കലാപത്തിന്റെ മുറിവുണങ്ങാതെ നരോദ പാട്യ, മുമ്പെയെറിഞ്ഞ് ആപ്

അഹ്മദാബാദ്: ഗുജറാത്ത് കലാപത്തിന് 21 വർഷത്തിനു ശേഷവും നരോദ പാട്യയുടെ മുറിപ്പാട് പൂർണമായി മാഞ്ഞിട്ടില്ല. ഇനിയും പരിഹരിക്കപ്പെടേണ്ട വർഗീയവി​​ദ്വേഷത്തിന്റെ ഓർമപ്പെടുത്തലായി തുടരുകയാണ് ഇവിടം. വർഗീയതക്ക് പകരം വിലക്കയറ്റം പോലുള്ള വിഷയങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്ന ആഹ്വാനവുമായി ആം ആദ്മി പാർട്ടി സജീവമാണ്.

2002ലെ ഗുജറാത്ത് കലാപ സമയത്ത് കൂട്ട വംശഹത്യ നടന്ന അഹ്മദാബാദിന് അടുത്തുള്ള നരോദ പാട്യയിൽ അടുത്ത മാസം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ മതം മാറ്റിനിർത്തി മാറ്റത്തിനുവേണ്ടി വോട്ടുചെയ്യാൻ ആളുകൾ ഒരുമിക്കുമെന്ന പ്രതീക്ഷ എ.എ.പി സ്ഥാനാർഥി ഓംപ്രകാശ് തിവാരി പങ്കുവെച്ചു. 20 വർഷം മുമ്പ് ഇവിടെ നടന്നത് ഞങ്ങൾ മറന്നു. ഇന്ത്യ ഒരു മതേതര രാജ്യമാണ്, ഇഷ്ടമുള്ള മതത്തിൽ വിശ്വസിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും തിവാരി വാർത്ത ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

തൊഴിലില്ലായ്മ, വിലക്കയറ്റം, താങ്ങാവുന്ന വിദ്യാഭ്യാസത്തിന്റെ അഭാവം തുടങ്ങിയ പ്രശ്‌നങ്ങളെയാണ് നാം ആദ്യം പരിഗണിക്കേണ്ടതെന്ന് 1990 മുതൽ ബിജെ.പിക്ക് വോട്ട് ചെയ്യുന്ന മണ്ഡലത്തിൽ, ഗോധ്ര ട്രെയിൻ തീവെപ്പിനെ തുടർന്നുണ്ടായ കലാപം പ്രശ്‌നമാണോയെന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകി.

ഗോധ്ര ട്രെയിൻ തീവെപ്പിന് തൊട്ടുപിന്നാലെ നരോദ പാട്യയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടു. മുസ്‍ലിംകളായ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 97 പേരെ ജനക്കൂട്ടം കൊലപ്പെടുത്തി, അവരുടെ സ്വത്തുക്കൾ കൊള്ളയടിക്കുകയും വീടുകൾക്ക് തീയിടുകയും ചില സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്യുകയും ചെയ്തു. ഇരകളിൽ ഭൂരിഭാഗവും ദരിദ്രരായിരുന്നു.

നരോദ നിയമസഭ മണ്ഡലത്തിൽപെട്ട നരോദ പാട്യയിൽ ഡിസംബർ അഞ്ചിനാണ് വോട്ടെടുപ്പ്. ബി.ജെ.പിയും കോൺഗ്രസും സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ആം ആദ്മി പാർട്ടി മുൻ കോൺഗ്രസ് നേതാവ് തിവാരിയെ രംഗത്തിറക്കി ഒരു മുഴംമുമ്പെ കളംപിടിക്കാൻ തുടങ്ങി.

നരോദയിൽനിന്ന് രണ്ട് തവണ മുനിസിപ്പൽ കൗൺസിലറായ തിവാരി 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ ബൽറാം തവാനിയോട് പരാജയപ്പെട്ടു.

പരമ്പരാഗതമായി രണ്ടു പാർട്ടികൾ ഏറ്റുമുട്ടുന്ന ഗുജറാത്തിൽ ആപ്പിന്റെ വരവോടെ ഇക്കുറി ത്രികോണ മത്സരത്തിനാണ് അരങ്ങൊരുങ്ങുന്നത്. നരോദ നിയമസഭ മണ്ഡലത്തിൽ മൂന്ന് ലക്ഷത്തോളം വോട്ടർമാരുണ്ട്.

നിഗൂഢതകൾ ഏറെയുള്ള നരോദ പാട്യ ഇക്കുറി മാറ്റത്തിന് ഒരുക്കമാണെന്നാണ് വിലയിരുത്തൽ. മുന്‍ ബി.ജെ.പി എം.എൽ.എ മായ കൊട്‌നാനി മുഖ്യപ്രതിയായ 2002ലെ നരോദ കൂട്ടക്കൊല കേസിലെ സാക്ഷിയായ സലിം ശൈഖ് ആപ്പിനെ പിന്തുണക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു.

2012ൽ വിചാരണ കോടതി കോട്നാനി കുറ്റക്കാരനാണെന്ന് കണ്ടെത്തി 28 വർഷം തടവിന് ശിക്ഷിച്ചെങ്കിലും പിന്നീട് ഗുജറാത്ത് ഹൈകോടതി കുറ്റമുക്തയാക്കി.ശൈഖും ഭാര്യയും മക്കളും ആക്രമണത്തിൽനിന്ന് രക്ഷപ്പെട്ടെങ്കിലും വീടും സ്വത്തുക്കളും അഗ്നിക്കിരയായി. ബന്ധുവിന്റെ രണ്ട് മക്കളും കൊല്ലപ്പെട്ടു. '2002ലെ സംഭവം വേദനജനകമായിരുന്നു. കേന്ദ്രത്തിൽ അധികാരത്തിൽ തുടർന്നിട്ടും ഞങ്ങൾക്കുവേണ്ടി കോൺ​ഗ്രസ് ചെയ്തില്ല' -ശൈഖ്പറഞ്ഞു.

Tags:    
News Summary - Naroda Patya did not heal the wounds of the rebellion, and he went ahead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.