മൊഹാലി: പഞ്ചാബ് കോൺഗ്രസിൽ ഭിന്നത കൂടുന്നതിന്‍റെ സൂചനകൾ നൽകി മുഖ്യമന്ത്രി ചരൺജിത് സിങ് ചന്നിയുടെ മകന്‍റെ വിവാഹത്തിൽ പി.സി.സി അധ്യക്ഷൻ നവ്ജോത് സിങ് സിധു പങ്കെടുത്തില്ല. മൊഹാലിയിലെ ഗുരുദ്വാരയിൽ വെച്ച് ഞായറാഴ്ചയാണ് ചന്നിയുടെ മകൻ നവ്ജിത് സിങ് അംലാല സ്വദേശിനിയായ സിമ്രൻദീർ കൗറിനെ വിവാഹം ചെയ്തത്.
അതേസമയം സിധു പി.ഡബ്ല്യു.ഡി മന്ത്രി വിജയ് ഇന്ദർ സിംഗ്ലക്കും രാജ് കുമാർ ചബ്ബേവാൾ എം.എൽ.എക്കുമൊപ്പം ജമ്മുവിലെ വൈഷ്ണോ ദേവി ക്ഷേത്രം സന്ദർശിക്കുകയായിരുന്നു സിധു. ക്ഷേത്ര സന്ദർശനത്തിന്‍റെ ചിത്രങ്ങൾ സിധു ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.
പഞ്ചാബ് ഗവർണർ ബൻവാരിലാൽ പുരോഹിത്, കോൺഗ്രസ് ജനറൽ സെക്രട്ടറിഹരീഷ് റാവത്ത്, ഉപമുഖ്യമന്ത്രിമാരായ സുഖ്ജീന്ദർ സിങ് രൺദാവ, ഒ.പി സോണി, മന്ത്രിമാരായ മൻപ്രീത് സിങ് ബാദല, ഭ്രം മൊഹീന്ദ്ര, പർഗത് സിങ്, തപ്ത് രജീന്ദർ ബജ്വ, റാണ ഗുർമിത് സിങ് സോധി എം.എൽ.എ, മനീഷ് തിവാരി എം.പി എന്നിവർ ലളിതമായി നടന്ന വിവാഹത്തിൽ പങ്കെടുത്തു.
തന്നോട് ആലോചിക്കാതെ ചന്നി അഡ്വക്കറ്റ് ജനറലിനെയും (എ.ജി) ഡി.ജി.പിയെയും നിയമിച്ചുവെന്ന് കാണിച്ചാണ് സിധു അടുത്തിടെ പി.സി.സി അധ്യക്ഷ സ്ഥാനം രാജിവെച്ചത്. ഇരുവരെയും നീക്കണമെന്നായിരുന്നു സിധുവിന്‍റെ ആവശ്യം. എന്നാൽ രാജി ഇതുവരെ സ്വീകരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.