ആര്‍ത്തവമുള്ള വിദ്യാർഥികളെ വൃക്ഷത്തൈ നടുന്നതിൽ നിന്ന് അധ്യാപകർ വിലക്കിയതായി പരാതി

മുംബൈ: ആര്‍ത്തവമുള്ള വിദ്യാർഥികളെ സ്‌കൂളില്‍ നടന്ന വൃക്ഷത്തൈ നടീല്‍ പരിപാടിയില്‍ നിന്ന് അധ്യാപകര്‍ മാറ്റിനിര്‍ത്തിയതായി പരാതി. മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ ചൊവ്വാഴ്ചയാണ് സംഭവം. നാസിക്കിലെ ത്രിംബെകേശ്വറിലെ ദേവ്ഗാവൊന്‍ ട്രൈബല്‍ സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ആര്‍ത്തവത്തിന്റെ പേരില്‍ വൃക്ഷത്തൈ നടുന്നതില്‍ നിന്ന് അധ്യാപകര്‍ തങ്ങളെ മാറ്റിനിര്‍ത്തി എന്നാണ് വിദ്യാര്‍ഥികളുടെ പരാതി.

'ആര്‍ത്തവമുള്ള പെണ്‍കുട്ടികള്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചാല്‍ മരങ്ങള്‍ വളരില്ലെ'ന്ന് പറഞ്ഞാണ് അധ്യാപകന്‍ തങ്ങളെ തടഞ്ഞതെന്നും വിദ്യാര്‍ഥികള്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇത്തരത്തില്‍ ആര്‍ത്തവമുള്ള വിദ്യാര്‍ത്ഥിനികള്‍ നട്ട തൈകള്‍ വളര്‍ന്നില്ലെന്ന് അധ്യാപകര്‍ പറഞ്ഞെന്നും ഇവര്‍ ആരോപിച്ചു.

നട്ടുപിടിപ്പിച്ച തൈകളുടെ അടുത്തേക്ക് പോലും ആര്‍ത്തവമുള്ള വിദ്യാർഥിനികള്‍ പോകരുതെന്നും അധ്യാപകര്‍ നിര്‍ദേശിച്ചതായാണ് പരാതി. സംഭവം വിദ്യാർഥിനികള്‍ രക്ഷിതാക്കളെ അറിയിക്കുകയും ഇവര്‍ പിന്നീട് ട്രൈബല്‍ ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റിന് പരാതി നല്‍കുകയുമായിരുന്നു. തങ്ങളെ അപമാനിച്ച അധ്യാപകര്‍ക്കെതിരെ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം.

തൈകള്‍ നട്ടുപിടിപ്പിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടഞ്ഞപ്പോള്‍, അതിന്റെ പിന്നിലെ ശാസ്ത്രീമായ കാരണങ്ങളെന്താണെന്ന് അധ്യാപകരോട് ഞങ്ങള്‍ ചോദിച്ചു. 'ഇതെല്ലാം ഐതീഹ്യമാണ്, വിശ്വസിക്കണം' എന്നാണ് അവര്‍ പറഞ്ഞത്. ഞങ്ങളുടെ കാഴ്ചപ്പാട് മനസ്സിലാക്കുന്നതിനുപകരം അധ്യാപകര്‍ ഞങ്ങളെ ഭീഷണിപ്പെടുത്തുകയും മിണ്ടാതിരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പ്രതികരിച്ചാല്‍ പരീക്ഷ എഴുതാന്‍ അനുവദിക്കില്ല'- ഒരു ആദിവാസി പെണ്‍കുട്ടി പറഞ്ഞു. എല്ലായ്‌പ്പോഴും ആര്‍ത്തവ സമയത്ത് അധ്യാപകര്‍ തങ്ങളെ അപമാനിക്കാറുണ്ടെന്നും വിദ്യാർഥിനികള്‍ ആരോപിക്കുന്നു.

സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആദിവാസി വികസന വകുപ്പിന് മഹാരാഷ്ട്ര വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രുപാലി ചകന്‍കര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പരാതി ഉന്നയിച്ച പെണ്‍കുട്ടിയുടെ ക്ലാസിലുള്ള എല്ലാ വിദ്യാര്‍ഥികളുടേയും മൊഴി രേഖപ്പെടുത്തുമെന്നും സ്‌കൂളിലെ അധ്യാപകര്‍, മറ്റ് ജീവനക്കാര്‍ തുടങ്ങിയവരില്‍ നിന്നും മൊഴിയെടുക്കുമെന്നും ആദിവാസി വികസന വകുപ്പ് കമ്മീഷണര്‍ സന്ദീപ് ഗൊലയ്ത് പ്രതികരിച്ചു. നാസിക് ജില്ലാ അഡീഷണല്‍ കളക്ടര്‍ വര്‍ഷ മീണ സ്‌കൂളിലെത്തി പെണ്‍കുട്ടികളോട് പ്രശ്‌നങ്ങള്‍ ചോദിച്ചറിഞ്ഞു.

Tags:    
News Summary - Nashik School Stops Tribal Girl Having Menstruation From Planting Trees; Tribal Department Orders Inquiry

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.