120 കോടിയുടെ മയക്കുമരുന്നുമായി എയർ ഇന്ത്യ മുൻ പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

മുംബൈ: 120 കോടിയുടെ മയക്കുമരുന്നുമായി എയർ ഇന്ത്യ മുൻ പൈലറ്റ് ഉൾപ്പെടെ രണ്ടുപേർ മുംബൈയിൽ പിടിയിലായി. രാജ്യാന്തര വിപണിയിൽ 120 കോടി രൂപ വിലമതിക്കുന്ന 50 കിലോഗ്രാം മെഫിഡ്രോൺ (4എം.എം.സി) ആണ് നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻ.സി.ബി) പിടിച്ചെടുത്തത്. സംഭവത്തിൽ എയർ ഇന്ത്യയുടെ മുൻ പൈലറ്റ് ഉൾപ്പെടെ രണ്ടുപേരെ അറസ്റ്റ് ചെയ്തതായും എൻ.സി.ബി ഉദ്യോഗസ്ഥൻ അറിയിച്ചു.

കഴിഞ്ഞ ദിവസങ്ങളിൽ 1556 കിലോ മയക്കുമരുന്ന് മുംബൈ ഡി.ആർ.ഐ പിടികൂടിയിരുന്നു. സംഭവത്തിൽ കോട്ടയം സ്വദേശി ബിനു ജോണും എറണാകുളം കാലടി സ്വദേശി വിജിൻ വർഗീസും പിടിയിലായിരുന്നു.

നാരങ്ങ പെട്ടിയിൽ ഒളിപ്പിച്ച് 1476 കോടി രൂപയുടെ ലഹരി വസ്തുക്കൾ കടത്തിയ കേസിലാണ് എറണാകുളം സ്വദേശി വിജിൻ വർഗീസ് പിടിയിലായത്. ബിനു ജോണിനെ വിപണിയിൽ 80 കോടി രൂപ വിലവരുന്ന 16 കിലോ ഹെറോയിനുമായി ഡി.ആർ.ഐ പിടികൂടുകയായിരുന്നു. രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബിനു ജോൺ അറസ്റ്റിലായത്.

ഓറഞ്ചുകൾക്കിടയിൽ ഒളിപ്പിച്ച 1476 കോടിയുടെ എം.ഡി.എം.എയും കൊക്കെയ്നും കഴിഞ്ഞ ഞായറാഴ്ചയാണ് മുംബൈ തുറമുഖം വഴി കടത്തുന്നതിനിടെ പിടിയിലായത്. എറണാകുളം കാലടി മുക്കന്നൂർ സ്വദേശി വിജിന്‍ വര്‍ഗീസിന്റെ ഉടമസ്ഥതയിലുള്ള യമിറ്റോ ഫുഡ്‌സ് ഇന്റര്‍നാഷണല്‍ എന്ന കമ്പനിയുടെ പേരിലാണ് ലഹരി വസ്തുക്കൾ എത്തിയത്. പഴം ഇറക്കുമതിയുടെ മറവിലാണ് രാജ്യത്തേക്ക് വൻ തോതിൽ ലഹരി മരുന്ന് ഇറക്കുമതി ചെയ്തത്. വിജിനൊപ്പം മന്‍സൂര്‍ തച്ചാംപറമ്പില്‍ എന്നയാള്‍ക്കും ലഹരിക്കടത്തില്‍ ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. ഇതേക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ട്. ദക്ഷിണാഫ്രിക്ക, തുർക്കി, ബ്രസീൽ എന്നിവിടങ്ങങ്ങളിൽനിന്നും ഇവർ പഴവർഗങ്ങൾ ഇറക്കുമതി ചെയ്തിരുന്നു. മൻസൂറിന്റെ ഉടമസ്ഥതയിലുള്ള മോർ ഫ്രഷ് എക്സ്പോർട്സ് കമ്പനിയിൽ വിജിന്റെ സഹോദരൻ ഡയറക്ടറാണെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ നിന്ന് മുംബൈ തുറമുഖം വഴി കപ്പലിലാണ് ലഹരി കടത്തിയത്. രാജ്യത്തെ ഏറ്റവും വലിയ ലഹരിവേട്ടകളിൽ ഒന്നാണ് ഇതെന്ന് ഡിആർഐ പറയുന്നു. സംഭവവുമായി ബന്ധപ്പെട്ട് യമ്മിറ്റോ ഇന്റർനാഷണൽ ഫുഡ്സിന്റെ കാലടിയിലെ ഓഫീസിൽ എക്സൈസ് ഇന്നലെ പരിശോധന നടത്തിയിരുന്നു. നേരത്തെ മാസ്‌ക് ഇറക്കുമതിയും സ്ഥാപനം നടത്തിയിരുന്നു. ഇതിന്റെ മറവിലും ലഹരിക്കടത്ത് നടന്നോയെന്ന് പരിശോധിക്കുകയാണ്.

ബിനു ജോണി നാട്ടിലും ദുരൂഹ കഥാപാത്രം

കോട്ടയം: 80 കോടി രൂപയുടെ ഹെറോയിനുമായി മുംബൈയില്‍ പിടിയിലായ അകലക്കുന്നം മറ്റക്കര അമ്പത്തുങ്കല്‍ ബിനു ജോണി നാട്ടിലും ദുരൂഹമായ വ്യക്തി. അകലക്കുന്നം പഞ്ചായത്തിലെ മറ്റക്കര വാര്‍ഡില്‍ മണ്ണൂര്‍ പള്ളിക്ക് സമീപമാണ് ബിനുവിന്‍റെ വീട്. 15 വര്‍ഷം മുമ്പ് മണര്‍കാട്ടുനിന്നാണ് ഇയാള്‍ ഇവിടെ താമസത്തിനെത്തിയതെന്നു പ്രദേശവാസികള്‍ പറയുന്നു. നാട്ടിൽ ആരുമായും കാര്യമായ അടുപ്പമില്ലായിരുന്നു. നാട്ടിലുള്ളപ്പോള്‍ സ്വന്തം കാറിൽ ബിനു പുറത്തേക്ക് പോകുന്നത് കാണാമെന്നും മാന്യമായ സംസാരമായിരുന്നുവെന്നും അയല്‍വാസികള്‍ പറയുന്നു.

കൂടുതല്‍ ആരുമായി പരിചയപ്പെടാനോ, സംസാരിക്കാനോ ശ്രമിക്കാത്ത ദുരൂഹ കഥാപാത്രമായാണ് പലരും ഇയാളെ കണ്ടിരുന്നത്. ഇയാൾ ഹെറോയിന്‍ കേസില്‍ പിടിക്കപ്പെട്ടുവെന്നതിലെ ഞെട്ടലിലാണ് നാട്ടുകാർ. മൂന്നുമാസം മുമ്പ് വരെ നാട്ടില്‍ വന്നുപോയിരുന്നു. എന്നാല്‍, ഇയാള്‍ക്ക് ജോലിയെന്തെങ്കിലും ഉണ്ടോയെന്നുപോലും അറിയില്ലെന്നും നാട്ടുകാര്‍ പറയുന്നു. മണ്ണൂര്‍പ്പള്ളിക്ക് സമീപമുള്ള ഇടത്തരം വീട്ടില്‍ പ്രായമായ അമ്മ മാത്രമാണുള്ളത്. ഇയാളെക്കുറിച്ചോ അറസ്റ്റിനെക്കുറിച്ചോ പൊലീസിനും വിവരമൊന്നും ലഭിച്ചിട്ടില്ല.

Tags:    
News Summary - Narcotics Control Bureau seizes 50 kg mephedrone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.