ന്യൂഡൽഹി: പ്രധാനമന്ത്രി രാജ്യത്തുടനീളം മോദിയുടെ ഗ്യാരന്‍റി എന്ന് പ്രചരണം നടത്തുന്ന സാഹചര്യത്തിൽ ഒരു ദശാബ്ദമായി അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി മുമ്പ് നൽകിയ ഉറപ്പുകളുടെ നിലവിലെ സ്ഥിതി ഓർമിപ്പിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ്.
ഇന്ത്യയിലെ യുവാക്കൾക്ക് ഓരോ വർഷവും രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി മോദി വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ തൊഴിലില്ലായ്മ 45 വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയെന്നും അദ്ദേഹം പറഞ്ഞു. തൊഴിലില്ലാത്തവരുടെ എണ്ണം ഒരു കോടിയിൽ നിന്ന് നാല് കോടിയായി ഉയർന്നതായും അദ്ദേഹം പറഞ്ഞു.
2022 ഓടെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുമെന്ന് 2016 ഫെബ്രുവരി 28 ന് മോദി വാഗ്ദാനം ചെയ്തെങ്കിലും കർഷകരുടെ യഥാർഥ വരുമാനം പ്രതിവർഷം രണ്ട് ശതമാനം മാത്രമാണ് വർധിച്ചത്. അപര്യാപ്തമായ എം.എസ്.പിയും വർധിച്ചുവരുന്ന ചെലവുകളും കാരണം കർഷകരുടെ കടബാധ്യത 60% വർദ്ധിപ്പിക്കാൻ കാരണമായി. ഈ സാഹചര്യത്തിൽ 2014 മുതൽ ഒരു ലക്ഷത്തോളം കർഷകർ ആത്മഹത്യ ചെയ്തതായും അദ്ദേഹം പറഞ്ഞു.
ഓരോ ഇന്ത്യക്കാരന്‍റെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപ കള്ളപ്പണം നിക്ഷേപിക്കുമെന്ന് മോദി വാഗ്ദാനം ചെയ്തിരുന്നെന്നും എന്നാൽ ഈ ഗ്യാരന്‍റി വെറുതെയാണെന്ന് 2015 ഫെബ്രുവരി 5ന് ആഭ്യന്തര മന്ത്രി അമിത് ഷാ തന്നെ സമ്മതിച്ചെന്നും ജയ്റാം രമേശ് പറഞ്ഞു.
കള്ളപ്പണം തടയുന്നതിൽ മോദി സർക്കാർ പൂർണ്ണമായും പരാജയപ്പെട്ടു. നോട്ട് അസാധുവാക്കലിന്‍റെ പരാജയത്തിന് ശേഷം പ്രചാരത്തിലുള്ള പണത്തിന്‍റെ 99.3% ആർ.ബി.ഐയിലേക്ക് മടങ്ങി. ഇതിനിടയിൽ നീരവ് മോദിയെയും മെഹുൽ ചോക്‌സിയെയും പോലുള്ള വഞ്ചകർ ഇന്ത്യയെ കബളിപ്പിച്ച് കോടികൾ കള്ളപ്പണവുമായി രക്ഷപ്പെട്ടതായും അദ്ദേഹം ആരോപിച്ചു.
താൻ അധികാരത്തിലിരിക്കുമ്പോൾ സംവരണത്തിൽ ആർക്കും തൊടാനാവില്ലെന്ന് പ്രധാനമന്ത്രി മോദി അവകാശപ്പെട്ടിരുന്നു. 2024 ജനുവരിയിൽ എസ്.സി, എസ്.ടി, ഒ.ബി.സി ഉദ്യോഗാർഥികൾക്കുള്ള അധ്യാപക തസ്തികകൾ ഡി-റിസർവ് ചെയ്യുന്നതിനുള്ള കരട് മാർഗ്ഗനിർദ്ദേശങ്ങൾ യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ പുറപ്പെടുവിച്ചു.
പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിച്ചും ജോലികൾ കരാർവൽക്കരിച്ചും ശേഷിക്കുന്ന 2.7 ലക്ഷം പി.എസ്.ഇ ജോലികൾ വെട്ടിക്കുറച്ചും 5 ലക്ഷം സംവരണ സർക്കാർ തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതിലൂടെയും ബി.ജെ.പി പിൻവാതിലിലൂടെ സംവരണം നീക്കം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
മുഴുവൻ സമ്പദ്‌വ്യവസ്ഥയും തെരഞ്ഞെടുത്ത കുറച്ച് ചങ്ങാത്ത മുതലാളിമാർക്ക് കൈമാറി. 2019ഓടെ ഗംഗയെ ശുദ്ധീകരിക്കുമെന്ന് 2014 മുതൽ പ്രധാനമന്ത്രി മോദി ആവർത്തിച്ച് വാഗ്ദ്ധാനം ചെയ്തിരുന്നു. ഗംഗാ നദി മുമ്പത്തേക്കാൾ വൃത്തികെട്ട നിലയിലാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
2014 ജൂണിൽ 100 നഗരങ്ങളെ ‘സ്മാർട്ട് സിറ്റികളായി’ വികസിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ 110 നഗരങ്ങളിൽ മധുരയിൽ മാത്രമാണ് ആരംഭിച്ച എല്ലാ പദ്ധതികളും പൂർത്തിയാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.