ഗാങ്ടോക്: വടക്കൻ സിക്കിമിൽ പർവതപാതയിൽ ട്രക്ക് കൊക്കയിലേക്കു മറിഞ്ഞ് മരിച്ച മലയാളി ഉൾപ്പെടെയുള്ള സൈനികർക്ക് രാജ്യത്തിന്റെ അന്ത്യാഞ്ജലി. ശനിയാഴ്ച ഉച്ചക്ക് 12.36ഓടെയാണ് 16 സൈനികരുടെയും മൃതദേഹങ്ങൾ കിഴക്കൻ സിക്കിമിൽനിന്ന് വടക്കുപടിഞ്ഞാറൻ ബംഗാളിലെ സിലിഗുരിക്കടുത്തുള്ള ബാഗ്ഡോഗ്ര വിമാനത്താവളത്തിലെത്തിച്ചത്.
മൃതദേഹങ്ങളിൽ സൈനികർ ഗൺ സല്യൂട്ട് നൽകിയ ശേഷം റീത്ത് സമർപ്പിച്ചു. സിക്കിം ഗവർണർ ഗംഗ പ്രസാദ്, മുഖ്യമന്ത്രി പ്രേം സിങ് തമാങ്, കര, വ്യോമസേന ഉദ്യോഗസ്ഥർ എന്നിവർ അന്തിമോപചാരം അർപ്പിച്ചു. തുടർന്ന് മൃതദേഹങ്ങൾ സൈനികരുടെ സ്വന്തം വീടുകളിലേക്ക് അയച്ചതായി സേന വൃത്തങ്ങൾ വ്യക്തമാക്കി.
നേരത്തേ സൈനികവാഹനത്തിൽ ഗാങ്ടോക്കിനടുത്തുള്ള സോചതാങ്ങിലെത്തിച്ച മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെയും സർക്കാർ ഉദ്യോഗസ്ഥരുടെയും മേൽനോട്ടത്തിൽ പൂർത്തീകരിച്ചിരുന്നു.
ചേതനിൽനിന്ന് താങ്കുവിലേക്കു പോകുകയായിരുന്ന മൂന്നു വാഹനങ്ങളടങ്ങിയ കോൺവോയിയിലെ ഒരു ട്രക്കാണ് ചെങ്കുത്തായ പാതയിൽ തെന്നിനീങ്ങി കൊക്കയിലേക്കു പതിച്ചത്. സംഭവത്തിൽ മൂന്നു ജൂനിയർ കമീഷൻഡ് ഓഫിസർമാർ ഉൾപ്പെടെ 16 സൈനികർ മരിച്ചതായി സൈന്യം സ്ഥിരീകരിച്ചിരുന്നു.
നായിബ് സുബേദാർ ചന്ദൻകുമാർ മിശ്ര, 285 മെഡിക്കൽ റെജിമെന്റിലെ നായിബ് സുബേദാർ ഓംകാർ സിങ്, ലഫ്. ഹവിൽദാർ ഗോപിനാഥ് മാകൂർ, ശിപായി സുഖറാം, 216 മെക്കനൈസ്ഡ് ഇൻഫൻട്രിയിലെ ഹവിൽദാർ ചരൻ സിങ്, നായിക് രവീന്ദർ സിങ് താപ, 221 ഫീൽഡ് റെജിമെന്റിലെ മലയാളി ജവാനായ നായിക് വൈശാഖ് എസ്, നായിക് പ്രമോദ് സിങ്, ലഫ്. നായിക് ഭൂപേന്ദ്ര സിങ്, നായിക് ശ്യാം സിങ് യാദവ്, നായിക് ലോകേഷ് കുമാർ, ഗ്രനേഡിയർ വികാസ് കുമാർ, സുബേദാർ ഗുമാൻ സിങ്, രാജസ്ഥാൻ റൈഫിൾസ് എട്ടിൽനിന്നുള്ള ഹവിൽദാർ അരവിന്ദ് സിങ്, 113 എൻജിനീയറിങ് റെജിമെന്റിലെ ലഫ്റ്റനന്റ് നായിക് സോവിർ സിങ്, 1871 ഫീൽഡ് റെജിമെന്റിലെ ലെഫ്. നായിക് മനോജ് കുമാർ എന്നിവരാണ് മരിച്ച സൈനികർ.
നാലു സൈനികർക്കാണ് അപകടത്തിൽ പരിക്കേറ്റത്. ഇവരെ സൈനിക ഹെലികോപ്ടറിൽ സിലിഗുരിയിലെ സൈനിക ആശുപത്രിയിലേക്കു മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.