ദസറയിൽ പങ്കെടുക്കുന്ന ആനകളെയും കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് മൈസൂരു ഡിവിഷൻ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ എം.ജി. അലക്സാണ്ടർ പറഞ്ഞു.

ആനകളുടെ സ്രവ സാമ്പിൾ എടുത്ത് പരിശോധിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ അഭിമന്യൂ, വിക്രമ, വിജയ, ഗോപി, കാവേരി എന്നീ അഞ്ചു ആനകളാണ് ദസറ ആഘോഷ ചടങ്ങിനുണ്ടാകുക. വർഷങ്ങളായി ജംബോ സവാരിക്കിടെ സുവർണ ഹൗഡ പല്ലക്കിലേറ്റിയിരുന്ന അർജുന എന്ന ആന ഇത്തവണയുണ്ടാകില്ല.

60 വയസിന് മുകളിൽ പ്രായമുള്ള ആനകളെ എഴുന്നള്ളിക്കാനാകില്ലെന്ന നിബന്ധനയുള്ളതിനാലാണ് അർജുനയെ ഒഴിവാക്കിയതെന്നും അലക്സാണ്ടർ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.