ബംഗളൂരു: ശിരോവസ്ത്ര വിവാദം, മസ്ജിദുകളിലെ ഉച്ചഭാഷിണി നിരോധന കാമ്പയിൻ, മുസ്ലിം കച്ചവടക്കാരെ വിലക്കാനുള്ള നീക്കം തുടങ്ങിയ പ്രചാരണങ്ങൾക്ക് പിന്നാലെ കർണാടകയിലെ മദ്റസകളിൽ ദേശീയഗാനം ആലപിക്കുന്നത് നിർബന്ധമാക്കണമെന്ന ആഹ്വാനവുമായി തീവ്രഹിന്ദുത്വ സംഘടനകൾ രംഗത്ത്.
ഉത്തർപ്രദേശിന് പിന്നാലെ കർണാടകയിലും മദ്റസകളിൽ ക്ലാസുകൾ ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിക്കുന്നത് നിർബന്ധമാക്കണമെന്നാവശ്യപ്പെട്ട് തീവ്രഹിന്ദുത്വ സംഘടനകളുടെ നേതൃത്വത്തിൽ സമൂഹ മാധ്യമങ്ങളിലൂടെയാണ് വ്യാപക പ്രചാരണം ആരംഭിച്ചത്. നിലവില്‍ മദ്റസകളില്‍ ദേശീയഗാനം ആലപിക്കുന്നില്ലെങ്കിലും സ്വാതന്ത്ര്യദിനത്തിലും റിപ്പബ്ലിക് ദിനത്തിലും ദേശീയഗാനം ആലപിക്കാറുണ്ട്. എന്നാല്‍, എല്ലാ മദ്റസകളിലും ദേശീയഗാനം ആലപിക്കാറില്ലെന്നാണ് തീവ്രഹിന്ദുത്വ സംഘടനകളുടെ ആരോപണം.
ദേശീയഗാനം ആലപിക്കുന്നതിനെ എതിര്‍ക്കുന്നവര്‍ ഇന്ത്യയില്‍ ജീവിക്കാന്‍ അര്‍ഹരല്ലെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി സി.ടി. രവി പറഞ്ഞു. യഥാര്‍ഥ ഇന്ത്യക്കാര്‍ ദേശീയഗാനം ആലപിക്കുന്നതില്‍ ഒരു വിവാദവും ഉണ്ടാക്കില്ല. ദേശീയഗാനം ആലപിക്കാന്‍ മദ്റസകള്‍ സ്വയം മുന്നോട്ടുവരുകയാണ് വേണ്ടത്. രാജ്യത്തെ ബഹുമാനിക്കുന്നവര്‍ ഉറപ്പായും ദേശീയഗാനം ആലപിക്കും.
ദേശീയഗാനത്തെയും ദേശീയപതാകയെയും ഭരണഘടനയെയും ബഹുമാനിക്കാത്തവര്‍ സാങ്കേതികമായി മാത്രമേ ഇന്ത്യയില്‍ ജീവിക്കുന്നുള്ളൂവെന്നും വൈകാരികമായിട്ടല്ലെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.