ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന മുരുകനും ഭാര്യ നളിനിയും ജയിലിൽ നിരാഹാരത്തിൽ . മുരുകനെ ഏകാന്ത തടവിലാക്കിയതിനെതിരെയാണ് നിരാഹാരം. രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 28 വർഷമായി വെല്ലൂ ർ സെൻട്രൽ ജയിലിൽ തടവിലാണ് ഇരുവരും.
കഴിഞ്ഞ ആഴ്ച പരിശോധനക്കിടെ മുരുകന്‍റെ സെല്ലിൽ നിന്ന് മൊബൈൽ ഫോൺ കണ്ടെടുത ്തതായി ജയിൽ അധികൃതർ പറയുന്നു. തുടർന്നാണ് മുരുകനെ ഒറ്റക്ക് ഒരു സെല്ലിലാക്കിയത്. ഇതിൽ പ്രതിഷേധിച്ചാണ് മുരുകൻ നിരാഹാരമിരിക്കുന്നതെന്ന് ഇവരുടെ അഭിഭാഷകനായ പി. പുകഴേന്തി പറഞ്ഞു.
നാല് ദിവസമായി മുരുകൻ ഏകാന്ത തടവിലാണ്. പുറത്തിറങ്ങാൻ അനുവദിക്കുന്നില്ല. അടിസ്ഥാന സൗകര്യങ്ങൾ പോലും നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മുരുകന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് വെല്ലൂർ വനിതാ ജയിലിൽ കഴിയുന്ന നളിനിയും വെള്ളിയാഴ്ച രാത്രി മുതൽ നിരാഹാരം ആരംഭിച്ചത്. ജയിൽ അധികൃതർക്ക് എഴുതിയ കത്തിൽ നിരാഹാര സമരത്തിലാണെന്ന് നളിനി അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച പ്രഭാത ഭക്ഷണം നിരസിക്കുകയും ചെയ്തു.
താനും ഭർത്താവ് മുരുകനും 28 വർഷമായി ജയിലിലാണെന്നും മോചിപ്പിക്കണമെന്നും നളിനി അഭ്യർഥിക്കുന്നു. ഈ ആവശ്യവുമായി നേരത്തെയും നിരവധി അപേക്ഷകൾ നളിനി സംസ്ഥാന സർക്കാറിന് നൽകിയിരുന്നു.
മുരുകന്‍റെ പിതാവ് ചികിത്സക്കായി ഇന്ത്യയിലെത്തുന്നുണ്ടെന്നും അദ്ദേഹത്തെ പരിചരിക്കാൻ ഒരു മാസം പരോൾ അനുവദിക്കണമെന്നും കത്തിൽ അഭ്യർഥിക്കുന്നു.
1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുത്തൂരിൽ വെച്ച് മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെടുന്നത്. നളിനി ഉൾപ്പടെ ഏഴ് പ്രതികളെയാണ് കേസിൽ ജീവപര്യന്തം തടവിന് വിധിച്ചത്. മുരുകൻ, പേരറിവാളൻ, ശാന്തൻ, നളിനി എന്നിവരെ വധശിക്ഷക്ക് വിധിച്ചുവെങ്കിലും പിന്നീട് ജീവപര്യന്തമായി കുറക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.