ന്യൂഡൽഹി: അന്തമാൻ നികോബാറിലെ സെല്ലുലാർ ജയിൽ സന്ദർശിക്കാൻ തനിക്ക് പ്രചോദനം നൽകിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ‘മൻ കി ബാത്തി’ൽ ഉദ്ധരിച്ച വി.ഡി. സവർക്കറുടെ പുസ്തകം അക്രമോത്സുക തീവ്ര മുസ്ലിംവിരുദ്ധ രാഷ്ട്രീയം നിറഞ്ഞത്. ഹിന്ദുമഹാസഭ നേതാവും ഹിന്ദുത്വത്തിെൻറ ആദ്യകാല സൈദ്ധാന്തികരിലൊരാളുമായ സവർക്കറുടെ സെല്ലുലാർ ജയിലിലെ അനുഭവങ്ങൾ സംബന്ധിച്ച ആത്മകഥാപരമായ പുസ്തകം ‘മാജി ജന്മതേപ്’ ആണ് തന്നെ പ്രചോദിപ്പിച്ചതായി മോദി ഞായറാഴ്ചത്തെ റേഡിയോ പ്രഭാഷണത്തിൽ പറഞ്ഞത്.
സവർക്കറെ അനുസ്മരിക്കാനുള്ള ഒരവസരമായുംകൂടി ഉപയോഗിച്ച മോദി തീവ്ര ഹിന്ദുത്വ നിലപാടുകൾ ഒരിക്കൽകൂടി പൊതുമണ്ഡലത്തിൽ ചർച്ചയാക്കാനും ഉപയോഗിച്ചു. ഇൗ പുസ്തകം വായിച്ച ശേഷമാണ് തനിക്ക് ജയിൽ സന്ദർശിക്കാനുള്ള പ്രചോദനം ഉണ്ടായതെന്നാണ്സവർക്കറുടെ ജന്മവാർഷികദിനം അനുസ്മരിച്ച് അദ്ദേഹം മൻ കി ബാത്തിൽ പറഞ്ഞത്. ചെറിയ സെല്ലിലടച്ച സവർക്കർ കവിതകളെഴുതിയിരുന്നുവെന്നും ഇതുപോലുള്ള സ്വതന്ത്ര്യസമര സേനാനികൾ കടുത്ത പീഡനങ്ങളിലൂടെയാണ് കടന്നുപോയതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
ആദ്യകാല ഹിന്ദുമഹാസഭ നേതാക്കൾ മുന്നോട്ടുവെക്കുന്നതും സംഘ്പരിവാർ പിന്തുടരുന്നതുമായ കടുത്ത മുസ്ലിം ന്യൂനപക്ഷവിരുദ്ധ രാഷ്ട്രീയമാണ് സവർക്കർ മുന്നോട്ടുെവക്കുന്നത്. അന്തമാൻ സെല്ലുലാർ ജയിലിൽ കിടക്കവേയാണ് ബ്രട്ടീഷ് സാമ്രാജ്യത്തോട് തന്നെയും സഹോദരനെയും മോചിപ്പിക്കണമെന്ന് അപേക്ഷിച്ച് ദയാഹരജി സവർക്കർ നൽകിയത്. ഇതടക്കം പുസ്തകത്തിൽ സൂചിപ്പിക്കുന്നുണ്ട്. മറാത്തിയിൽ എഴുതിയ പുസ്തകത്തിെൻറ ആദ്യ പതിപ്പ് 1927ൽ പ്രസിദ്ധീകരിച്ചുവെങ്കിലും രണ്ടാം പതിപ്പ് ഇറക്കുന്നത് അന്നത്തെ ബോംബെ സർക്കാർ നിരോധിച്ചു. 1947ലാണ് പിന്നീട് പുസ്തകം വെളിച്ചം കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.