ചണ്ഡീഗഢ്: പഞ്ചാബ് കോൺഗ്രസ് രാഷ്ട്രീയത്തിൽ വീണ്ടും കല്ലുകടിയായി നവ്ജോത് സിങ് സിധുവിന്‍റെ രാജി. പഞ്ചാബ് പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷ സ്ഥാനത്തു നിന്നുമാണ് സിധു രാജിവെക്കുന്നതായി അറിയിച്ചത്. പഞ്ചാബ് കോൺഗ്രസ് നേതൃത്വത്തിൽ ഇരിക്കാനാവില്ലെന്നറിയിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്തയച്ചു. മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമായിരുന്ന അമരീന്ദർ സിങ് രാജിവെച്ചതിനു പിന്നാലെ ദേശീയ നേതൃത്വത്തിന് തീരാതലവേദനയായിരിക്കുകയാണ് പഞ്ചാബ്.
രാജിവെച്ചെങ്കിലും കോൺഗ്രസിൽ തുടരുമെന്നും സിധു അറിയിച്ചിട്ടുണ്ട്. ഈ മാസം 18നാണ് ഹൈക്കമാൻഡിന്‍റെ നിർദേശപ്രകാരം അമരീന്ദർ മുഖ്യമന്ത്രി പദം രാജിവച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിന് നാലു മാസം മാത്രം ശേഷിക്കെ പഞ്ചാബ് കോൺഗ്രസിലെ പൊട്ടിത്തെറിക്ക് അവസാനമാകുന്നില്ല.
നേരത്തെ, അമരീന്ദറിന്‍റെ രാജിക്കു പിന്നിൽ സിധുവാണെന്ന് ആരോപണം ഉയർന്നിരുന്നു. പഞ്ചാബ് പി.സി.സി അധ്യക്ഷനായി നവ്ജ്യോത് സിങ് സിധു വന്നതോടെയാണ് അമരീന്ദറിനെതിരേയുള്ള നീക്കം ശക്തിപ്പെട്ടിരുന്നത്. മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് അമരീന്ദറിനെ മാറ്റണമെന്നാവശ്യപ്പെട്ട് നാലു മന്ത്രിമാർ അടക്കം 40 എം.എൽ.എമാരാണ് ഹൈക്കമാൻഡിനെ സമീപിച്ചിരുന്നത്.
മുഖ്യമന്ത്രി പദം രാജിവച്ചതിന് പിന്നാലെ അമരീന്ദർ നേതൃത്വത്തിനെതിരെ സംസാരിച്ചിരുന്നു. രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും അനുഭവ സമ്പത്തില്ലെന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഉപദേശകർ ഇരുവരെയും വഴി തെറ്റിക്കുകയാണ് എന്നും ആരോപിച്ചിരുന്നു. പുതിയ മുഖ്യമന്ത്രിയായി ചുമതലയേറ്റ ചരൺജിത് സിങ് ഛന്നിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ അമരീന്ദർ പങ്കെടുത്തിരുന്നില്ല.
ഏറെ നീണ്ടു നിന്ന പഞ്ചാബ് കോൺഗ്രസ് രാഷ്ട്രീയ പ്രതിസന്ധിക്ക് സിധുവിനെ പി.സി.സി അധ്യക്ഷനാക്കി ഹൈക്കമാൻഡ് താൽക്കാലിക പരിഹാരം കണ്ടെത്തിയിരുന്നെങ്കിലും പുതിയ സംഭവവികാസങ്ങൾ പാർട്ടിയെ കടുത്ത പ്രതിന്ധിയിലെത്തിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.