ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതി നളിനി ശ്രീഹരന് ഒരു മാസം പരോൾ അനുവദിച്ച് മദ്രാസ് ഹൈകോടതി ഉത്തരവ് . ലണ്ടനിലുള്ള മകൾ ഹരിത്രയുടെ വിവാഹവുമായി ബന്ധപ്പെട്ട് ആറുമാസം പരോളിന് നളിനി ജയിലധികൃതർക്ക് അപേക്ഷ നൽകി യെങ്കിലും തീരുമാനമുണ്ടാകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിച്ചത്.
വെള്ളിയാഴ്ച ഉച്ചക്ക് രണ്ടരയോടെ വെല്ലൂർ സെൻട്രൽ ജയിലിൽനിന്ന് കനത്ത പൊലീസ് സുരക്ഷയിൽ ഹാജരാക്കിയ നളിനി കണ്ണീരോടെയാണ് കോടതിയിൽ തെൻറ സങ്കടമുണർത്തിച്ചത്. താനും ഭർത്താവും 28 വർഷമായി ജയിലിലാണ്. ജയിലിൽ ജന്മം നൽകിയ മകൾക്ക് അമ്മയെന്ന നിലയിലുള്ള കടമകളൊന്നും നിർവഹിക്കാൻ കഴിഞ്ഞിട്ടില്ലെന്നും വിവാഹ ആവശ്യങ്ങൾക്കായി ആറുമാസം പരോൾ അനുവദിക്കണമെന്നും നളിനി അപേക്ഷിച്ചു. പരോളിലെ സുരക്ഷച്ചെലവ് സർക്കാർ വഹിക്കണമെന്നും അഭ്യർഥിച്ചു. എന്നാൽ, ജയിൽ മാന്വൽ അനുസരിച്ച് ഒരു മാസത്തിൽ കൂടുതൽ പരോൾ നൽകാനാവില്ലെന്ന് സർക്കാർ അറിയിച്ചു. തുടർന്നാണ് ജസ്റ്റിസുമാരായ എം.എം. സുന്ദരേശൻ, എം. നിർമൽകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉപാധികളോടെ ഒരുമാസം പരോൾ നൽകി ഉത്തരവിട്ടത്.
പരോളിൽ 24 മണിക്കൂറും പൊലീസ് കാവലുണ്ടാകും. താമസ സ്ഥലങ്ങളെക്കുറിച്ചും മറ്റും വിശദ റിപ്പോർട്ട് പൊലീസിന് മുൻകൂട്ടി സമർപ്പിക്കണം. ശേഷം പത്തുദിവസത്തിനകം പൊലീസ് പരോൾ സമയം തീരുമാനിക്കും. മാധ്യമങ്ങളോട് സംസാരിക്കരുതെന്നും ലംഘിച്ചാൽ ഉടനടി പരോൾ റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നൽകി.
രാജ്യത്ത് ഏറ്റവും കൂടുതൽകാലം ജയിൽശിക്ഷ അനുഭവിച്ച വനിത തടവുകാരിയാണ് നളിനി. 2016ൽ പിതാവിെൻറ മരണാനന്തര ചടങ്ങിൽ പെങ്കടുക്കാൻ നളിനിക്ക് ഒരുദിവസം പരോൾ അനുവദിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.